റമദാനിലെ ഇരുപത്തിയേഴാം രാവിൽ മസ്ജിദുൽ ഹറാമിലും പരിസരത്തും വിശ്വാസികൾ നിറഞ്ഞുകവിഞ്ഞ നിലയിൽ
മക്ക: പുണ്യറമദാനിലെ ഇരുപത്തിയേഴാം രാവിൽ വിശുദ്ധ കഅ്ബയുടെ മുറ്റത്ത് ഭക്തിയുടെയും സമാധാനത്തിെൻറയും സാന്ദ്രമായ അന്തരീക്ഷം. വിധിനിർണ്ണായക രാവായ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ചും പുണ്യം തേടിയും ലക്ഷക്കണക്കിന് തീർത്ഥാടകരും വിശ്വാസികളുമാണ് വിശുദ്ധ മസ്ജിദുൽ ഹറാമിലേക്ക് ഒഴുകിയെത്തിയത്.
വിശുദ്ധ ഗേഹത്തിൽ ഇശാഅ്, തറാവീഹ് നമസ്കാരങ്ങൾ നിർവഹിക്കാനായി നേരത്തെ തന്നെ വിശ്വാസികൾ മസ്ജിദുൽ ഹറാമിെൻറ അകത്തളങ്ങളിലും മുറ്റങ്ങളിലും നിറഞ്ഞുകവിഞ്ഞു. മുസ്‍ലിം ഉമ്മത്തിെൻറ ഐക്യവും ആത്മീയതയും വിളിച്ചോതുന്ന അത്യന്തം ഗാംഭീര്യമുള്ള കാഴ്ചയായിരുന്നു മക്കയിൽ ദൃശ്യമായത്. വിശ്വാസികൾ അച്ചടക്കത്തോടെ നമസ്കാരത്തിൽ അണിനിരന്നപ്പോൾ, ഉംറ തീർത്ഥാടകർ തവാഫും സഅ്‌യിയും തടസ്സങ്ങളില്ലാതെ പൂർത്തിയാക്കി.
തിരക്കേറിയ സമയങ്ങൾ കണക്കിലെടുത്ത് വിപുലമായ പ്രവർത്തന പദ്ധതിയാണ് മസ്ജിദുൽ ഹറാം - മസ്ജിദുന്നബവി കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റി നടപ്പിലാക്കിയിരിക്കുന്നത്. ഹറമിലെ മുഴുവൻ സൗകര്യങ്ങളും പൂർണ്ണ ശേഷിയിൽ ഉപയോഗപ്പെടുത്തിയും വിദഗ്ധരായ ജീവനക്കാരെ വിന്യസിച്ചുമാണ് തീർത്ഥാടകരെ സ്വീകരിക്കുന്നത്. മറ്റു സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അതോറിറ്റി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
റമദാനിലെ ഇരുപത്തിയേഴാം രാവിൽ മസ്ജിദുൽ ഹറാമിലും പരിസരത്തും വിശ്വാസികൾ നിറഞ്ഞുകവിഞ്ഞ നിലയിൽ
തീർഥാടകരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഈ സീസണിൽ വൈവിധ്യമാർന്ന നിരവധി പുതിയ പദ്ധതികൾക്കും അതോറിറ്റി തുടക്കം കുറിച്ചു. സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, സുരക്ഷ ഉറപ്പാക്കുക, നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഹറം കാര്യങ്ങൾ നിയന്ത്രിക്കുക എന്നിവയാണ് ഈ വർഷത്തെ പ്രവർത്തന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.