ഹനീൻ അബ്ദുസമദ്
റിയാദ്: 10ാം ക്ലാസ് പരീക്ഷാ വിജയത്തിന് ശേഷം പ്ലസ് വണ്ണിലെ ആദ്യ ക്ലാസിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായ പ്രവാസി മലയാളി വിദ്യാർഥി ഹനീൻ അബ്ദുസമദ് (15) ചികിത്സയിലിരിക്കെ മരിച്ചു. റിയാദ് സുലൈമാനിയ്യയിലെ ന്യൂ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ഹനീൻ, ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്.
മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയും കാലിക്കറ്റ് യൂനിവേഴ്സിറ്റി സെക്ഷൻ ഓഫിസറുമായ അഡ്വ. പി.കെ. ഹബീബ് റഹ്മാെൻറയും, റിയാദിലെ അമീറ നൂറ യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലെ അസിസ്റ്റൻറ് പ്രഫസർ ഡോ. കെ. ഷയീെൻറയും മകനാണ്. ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പ്ലസ് വൺ ക്ലാസിെൻറ ആദ്യ ദിനം യൂനിഫോമണിഞ്ഞ് സ്കൂളിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് വീട്ടിൽ വെച്ച് ഹനീൻ കുഴഞ്ഞുവീണത്. ഉടൻ തന്നെ അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനീൻ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
10ാം ക്ലാസ് പരീക്ഷ കഴിഞ്ഞ ശേഷം പിതാവും സഹോദരനും നാട്ടിലേക്ക് മടങ്ങിയപ്പോൾ, ഉമ്മക്കും അനിയത്തിക്കും കൂട്ടായി റിയാദിൽ തന്നെ തുടരാൻ തീരുമാനിച്ച ഹനീൻ കുടുംബത്തിെൻറ വലിയ പ്രതീക്ഷയായിരുന്നു. ഖുർആൻ ഹൃദിസ്ഥമാക്കുന്നതിലും ഫുട്ബാളിലും ഹനീൻ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥി ഹാദി അബ്ദുറഹ്മാൻ, റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഹയാ ഹബീബ് എന്നിവരാണ് സഹോദരങ്ങൾ.
ബുധനാഴ്ച വൈകീട്ട് റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ മൃതദേഹം ഖബറടക്കി. ഇതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിച്ചത് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ വീംബൂർ, സലീം സിയാംകണ്ടം, മുഹമ്മദ് കുട്ടി കുറിയോടം എന്നിവരുടെ നേതൃത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.