‘ബഷീർ: എഴുത്തും ജീവിതവും’ പരിപാടിയിൽ ജോസഫ് അതിരുങ്കൽ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, സുബൈദ കോമ്പിൽ, നൈസി സജ്ജാദ്, നിഖില സമീർ, ഷഹനാസ് സാഹിൽ എന്നിവർ സംസാരിക്കുന്നു
റിയാദ്: പറഞ്ഞുതീരാത്ത കഥകളുമായി ബേപ്പൂർ സുൽത്താെൻറ ഓർമകളിലൂടെ ഒരു സായാഹ്നംകൂടി കടന്നുപോയി. മലയാളമുള്ള കാലത്തോളം ബഷീർ വായിക്കപ്പെടുമെന്നും സർഗാത്മകതയുടെ നിലക്കാത്ത പ്രവാഹമാണ് ബഷീർകൃതികളെന്നും റിയാദിൽ ചേതന ലിറ്റററി ഫോറം സംഘടിപ്പിച്ച 'ബഷീർ: എഴുത്തും ജീവിതവും' എന്ന സാഹിത്യ സായാഹ്നം അഭിപ്രായപ്പെട്ടു. പരിപാടിയിൽ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ബഷീറിെൻറ സമ്പൂർണ കൃതികൾ 18 പതിപ്പുകൾ പുറത്തിറങ്ങിയതും അദ്ദേഹത്തെക്കുറിച്ച് നൂറോളം പുസ്തകങ്ങൾ രചിക്കപ്പെട്ടതും ആ പ്രതിഭയുടെ സർഗശേഷിക്കും ജനപ്രിയതക്കുമുള്ള അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു. സൂഫിലാളിത്യത്തിെൻറ ആഴം, ജ്ഞാനിയോടും സാധാരണക്കാരനോടും ഒരേ ഭാഷ, കപടതയില്ലാത്ത രചന എല്ലാം ബഷീറിെൻറ പ്രത്യേകതകളായിരുന്നു. കീഴാളരുടെ, മുറിവേറ്റവരുടെ, പ്രണയ നൈരാശ്യം വന്നവരുടെയെല്ലാം നോവുകൾ പങ്കുവെച്ച് ഒരു ഇതിഹാസമായി മാറുകയായിരുന്നു അദ്ദേഹത്തിെൻറ കഥാപാത്രങ്ങളോരോന്നും.
ബഷീറിയൻ ജീവിതത്തിെൻറ അടരുകളോരോന്നായി പുറത്തെടുത്ത് ഹാഫിസ് മുഹമ്മദ് സംസാരിച്ചു. വൈകാരിക മുഹൂർത്തങ്ങളും ഒടുവിൽ ഒരു കുടുംബമായി മാറിയ ജീവിത യാഥാർഥ്യങ്ങളും അദ്ദേഹം പങ്കുവെച്ചപ്പോൾ പലതും പുതിയ അറിവുകളായി മാറി. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ചർച്ചയിൽ പങ്കെടുത്തു. എല്ലാവരും ഇന്ന് മതിലുകൾക്കുള്ളിലാണെന്നും എങ്ങും നാം നിരീക്ഷിക്കപ്പെടുകയും സ്വാതന്ത്ര്യമെന്നത് പുതുലോകത്തെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യ പ്രവർത്തകരായ സുബൈദ കോമ്പിൽ, നിഖില സമീർ, ഷഹനാസ് സാഹിൽ എന്നിവരും കഥാകാരെൻറ എഴുത്തിെൻറയും ജീവിതത്തിെൻറയും അതിശയിപ്പിക്കുന്ന ജനപ്രിയതയും ദാർശനികതയും പങ്കുവെച്ചു. ഇന്നും ബഷീറിെൻറ നാടും വീടും കാണാൻ വേണ്ടി, കസേരയും മാങ്കോസ്റ്റിൻ മരവും തൊടാൻ വേണ്ടി ജനങ്ങൾ വന്നുകൊണ്ടിരിക്കുന്നത് അദ്ദേഹം എഴുതിയത് കടലാസിലായിരുന്നില്ല, മനുഷ്യരുടെ ഹൃദയത്തിലായിരുന്നുവെന്നതിെൻറ തെളിവാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ചേതന ലിറ്റററി ഫോറം പ്രസിഡൻറ് ഡോ. മുഹമ്മദ് ലബ്ബ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. റസാഖ് മുണ്ടേരി അവതാരകനായിരുന്നു. ചേതന ഭാരവാഹികളായ അഷ്റഫ് കൊടിഞ്ഞി സ്വാഗതവും നൈസി സജ്ജാദ് നന്ദിയും പറഞ്ഞു. കാതറിൻ വേഷമിട്ട് അഷ്റഫ് കൊടിഞ്ഞി രചനയും സംവിധാനവും നിർവഹിച്ച 'മതിലുകൾ' എന്ന ഏകപാത്ര നാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.