അബ്ഹ: അസീർ മേഖലയിലെ ഗതാഗത-അടിസ്ഥാന സൗകര്യ വികസനത്തിന് വൻ കുതിപ്പേകുന്ന ‘മർഹബൻ അൽഫ്’ പാലം ഔദ്യോഗികമായി തുറന്നുനൽകി. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ അസീർ റീജ്യൻ ഡെവലപ്‌മെൻറ് അതോറിറ്റി പ്രസിഡൻറ് അമീർ തുർക്കി ബിൻ തലാൽ ആണ് അബ്ഹ വിമാനത്താവള ക്ലസ്റ്റർ പദ്ധതിയുടെ ഭാഗമായുള്ള ഈ പാലത്തിെൻറ ഉദ്ഘാടനം നിർവഹിച്ചത്.
പുതിയ പാലം യാഥാർത്ഥ്യമായതോടെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കുക, നഗരത്തിലെ പ്രധാന പാതകളിലെ തിരക്ക് ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്.
ഏകദേശം 600 മീറ്റർ നീളവും 28 മീറ്റർ വീതിയുമുള്ള പാലത്തിെൻറ നിർമാണം രണ്ടര വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ‘മർഹബൻ അൽഫ്’ റോഡ് വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർമാണമാണിത്. രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി ആകെ 260 ദശലക്ഷം സൗദി റിയാലാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ, പാലത്തിെൻറ മാത്രം നിർമാണച്ചെലവ് അധികൃതർ പ്രത്യേകം വെളിപ്പെടുത്തിയിട്ടില്ല.
21 കിലോമീറ്റർ ദൈർഘ്യമുള്ള ‘മർഹബൻ അൽഫ്’ റോഡ്, അബ്ഹ നഗരത്തെയും ഖമീസ് മുശൈത്തിനെയും പുതിയ അബ്ഹ അന്താരാഷ്ട്ര വിമാനത്താവള മേഖലയുമായി അതിവേഗം ബന്ധിപ്പിക്കുന്നതാണ്. ഈ പാത പൂർണ്ണ സജ്ജമാകുന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയുമെന്ന് മാത്രമല്ല, അമീർ സുൽത്താൻ റോഡ് (തരീഖ് മിയ) ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നും അധികൃതർ വിലയിരുത്തുന്നു.
കേവലം ഒരു ഗതാഗത പാത എന്നതിനപ്പുറം വലിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സുരക്ഷിതമായ നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, ഹരിതവൽക്കരണ പദ്ധതികൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയും ഈ വികസന പദ്ധതിയുടെ ഭാഗമാണ്. അബ്ഹ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ‘മർഹബൻ അൽഫ്’ പദ്ധതി, അസീറിലെ വിനോദസഞ്ചാര, വാണിജ്യ, നിക്ഷേപ മേഖലകൾക്ക് വലിയ രീതിയിൽ ഉണർവ് പകരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.