യാംബു ഇസ്ലാമിക് സെൻററിന് കീഴിൽ സംഘടിപ്പിച്ച ഉംറ സർവീസിലും ഇഫ്താറിലും പങ്കെടുത്തവർ
യാംബു: സൗഹാർദവും സാഹോദര്യവും പങ്കിട്ട് യാംബു ഇസ്ലാമിക് സെൻററിന് (ജാലിയാത്ത്) കീഴിൽ എല്ലാ ദിവസങ്ങളിലും നടക്കുന്ന ഇഫ്താർ സംഗമങ്ങളും സൗജന്യ ഉംറ സർവീസും ശ്രദ്ധേയമാകുന്നു. റമദാൻ ആരംഭിച്ചത് മുതൽ ജാലിയാത്തിന്റെ ആഭിമുഖ്യത്തിൽ യാംബു ടൗൺ ഫിഷ് റൗണ്ട് അബൗട്ടിന് സമീപം വിശാലമായ സ്ഥലത്ത് പ്രത്യേകം ഒരുക്കിയ ഇഫ്താർ ടെൻറിൽ ആയിരത്തോളം പേർക്കാണ് നോമ്പുതുറക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജാലിയാത്ത് മേധാവികളുടെയും ഇസ്ലാമിക പ്രബോധകരുടെയും നേതൃത്വത്തിൽ സന്നദ്ധസേവകരായ വളണ്ടിയർമാരാണ് ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകുന്നത്.
ഇഫ്താറിനോടനുബന്ധിച്ച് വിവിധ ഭാഷകളിൽ റമദാൻ സന്ദേശം നൽകികൊണ്ടുള്ള ചെറുപ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.യാംബുവിലെ സൗജന്യ ഉംറ സർവീസും ഇതിനകം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. പ്രമുഖ കോൺട്രാക്ടിങ് സ്ഥാപനമായ ‘അറാട്കോ’ കമ്പനിയുടെ കീഴിൽ ദിവസവും മൂന്നു ബസുകൾ വീതവും ഇസ്ലാമിക് സെൻററിന്റെ കീഴിൽ രണ്ടു ബസുകൾ വീതവും വിവിധ രീതിയിൽ ഉംറ സർവീസ് നടത്തുന്നുണ്ട്. യാംബുവിലെ കുടുംബങ്ങൾക്കും സാധാരണക്കാരായ തൊഴിലാളികൾക്കും ഏറെ ഉപകാരപ്രദമാണ് ഈ സർവീസ്. തിരക്ക് കണക്കിലെടുത്ത് റമദാൻ 20ന് ശേഷം അറാട്കോ കമ്പനി അഞ്ചു ബസുകൾ വീതം ഉംറ ബസുകൾ ഷെഡ്യൂൾ ചെയ്യുന്നുണ്ട്. മലയാളികളടക്കമുള്ള നൂറു കണക്കിന് ആളുകൾ ഇതിനകം ഈ സൗജന്യ ഉംറ സർവീസ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.