ദമ്മാം: മഴവില്ലിന്റെ ഏഴ് നിറങ്ങൾ ചാലിച്ച് ലയിച്ചൊഴുകുന്ന സംഗീത നദി പോലെ ആ നാദ ധാര ദമ്മാമിന്റെ ഹൃദയത്തിലേക്ക് ഒഴുകി വീണു. തങ്ങളുടെ ജീവിതതിന്റെ ഓരോ കാലഘട്ടങ്ങളിലും ആ ഗായകൻ സമ്മാനിച്ച ഗാനങ്ങൾ വീണ്ടും അതേ സ്വരശ്രുതിയിൽ കേട്ടതോടെ കാണികൾ അവരുടെ ബാല്ല്യ കൗമാര, യൗവ്വന കാലത്തെ ഓർമ്മകളിൽ പിടഞ്ഞുണർന്നു. നാല് പതിറ്റാണ്ടിലധികമായി മലയാളിയുടെ ഹൃദയ താളംപേലെ പാടിക്കൊണ്ടിരിക്കുന്ന എം.ജി ശ്രീകുമാർഎന്ന അനുഗ്രഹീത ഗായകന്റെ ഗാനസപര്യയുടെ ആഘോഷ വേദി കൂടിയായിരുന്നു ദമ്മാമിൽ കഴിഞ്ഞ ദിവസം 'ഗൾഫ് മാധ്യമം' ഒരുക്കിയ 'ഹാർമോണിയസ് കേരള' മെഗാ ഇവന്റ്.
മലയാളത്തിൻറ പ്രിയപ്പെട്ട മെഗാസ്റ്ററുകൾ മമ്മൂട്ടിയേയും, മോഹൻലാലിനേയും പോലെ മലയാള ഗാനമേഖലയിലെ രണ്ട് സൂപ്പർ സ്റ്റാറുകളാണ് യേശുദാസും എം.ജിശ്രീകുമാറും എന്ന അവതാരകൻ മിഥുൻ രമേശിന്റെ വിശേഷണം അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് നിറഞ്ഞ കരഘോഷത്തോടെ സദസ്സ് ശരിവെച്ചു. കാലം മാറിയാലും, തലമുറകൾ മാറിയാലും, എം.ജി ശ്രീകുമാറിന്റെ ശബ്ദം മലയാളിയുടെ ഹൃദയത്തിൽ ഒരിക്കലും ഒളിമങ്ങാതെ നിൽക്കുന്നു എന്നതായിരുന്നു അദ്ദേഹം പാടിയ ഓരോ പാട്ടുകളും തെളിയിച്ചത്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഗൃഹാതുരതയുടെ പൊലിമ മായാതെ കാണികൾ അത് ആസ്വദിക്കുകയായിരുന്നു. “അദ്ദേഹം ഒരു ഗായകൻ മാത്രമല്ല; മലയാളിയുടെ വികാരഭാഷ കൂടിയാണന്ന് ഓരോ പാട്ടിലും അദ്ദേഹം തെളിയിച്ചുകൊണ്ടിരുന്നു.
എം.ജിയുടെ ഗാനവഴിയെക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചതേടെ സദസ്സ് കയ്യടിയാലും ആർപ്പു വിളിയാലും ഇളകി മറിഞ്ഞു. ഇരുട്ടു പരന്ന വേദിയിൽ നിന്ന് കർണ്ണാടിക് സ്വരം പാടി പതിയെ തെളിഞ്ഞ വെളിച്ചത്തിലേക്ക് എത്തിയ എം.ജിയെ ദമ്മാം ആവേശപൂർവ്വം സ്വീകരിച്ചു. 'നിറഞ്ഞു കവിഞ്ഞ ഈ സദസ്സിൽ ഞാൻ പരമാവധി പാട്ടുകൾ പാടിയേ മടങ്ങൂ' എന്ന അദ്ദേഹത്തിൻറ ഉറപ്പ് സദസ്സിന് സമാധാനം പകർന്നു. 84 ൽ 'കൂലി' എന്ന രവീന്ദ്രന്റെ സിനിമയിൽ പാടിത്തുടങ്ങിയ എം. ജി മലയാളത്തിന് സമ്മാനിച്ച സൂപ്പർ ഹിറ്റുകൾ നിരവധിയാണ്. മെലഡികളും, ക്ളാസ്സിക്കൽ സംഗീതവും, യുവതയടെ നെഞ്ചിടിപ്പേറ്റിയ അതിദ്രുത പാട്ടുകളും ഒരുപേലെ വഴങ്ങുന്ന ഗായകനായ എം.ജിയെ എല്ലാ തരത്തിലുള്ള പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു. ‘സ്വാമി നാഥ പരിപാലയ സുമ’ എന്ന കർണ്ണാടിക് പദം പാടി തുടങ്ങിയ എം.ജിക്കൊപ്പം പിന്നണിയിൽ നിന്ന് തകിൽ വായിച്ച് മുരളിയും, തബലയുമായി ആരോമലും, ഹരിയുടെ റിഥം പാടും ഒന്നു ചേർന്നതോടെ സദസ്സ് ഇതുരെ അനുഭവിക്കാത്ത നിർവൃതിയിലലിഞ്ഞു. തൊട്ടുപിറകെ എം.ജിയുടെ എക്കാലത്തേയും ഹിറ്റ് 'പൊൻ വീണേ...' എന്ന ഗാനം കൂടിയാതേടെ സദസ്സ് തങ്ങളുടെ ഹൃദയഗായകനെ ഇഷ്ടം കൊണ്ട് മൂടി. യോദ്ധയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് 'പടകാളി....' എന്ന പാട്ട് സദസ്സിനെ ആവേശ കൊടുമുടിയിലെത്തിച്ചു. ഒരോ കാലഘട്ടത്തിലേയും സൂപ്പർ ഹിറ്റുകളിലുടെയായിരുന്നു ആ സംഗീത യാത്ര. ദമ്മാമിന് സമർപ്പിച്ചു കൊണ്ട് തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'കള്ളിപൂങ്കുയിലേ..' എന്ന ഗാനം പാടി അവസാനിപ്പിക്കുമ്പോൾ സദസ്സ് ആ അനുഗ്രഹീത ഗായകന് മനസ്സ് കൊണ്ട് നന്മകൾ നേരുകയായിരുന്നു.
പാട്ടിനൊപ്പം, ചെറു തമാശകളും, സദസ്സിൻറ ചോദ്യങ്ങൾക്കുള്ള രസകരമായ മറുപടികളും, സഹപ്രവർത്തകരെക്കുറിച്ചുള്ള നിർദ്ദോശ തമാശകളുമൊക്കെയായി അദ്ദേഹം സ്റ്റേജിലെ നിമിഷങ്ങളെ കൂടുതൽ സജീവമാക്കി. ചൈനയിലെ വൻ മതിലിന് മുകളിൽ ആദ്യമായി ഗാനമേള നടത്തിയ കഥ തമാശയായി അവതരിപ്പിച്ച് അദ്ദേഹം കാണികളെ ചിരിപ്പിച്ചു. ഒരു വർഷം കൂടി പൊഴിഞ്ഞു വീഴാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വെറുപ്പൊഴിഞ്ഞ മനസ്സുകളിൽ സ്നേഹ നിലാവുദിക്കുന്ന, സമാധാനവും, സന്തോഷവും നിറയുന്ന ഒരു പുതുവർഷം ഉണ്ടാകട്ടെ എന്നദ്ദേഹം ആശംസിച്ചു. അർദ്ധരാത്രിയിൽ 'വേൽമുരുകാ...' എന്ന ഗാനം ആടിത്തിമിർത്ത സദസ്സിന് മുന്നിൽ പാടിയവസാനിക്കുമ്പോൾ ഈ സ്വരനാദ ധാര ഒരിക്കലും അവസാനിക്കരുതേ എന്ന പ്രാർത്ഥനയോടെ സദസ്സ് പിന്നെയും കാത്തിരിക്കുകയായിരുന്നു.
വേദിയിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി സിദ്ദീഖ് റോഷൻ
സിദ്ദീഖ് റോഷൻ 'ഹാർമോണിയസ് കേരള' വേദിയിൽ
ശിഹാബ് മങ്ങാടൻ
ദമ്മാം: ദമ്മാം ഗ്രീൻ സ്പോർട്സ് സ്റ്റേഡിയത്തിൽ സമാപിച്ച ഗൾഫ് മാധ്യമം 'ഹാർമോണിയസ് കേരള സീസൺ രണ്ട്' മഹാമേളയിൽ ചിരി മഴപെയ്യിച്ച് മിമിക്രി താരം സിദ്ദീഖ് റോഷൻ. സംഗീതവും നൃത്തവും നിറഞ്ഞാടിയ വേദിയിൽ ശബ്ദവിസ്മയങ്ങളുടെ വേറിട്ടൊരു അനുഭവമാണ് സിദ്ദീഖ് റോഷൻ കടൽ പോലെ ആർത്തിരമ്പിയ കാണികൾക്കായി സമ്മാനിച്ചത്. വിവിധ സിനിമകളിലെ രംഗങ്ങൾക്ക് തൽസമയം ശബ്ദം നൽകി അദ്ദേഹം അവതരിപ്പിച്ച 'സ്പോട്ട് ഡബ്ബിംഗ്' സദസ്സിനെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു. വെള്ളിത്തിരയിലെ രംഗങ്ങൾ സ്ക്രീനിൽ മിന്നിമറഞ്ഞപ്പോൾ, ഏറെ കൃത്യതയോടെ തനതായ വികാരങ്ങൾ ഉൾകൊണ്ട് ശബ്ദം നൽകിയ സിദ്ദീഖ് റോഷന്റെ പ്രകടനത്തിന് കാണികൾ വമ്പിച്ച പ്രോത്സാഹനമാണ് നൽകിയത്.
മോഹൻലാൽ നായകനായ 'തുടരും' സിനിമയിൽ എം.ജി ശ്രീകുമാർ ആലപിച്ച 'കണ്മണിപ്പൂവേ കണ്ണാടിപ്പൂവേ' എന്ന ഗാനം മലയാള സിനിമയിലെ പ്രിയ താരങ്ങളായ ജനാർദ്ദനൻ, ലാലു അലക്സ്, മോഹൻലാൽ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, വിനയ് ഫോർട്ട് തുടങ്ങിയവരുടെ ശബ്ദത്തിൽ അദ്ദേഹം പാടിയപ്പോൾ സദസ്സ് ഒന്നാകെ ആവേശത്തോടെയാണ് അത് ഏറ്റെടുത്തത്. നടന്മാരുടെ ശബ്ദവും ഭാവവും അനുകരിച്ചുള്ള അദ്ദേഹത്തിന്റെ ആലാപനം വേറിട്ട അനുഭവമായിരുന്നു.
ബോളിവുഡ് ഗായകൻ ഉദിത് നാരായണന്റെ ശബ്ദത്തിൽ കിരീടം സിനിമയിലെ എം.ജി ശ്രീകുമാർ ആലപിച്ച 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി...' എന്ന ഗാനം സിദ്ദീഖ് റോഷൻ പാടിയപ്പോൾ നിലക്കാത്ത കരഘോഷങ്ങളോടെയാണ് ജനം ഏറ്റെടുത്തത്. എം.ജി ശ്രീകുമാറും അർജുൻ അശോകനും പാർവതി തിരുവൊത്തും അടങ്ങുന്ന വൻ താരനിര അണിനിരന്ന മഹാമേളയിൽ സിദ്ദീഖ് റോഷൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.
ജൂനിയർ വിഭാഗത്തിൽ ഐറിസ് എൽമ ലിജുവിനും സീനിയർ വിഭാഗത്തിൽ രതീഷ് കുമാറിനും ഒന്നാം സ്ഥാനം
സാബു മേലതിൽ
ദമ്മാം: 'ഹാർമോണിയസ് കേരള' സംഗീത സന്ധ്യയുടെ ഭാഗമായി 'ഗൾഫ് മാധ്യമം' സൗദിയിലെ മലയാളികൾക്കായി നടത്തിയ 'പാടൂ... നാടറിയട്ടെ; സിങ് ആൻഡ് വിൻ' ഗാനമത്സരത്തിലെ വിജയികൾക്ക് എം.ജി ശ്രീകുമാർ സമ്മാനങ്ങൾ കൈമാറി.
എം.ജിയുടെ പാട്ടുകൾ മാത്രം ഉൾപ്പെടുത്തി കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിലെ വിജയികൾക്കാണ് ദമ്മാം റാഖ സ്പോർട്സ് സിറ്റി ഗ്രീൻ ഹാളിൽ ഒരുക്കിയ പ്രൗഢ ഗംഭീര ചടങ്ങിൽ എം.ജിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങാൻ അവസരം ലഭിച്ചത്.
ജൂനിയർ വിഭാഗത്തിൽ ഐറിസ് എൽമ ലിജു ഒന്നും, നിഹാൽ വിജിത് രണ്ടും, നിരഞ്ജന അജീഷ് മൂന്നും സ്ഥാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ രതീഷ് കുമാർ ഒന്നും, പ്രേംജി കെ. ഭാസി രണ്ടും, അനിൽകുമാർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമ്മാനങ്ങൾ ഏറ്റുവാങ്ങാൻ എത്തിയ വിജയികൾക്ക് വേദിയിൽ പാടാനുള്ള അവസരവും എം.ജി ശ്രീകുമാർ ഒരുക്കി. 'ഹാർമോണിയസ് കേരള' പരിപാടി അരങ്ങേറുന്നതിനിടെയാണ് വിജയികളുടെ പ്രഖ്യാപനം നടന്നത്. ആദ്യം വേദിയിലെത്തിയ ഐറിസിനെ നേരത്തെ പരിചയമുണ്ടായിരുന്ന എം.ജി അവളുടെ ശബ്ദത്തിന്റെ മാസ്മരികതയെ പറ്റി പറഞ്ഞു. പിന്നീട് ഏത് പാട്ടാണ് പാടുന്നത് എന്ന് തിരക്കി. 'നിലാവിന്റെ നീല ഭസ്മക്കുറി അണിഞ്ഞവളെ' പാടാം എന്ന് പറഞ്ഞപ്പോൾ 'കുറച്ചു കടുപ്പം അല്ലെ' എന്നായി എം.ജി. തുടർന്ന് ഐറിസിന്റെ ആഗ്രഹ പ്രകാരം ആ പാട്ട് തന്നെ പാടിക്കുകയായിരുന്നു. രണ്ടാം സ്ഥാനം ലഭിച്ച നിഹാൽ 'പൂവായി വിരിഞ്ഞു എന്ന ഗാനം' ആലപിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഈ പാട്ട് പാടാൻ ആദ്യം സ്റ്റുഡിയോയിൽ ചെന്നപ്പോൾ സംഗീതജ്ഞൻ ഇളയരാജയുമായി ഉണ്ടായ അനുഭവം എം.ജി വിവരിച്ചത് പ്രേക്ഷകരിൽ ചിരി പടർത്തി. തുടർന്ന് സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച രതീഷ് കുമാർ 'ഒരു കാതിലോല ഞാൻ കണ്ടീല' എന്ന ഗാനം ആലപിച്ചു. മൂവരുടെയും ഗാനങ്ങൾ സദസ്സ് നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു.
മൂന്നു ഘട്ടങ്ങളിൽ ആയി നടന്ന മത്സരത്തിൽ ആദ്യ ഘട്ടത്തിൽ നൂറു കണക്കിന് മത്സരാർഥികൾ പങ്കെടുത്തു. അവരിൽ നിന്നും ഓരോ വിഭാഗത്തിൽ നിന്നും 10 പേരെയും ആ 10 പേരിൽ നിന്നും അഞ്ച് പേരെ വീതവും തിരഞ്ഞെടുക്കുകയായിരുന്നു. ഫൈനലിൽ എത്തിയ സീനിയർ, ജൂനിയർ വിഭാഗങ്ങളായി അഞ്ച് പേർ വീതം ജഡ്ജസിന്റെ മുന്നിൽ നേരിട്ട് പാടിയാണ് അവസാന വിജയികളെ കണ്ടെത്തിയത്. മത്സരങ്ങളെല്ലാം കടുപ്പമേറിയത് ആയിരുന്നെന്നും വിജയികളെ കണ്ടെത്താൻ പ്രയാസമായിരുന്നുവെന്നും വിധികർത്താക്കൾ ആയിരുന്ന സംഗീത അധ്യാപിക ദിവ്യ, ഗായകരായ അബ്ദുൽ റൗഫ് ചാവക്കാട്, ജസീർ കണ്ണൂർ എന്നിവർ പറഞ്ഞു.
റിയാദിൽ ജോലിചെയ്യുന്ന സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച രതീഷ് കുമാർ പത്തനംതിട്ട തിരുവല്ല സ്വദേശികളായ രവീന്ദ്രനാഥൻ, സുധാദേവി ദമ്പതികളുടെ മകനാണ്. രണ്ടാം സ്ഥാനം കിട്ടിയ പ്രേം ജി കെ. ഭാസി കോട്ടയം ജില്ലയിലെ ഇത്തിത്താനം സ്വദേശിയും പ്രശസ്ത സംഗീതാചാര്യൻ ഭാസിയുടെ മകനാണ്. ഭാര്യ: പി.എൽ ലെജി, മകൻ: ആദിശങ്കർ ഭാസി. മൂന്നാം സ്ഥാനം ലഭിച്ച അനിൽകുമാർ കോഴിക്കോട് പുതിയപ്പ സ്വദേശിയാണ്. ഭാര്യ: നൈന അനിൽകുമാർ. മകൻ പ്രണവ് സൗദിയിൽ ജോലി ചെയ്യുന്നു. ഇളയ മകൾ അഡ്വ. വൈഷ്ണ യു.കെയിൽ ഉപരിപഠനം നടത്തുന്നു. ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം കിട്ടിയ ഐറിസ് എൽമ ലിജു പത്തനംതിട്ട സ്വദേശിയായ ലിജു ജേക്കബ്, രഞ്ജിനി ദമ്പതികളുടെ മകളാണ്. ദമ്മാം ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ളാസിൽ പഠിക്കുന്നു. ഒരു സഹോദരിയുണ്ട്, ഐറിൻ മറിയം ലിജു. രണ്ടാം സ്ഥാനത്തെത്തിയ നിഹാൽ തലശേരി സ്വദേശി വിജിത് പൊയ്യേരി, ബിജില ദമ്പതികളുടെ മകനാണ്. സഹോദരൻ തന്മയ് വിജിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.