മനോജ് കാലടിയുടെ ഏകപാത്ര നാടകം ‘രണ്ടാമൂഴ’ത്തിൽനിന്ന്
ജുബൈൽ: ലഹരിവിപത്തിനെതിരെ ജാഗ്രതാബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസി കവിയും കാഥികനുമായ മനോജ് കാലടി അവതരിപ്പിക്കുന്ന ‘രണ്ടാമൂഴം’ എന്ന ഏകപാത്ര നാടകം ജനശ്രദ്ധ നേടുന്നു. ലഹരി മനുഷ്യനെ സങ്കടങ്ങളിലേക്ക് നയിക്കുന്ന യാത്രയെ ഹൃദയസ്പർശിയായാണ് നാടകം അവതരിപ്പിക്കുന്നത്. പ്രവാസികളെ ഏറെ ആകുലപ്പെടുത്തുന്ന ലഹരിയുടെ കുടുംബങ്ങളിലുള്ള സ്വാധീനം യാഥാർഥ്യബോധത്തോടെ വരച്ചുകാട്ടുന്ന ഈ നാടകം സൗദിയിലെ വിവിധ അരങ്ങുകളിൽ ഇതിനകം അരങ്ങേറിക്കഴിഞ്ഞു.
നവോദയ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് നാടകം അരങ്ങിൽ എത്തുന്നത്. മികച്ച അവതരണശൈലിയും പ്രതീകാത്മക ദൃശ്യങ്ങളുമായി മനുഷ്യ ഹൃദയങ്ങളോട് നേരിട്ട് സംവദിക്കുന്ന മനോജിന്റെ ആഖ്യാന ശൈലി ഏറെ വ്യത്യസ്തമാണ്. സംഭാഷണങ്ങളിലും ശബ്ദവ്യന്യാസങ്ങളിലും ഏറെ പുതുമ ഉൾക്കൊള്ളുന്ന വിധത്തിലാണ് ‘രണ്ടാമൂഴം’ ആവിഷ്കരിച്ചിരിക്കുന്നത്. നാടക രചന നിർവഹിച്ചിരിക്കുന്നത് ബാബു പള്ളാശ്ശേരിയും പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് പ്രകാശൻ താനൂരുമാണ്. സാങ്കേതികസഹായം തങ്കു നവോദയ നിർവഹിക്കുന്നു.
സൗദി അറേബ്യയിലും നാട്ടിലുമായി 50-ൽ പരം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുള്ള അറിയപ്പെടുന്ന കാഥികനുമാണ് മനോജ്. അഞ്ചാം ക്ലാസിൽ ചങ്ങാലി പ്രാവിന്റെ കഥ പറഞ്ഞാണ് കഥാപ്രസംഗ വേദിയിലേക്ക് കടന്നുവന്നത്. ഹൈസ്കൂൾ തലത്തിൽ സോളമൻ രാജാവിന്റെ യുക്തിയെ വാഴ്ത്തുന്ന ‘നീതിക്കു വേണ്ടിയെന്ന’ കഥാപ്രസംഗത്തിന് അധ്യാപകരിൽനിന്നും സഹപാഠികളിൽനിന്നും ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.ഒരു ശിവരാത്രി ദിവസം നാട്ടിലെ അമ്പലത്തിൽ ബാലേ നർത്തകരെത്താൻ വൈകിയതിനെ തുടർന്ന് കഥാപ്രസംഗം അവതരിപ്പിക്കാൻ അവസരം ലഭിച്ചതോടെയാണ് മനോജ് ഈ മേഖലയിൽ അറിയപ്പെടാൻ തുടങ്ങിയത്. നിത്യ ജീവിതത്തിൽ നാം കാണുന്ന വസ്തുക്കളെ ആസ്പദമാക്കി ധാരാളം കവിതകളും എഴുതിയിട്ടുണ്ട്. 2023-ൽ ‘ശില പിളർത്തുന്ന വേരുകൾ’ എന്ന പേരിൽ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.
കേരള ആർട്ടിസ്റ്റ് ആൻഡ് റൈറ്റേഴ്സ് വെലോപ്പിള്ളി സ്റ്റേറ്റ് ഫെല്ലോഷിപ്പ്, ആൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ അക്ഷരരത്നാ പുരസ്കാരം, ആശ്രയ കാസർകോട് അക്ഷരദീപം പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ മനോജിനെ തേടിയെത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും സാംസ്കാരികരംഗത്തും ഏറെ സജീവമാണ്. മലപ്പുറം എടപ്പാൾ കാലടി സ്വദേശിയായ മനോജ്, ജുബൈൽ ജിദ്ദ സ്ട്രീറ്റിൽ ‘ഗോൾഡൻ അൽ നസീം കർട്ടൺസ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. വിദ്യയാണ് ഭാര്യ. മകൾ അമേയ വിദ്യാർഥിനിയാണ്. മലപ്പുറം കാലടി സ്വദേശിയാണ് മനോജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.