പെരുമാൾ മുരുകൻ
ദമ്മാം: വികസനങ്ങളുടെ മഹാഗോപുരങ്ങൾക്കപ്പുറത്ത് എല്ലാ മനുഷ്യർക്കും നീതി ലഭിക്കുന്ന സാമൂഹിക പശ്ചാത്തലമാണ് എന്റെ രാഷ്ട്രീയവും എഴുത്തും തേടിക്കൊണ്ടിരിക്കുന്നതെന്ന് പ്രശസ്ത നോവലിസ്റ്റ് പെരുമാൾ മുരുകൻ. അധികാര രാഷ്ട്രീയം പലപ്പോഴും പുറത്തുനിർത്തിയ ആർക്കും വേണ്ടാത്ത മനുഷ്യരെക്കുറിച്ചാണ് താൻ അധികം എഴുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി മലയാളി സമാജം ദമ്മാമിൽ സംഘടിപ്പിച്ച ‘സൗദി മലയാളി ലിറ്റററി ഫെസ്റ്റി’ൽ പങ്കെടുക്കാനെത്തിയപ്പോൾ ‘ഗൾഫ് മാധ്യമ’ത്തിന് അനുവദിച്ച് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന ജനവിഭാഗങ്ങളെ മറക്കുന്നവർക്ക് തമിഴ്നാട്ടിൽ വേരുപിടിക്കാനാകില്ല. ദ്രാവിഡ ചിന്തകൾ അത്രയേറെ ആഴത്തിലാണ് അവിടെ വേരോടിയിട്ടുള്ളത്. രണ്ടായിരത്തിലധികം ജാതികളും ഉപജാതികളുമുള്ള മണ്ണാണിത്. അവർക്കിടയിലാണ് ഞാൻ വളർന്നത്. അവരുടെ നോവ് കണ്ടാണ് ഞാൻ വളർന്നത്.
തമിഴ്നാട്ടിലെ ‘നാമക്കൽ’ ഗ്രാമത്തിൽ അക്ഷരമറിയാത്തവരുടെ കുടുംബത്തിൽനിന്ന്, അക്ഷരത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാത്ത സമൂഹത്തിൽ നിന്നുമാണ് ഞാൻ എഴുത്തുകാരനായത്. നാല് കിലോമീറ്റർ അകലെയുള്ള സ്കൂളിൽ നടന്നുപോയാണ് പഠിച്ചത്. അപ്പൻ ഒരു സിനിമാക്കൊട്ടകയിൽ സോഡ കച്ചവടം ചെയ്യുന്ന ആളായിരുന്നു. പഠിത്തം കഴിഞ്ഞ് അച്ചനെ സഹായിക്കാൻ കടയിൽ പോകും.
തിയറ്ററിൽ ടിക്കറ്റ് വിതരണക്കാരനായും കോഴിഫാമിൽ ജോലിക്കാരനായും ആടുമാടുകളെ നോക്കുന്ന ആളായുമൊക്കെ പല വേഷങ്ങൾ കെട്ടിയിട്ടുണ്ട്. അച്ഛന്റെ ജീവിതം പറയുന്ന കഥയാണ് ‘ശക്തിവേൽ’ എന്ന നോവൽ. കോളജ് പ്രഫസറായിട്ട് ചെന്നപ്പോഴും ഞാൻ കണ്ടത് ഓരോ കുടുംബത്തിൽനിന്നും ആദ്യമായി പഠിച്ച് വരുന്നവരെയാണ്. അവരൊക്കെ ജീവിക്കാൻ പെടാപ്പാടുപെടുന്നവരായിരുന്നു. അതുകൊണ്ടാണ് എന്റെ കഥകളിൽ അത്തരം ആളുകളുടെ ജീവിതം നിറഞ്ഞത്. ഞാൻ കാണാത്തതും അനുഭവിക്കാത്തതും ഞാൻ എഴുതിയിട്ടില്ല.
എഴുത്താണ് എനിക്ക് ജീവിതം തന്നത്. 25ലധികം പുസ്തകങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സത്യത്തിൽ അതിന്റെ റോയൽറ്റിയാണ് എന്റെ പ്രധാന വരുമാനം. തമിഴ്നാടിനേക്കാൾ എന്നെ സ്വീകരിച്ചതും ആഘോഷിച്ചതും മലയാളമാണ്. അത്രയേറെപ്പേരാണ് എന്റെ പുസ്തകം വായിച്ചത്. ഞാനെഴുതിയത് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചിലർ വന്നപ്പോൾ പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചു എന്ന് ഞാൻ പോസ്റ്റിട്ടു.
നാടുവിട്ട് ജീവിക്കേണ്ടിവന്നു. കൾബുർഗിയും ഗൗരിലങ്കേഷുമൊക്കെ കൊല്ലപ്പെട്ട സമയം കൂടിയാണത്. എന്നെപ്പോലെ ദുർബലനായ ഒരു എഴുത്തുകാരന് മറ്റെന്ത് ചെയ്യാനാകുമായിരുന്നു? കോടതി എന്നെ പുനർജ്ജീവിപ്പിക്കുന്നതുവരെ രണ്ട് വർഷം ഞാൻ ഒന്നും എഴുതിയില്ല. പെരുമാൾ മുരുകനെ അതോടെ ലോകം ഏറ്റെടുത്തു. ബുക്കർ പ്രൈസിന്റെ അവസാന ലിസ്റ്റിൽ വരെ എന്റെ കൃതികൾ ഇടംപിടിച്ചു. മൂന്ന് നോവലുകൾ സിനിമയായി. അക്ഷരങ്ങൾ പ്രകാശമാണ്. അത് എന്താണെന്ന് തിരിയാത്ത ഒരിടത്തിൽനിന്ന് എനിക്ക് അക്ഷരവെളിച്ചം ലഭിച്ചു എന്നതാണ് എന്റെ സൗഭാഗ്യം. അപ്പോഴും വന്നവഴികൾ എനിക്ക് മറക്കാനാവില്ല. അതാണ് വിശപ്പിനെക്കുറിച്ചും മാറ്റിനിർത്തപ്പെടുന്നവരെക്കുറിച്ചും ഞാൻ എഴുതിക്കൊണ്ടേയിരിക്കുന്നത് -അദ്ദേഹം പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.