റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ആയുധം കാട്ടി കവർച്ചയും കൊലപാതകവും നടത്തിയ രണ്ട് പ്രതികളുടെ വധശിക്ഷ ശനിയാഴ്ച നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോയൽ കോർട്ടിെൻറ ഉത്തരവ് പ്രകാരമാണ് ശരിഅത്ത് നിയമമനുസരിച്ചുള്ള ശിക്ഷ നടപ്പാക്കിയത്. സൗദി പൗരനായ സെയ്ദ് ബിൻ അലി ബിൻ ഹമദ് അൽ മർറി, കുവൈത്ത് പൗരനായ അഹമ്മദ് ജബാറ ഖുറൈഅ് മുഹമ്മദ് അൽ മർറി എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
തോക്കുകൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്ന ക്രിമിനൽ സംഘം രൂപവത്കരിച്ചതായിരുന്നു ഇവർക്കെതിരെയുള്ള പ്രധാന കുറ്റം. ഈ സംഘത്തിലെ അഹമ്മദ് ജബാറ, പാകിസ്താൻ സ്വദേശിയായ സയീദ് കരീം മുഹമ്മദ് റാസിനെ വെടിവെച്ചു കൊലപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ പിടികൂടുകയും കുറ്റം തെളിയുകയും ചെയ്തു. സ്പെഷ്യലൈസ്ഡ് കോടതി പുറപ്പെടുവിച്ച വധശിക്ഷ വിധി, അപ്പീൽ കോടതിയും പിന്നീട് സുപ്രീം കോടതിയും ശരിവെച്ചു. തുടർന്നാണ് വധശിക്ഷ നടപ്പാക്കിക്കൊണ്ടുള്ള രാജകീയ ഉത്തരവ് പുറത്തിറങ്ങിയത്.
രാജ്യത്തെ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനും നീതി നടപ്പാക്കുന്നതിനും സൗദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്നവർക്കും നിരപരാധികളുടെ രക്തം ചിന്തുന്നവർക്കും ഇസ്ലാമിക നിയമപ്രകാരമുള്ള കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമവാഴ്ച ഉറപ്പാക്കുന്നതിലൂടെ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.