മക്ക: ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി മക്ക, മദീന എന്നിവിടങ്ങളിലും പ്രധാന പാതകളിലും പരിശോധനകൾ ഊർജിതമാക്കി സൗദി വാണിജ്യ മന്ത്രാലയം. തീർഥാടകർക്ക് ആവശ്യമായ ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിപണിയിലെ സുതാര്യത നിലനിർത്തുന്നതിനുമായി മന്ത്രാലയം നടപ്പാക്കുന്ന പ്രത്യേക മുൻകരുതൽ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. മക്ക, മദീന, ഇരുഹറമുകളെ ബന്ധിപ്പിക്കുന്ന ഹിജ്റ റോഡ് എന്നിവിടങ്ങളിലായി ഇതിനകം 33,000 പരിശോധനാ സന്ദർശനങ്ങൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. വിപണികൾ തീർഥാടകരെ സ്വീകരിക്കാൻ പൂർണ സജ്ജമാണെന്നും അവശ്യവസ്തുക്കൾക്കും അവയുടെ പകരക്കാർക്കും വിപണിയിൽ ക്ഷാമമില്ലെന്നും അധികൃതർ വ്യക്തമാക്കി.
വാണിജ്യ സ്ഥാപനങ്ങൾ, വൻകിട റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, സെൻട്രൽ മാർക്കറ്റുകൾ, ജ്വല്ലറികൾ, കാർ സർവീസ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധനകൾ നടന്നത്. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോക്തൃ ഉൽപന്നങ്ങളുടെയും ലഭ്യതക്കൊപ്പം, വിലവിവരപ്പട്ടികയിലെ സുതാര്യതയും മന്ത്രാലയം നേരിട്ട് വിലയിരുത്തി. സ്ഥാപനങ്ങൾ നൽകുന്ന ഡിസ്കൗണ്ടുകൾ, പ്രമോഷനൽ ഓഫറുകൾ എന്നിവയുടെ ആധികാരികതയും ഉദ്യോഗസ്ഥർ പരിശോധിച്ചു.
തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി നിലവിലുള്ള ചട്ടങ്ങളും നിർദേശങ്ങളും എല്ലാ സ്ഥാപനങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും, വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും തീർഥാടകരുടെ ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.