ആദ്യം ഉംറയില്‍ മനംനിറഞ്ഞ് മലയാളി ഹാജിമാർ

മക്ക: പുണ്യ ഭൂമിയിൽ എത്തി ആദ്യം ഉംറ നിർവഹിച്ച സായൂജ്യത്തിലാണ് മലയാളി ഹാജിമാർ. ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടനാ വളന്റിയർമാരുമാണ് ഹാജിമാരെ ഉംറ നിർവഹിക്കാനായി ഹറമിലെത്തിച്ചത്. ഇന്ത്യൻ ഹാജിമാർ തങ്ങുന്ന അസീസിയയിൽ നിന്ന് ഹജ്ജ് മിഷൻ ഒരുക്കിയ പ്രത്യേക ബസ്സുകളിൽ ആണ് ഹറമിൽ എത്തിയത്. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകാൻ മനസ്സും ശരീരവും പാകപ്പെടുത്തി പുണ്യഭൂമിയിൽ എത്തിയ മലയാളി തീർഥാടകർ മക്കയും കഅബയും വിശുദ്ധ ഹറമും ആദ്യമായി കണ്ടു ഇരു കൈകൾ മുകളിലേക്ക് ഉയർത്തി പ്രാർഥിച്ചു.

പ്രാർഥനാനിർഭരമായ മനസ്സും നിറകണ്ണുകളുമായി വികാരഭരിതരായി അവർ ദൈവ ഗേഹത്തിന്റെ അങ്കണത്തിൽ ആദ്യ ചുവടുകൾ വച്ചു. യാത്രാക്ഷീണം വകവയ്ക്കാതെ ഇഹ്റാം വസ്ത്രമണിഞ്ഞ് ചുണ്ടിൽ തൽബിയത്ത് വിളികളുമായി കഅബയുടെ ചാരത്തണയുകയായിരുന്നു അവർ. ആദ്യ ഉംറ നിർവഹിച്ചപ്പോൾ ജീവിതം സഫലമായതിന്റെ ആത്മനിർവൃതിയിൽ ആയിരുന്നു ഹാജിമാർ എല്ലാവരും. രാത്രി ഉംറ നിർവഹിച്ച ഹാജിമാർ പുലർച്ചെ വൈകിയാണ് റൂമുകളിൽ തിരിച്ചെത്തിയത്. ആദ്യദിനം പല ഹാജിമാരും വഴിതെറ്റി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വളന്റിയർമാരാണ് അവരെ റൂമുകളിൽ എത്തിച്ചത്. ഹജ്ജ് മിഷൻ ഹറാം ട്രാക്ക് ഫോഴ്സ് വളന്റിയർമാർ പ്രധാന കവാടങ്ങളിൽ സേവനത്തിനുണ്ട്.

മലയാളി സന്നദ്ധ സംഘടന വളന്റിയർമാരും ഹറമിന്റെ പരിസരങ്ങളിലും അസീസിയയിലും സേവനത്തിന് മുഴുസമയവും ഉണ്ട്. തങ്ങളുടെ ജോലിസമയം കഴിഞ്ഞ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണ്. വിവിധ സന്നദ്ധ സംഘടനാ വളന്റിയർമാരും കഞ്ഞിയും മറ്റു ഭക്ഷണങ്ങളും ഹാജിമാർക്ക് വിതരണം ചെയ്യുന്നുണ്ട്. ഇത് ആദ്യമെത്തുന്ന ഹാജിമാർക്ക് ഏറെ ആശ്വാസമാണ്. പല ഹാജിമാരുടെയും ലഗേജുകൾ കാണാതാകുന്നതായും പരാതി ഉയരുന്നുണ്ട്. ആദ്യ ദിവസം മഹറമില്ലാത്ത 10 പേരടക്കം 753 മലയാളി ഹാജിമാരാണ് മക്കയിലെത്തിയിരിക്കുന്നത്. ഹജ്ജിനുശേഷം മലയാളി ഹാജിമാർ ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയാണ് നാട്ടിലേക്ക് മടങ്ങുക. ജൂലൈ 15 മുതൽ മുതലാണ് മലയാളി സംഘങ്ങൾ നാട്ടിലേക്ക് മടങ്ങി തുടങ്ങുക. ഇന്ത്യയിൽ നിന്നും ഇതുവരെ 20010 ഹാജിമാർ സൗദിയിൽ എത്തിയിട്ടുണ്ട്.

Tags:    
News Summary - Malayalee pilgrim First umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.