ജാക്കിർ ബാഷയെ കുടുംബം സ്വദേശത്തേക്ക്
കൊണ്ടുപോകുന്നു
റിയാദ്: ഇഖാമ കാലാവധി അവസാനിച്ചതിനെ തുടർന്ന് പൊലീസ് പിടിയിലായി, ശേഷം രോഗബാധിതനായ ആന്ധ്ര സ്വദേശിക്ക് നാടണയാൻ കൈത്താങ്ങായി മലയാളി നഴ്സും ഇന്ത്യൻ എംബസിയും. കഴിഞ്ഞ വർഷം അറസ്റ്റിലായ ആന്ധ്രപ്രദേശ് നാണ്ടിയാൽ സ്വദേശി ജാക്കിർ ബാഷക്ക് (43) ജയിലിൽ പക്ഷാഘാതം ബാധിക്കുകയും തുടർന്ന് ജയിൽ അധികൃതർ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏകദേശം ഒരു വർഷത്തോളമായി ചികിത്സയിൽ കഴിയേണ്ടിവന്നതിൽ ആറു മാസത്തോളം അബോധാവസ്ഥയിലായിരുന്നു ഇദ്ദേഹം. ഈ കാലയളവിൽ അദ്ദേഹത്തിന് തുണയായത് ആശുപത്രിയിലെ നഴ്സുമാരായിരുന്നു.
നിർധനരായ കുടുംബം ജാക്കിർ ബാഷയെ നാട്ടിലെത്തിക്കാനുള്ള സഹായം തേടി ഇന്ത്യൻ എംബസിയെ സമീപിച്ചു. എംബസി ആവശ്യമായ നടപടികൾക്കായി കേളി കലാസാംസ്കാരിക വേദിയുടെ സഹായം അഭ്യർഥിച്ചു. കേളിയുടെ ജീവകാരുണ്യ വിഭാഗം ആശുപത്രിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ, ജാക്കിർ ബാഷ ജയിലിന്റെ ഉത്തരവാദിത്വത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് കണ്ടെത്തി. അതിനാൽ നിയമനടപടികൾ പൂർത്തിയാക്കേണ്ടിവന്നു.
നടപടികളിൽ എംബസിയിലെ ജയിൽവിഭാഗം ഉദ്യോഗസ്ഥൻ സവാദ് യൂസുഫ് കാക്കഞ്ചേരിയും തർഹീൽ വിഭാഗം ഉദ്യോഗസ്ഥൻ ഷറഫുദ്ദീനും കാര്യമായി ഇടപെട്ടു. മെഡിക്കൽ റിപ്പോർട്ട് പ്രകാരം സ്ട്രക്ചർ സൗകര്യത്തോടുകൂടി ഒരു നഴ്സിന്റെ സഹായത്തോടെ മാത്രമേ ജാക്കിർ ബാഷയെ നാട്ടിലെത്തിക്കാനാകൂവെന്ന് വ്യക്തമാവുകയും കേളിയുടെ അഭ്യർഥന മാനിച്ച് റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയും കൊല്ലം ജില്ല കൊളത്തൂപ്പുഴ സ്വദേശിനിയുമായ മോനിഷ സദാശിവം രോഗിയെ അനുഗമിക്കാൻ തയാറാവുകയും ആശുപത്രിയിൽനിന്ന് അവധി എടുത്ത് ഹൈദരാബാദിലെ അദ്ദേഹത്തിന്റെ വീട് വരെ അവർ രോഗിയെ അനുഗമിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ജാക്കിർ ബാഷ സുരക്ഷിതനായി നാട്ടിലെത്തി. യാത്രക്കാവശ്യമായ ടിക്കറ്റും മറ്റു ചിലവുകളും ഇന്ത്യൻ എംബസിയാണ് വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.