സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും

സൗദിയുടെ ജീവകാരുണ്യ ധനസമാഹരണ കാമ്പയിന് വൻ പ്രതികരണം, മൂന്ന് മണിക്കൂറിനുള്ളിൽ നൂറ് കോടി റിയാൽ

റിയാദ്: റമദാൻ പ്രമാണിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സൗദി അറേബ്യ ‘ഇഹ്സാൻ’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആരംഭിച്ച നാലാമത് ദേശീയ ധനസമാഹരണ കാമ്പയിന് പൊതുജനങ്ങളിൽനിന്ന് മികച്ച പ്രതികരണം. സൽമാൻ രാജാവ് നാല് കോടി റിയാലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മൂന്ന് കോടി റിയാലും നൽകിയാണ് വെള്ളിയാഴ്ച രാത്രി 10.30ന് കാമ്പയിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ 100 കോടി റിയാലിലേറെയാണ് ഒഴുകിയെത്തിയത്. ദേശീയ എണ്ണ കമ്പനിയായ അരാംകോ 3.5 കോടി റിയാലും റോഷൻ റിയൽ എസ്റ്റേറ്റ് കമ്പനി മൂന്ന് കോടി റിയാലും സംഭാവന ചെയ്തു. ‘ഇഹ്‌സാൻ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി കാമ്പയിനിലേക്ക് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽനിന്നുമാണ് സംഭാവനകൾ സ്വീകരിക്കുന്നത്. റമദാനിലുടനീളം ഇത് തുടരും. ഇഹ്സാൻ ആപ്പ്, വെബ്‌സൈറ്റ്, 8001247000 എന്ന ഏകീകൃത നമ്പർ, നിയുക്ത ബാങ്ക് അക്കൗണ്ടുകൾ എന്നീ വിവിധ മാർഗങ്ങളിലൂടെ പൊതുജനങ്ങൾക്ക് സംഭാവനകൾ നൽകാനാവും.

കാമ്പയിന്‍റെ ആദ്യനിമിഷത്തിൽ ഉദാരമായ സംഭാവന നൽകിയ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ‘ഇഹ്‌സാൻ’ സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി നന്ദി അറിയിച്ചു. ഭരണാധികാരികളുടെ ഉദാരമായ സംഭാവന അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് എല്ലായ്പ്പോഴും രാജ്യത്തെ ജീവകാരുണ്യ പ്രവർത്തന പ്രക്രിയയുടെ വിജയത്തിന് പ്രധാന ഉറവിടവും മുഖ്യ ഘടകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ ജീവകാരുണ്യ പ്രവർത്തന കാമ്പയിെൻറ നാലാം പതിപ്പാണ് ഇത്തവണത്തേത്. മുൻ കാമ്പയിനുകളിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. അതിനെക്കാൾ ഇത്തവണയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. മൂന്നാം പതിപ്പിൽ സമാഹരിക്കാനായത് 760 കോടി റിയാലാണ്. 1.04 കോടി ആളുകൾ നൽകിയ ഈ സംഭാവനകളുടെ പ്രയോജനം 398,000-ലധികം ആളുകൾക്ക് ലഭിച്ചു. കഴിഞ്ഞ വർഷം റമദാൻ 27ന് 24 മണിക്കൂറിനുള്ളിൽ വലിയ തുക സമാഹരിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പ്രതിദിന സംഭാവന എന്ന ഗിന്നസ് റെക്കോർഡിട്ടു.

Tags:    
News Summary - Massive response to Saudi's charity fundraising campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.