റിയാദ്/ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം കൈവരിക്കുന്നതിന് 1967ലെ അതിർത്തികൾ അംഗീകരിച്ചുകൊണ്ടുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്ന് സൗദി അറേബ്യ ആവർത്തിച്ചു വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ-വാസിൽ ആണ് രാജ്യത്തിെൻറ ഈ ഉറച്ച നിലപാട് അന്താരാഷ്ട്ര വേദിയെ അറിയിച്ചത്. മേഖലയിലെ നിലവിലെ സാഹചര്യം അങ്ങേയറ്റം അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയ സൗദി അറേബ്യ, ഫലസ്തീനിലും ലെബനനിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുക, നിർബന്ധിത കുടിയൊഴിപ്പിക്കൽ തടയുക, ഗസ്സയിൽ നിന്ന് സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ സൗദി മുന്നോട്ടുവെച്ചു.
ജെറുസലേമിെൻറ ചരിത്രപരവും നിയമപരവുമായ പദവി മാറ്റാനുള്ള നീക്കങ്ങളെ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള നിയമവിരുദ്ധമായ കുടിയേറ്റ നിർമ്മാണങ്ങൾ സമാധാന ശ്രമങ്ങളെ തകർക്കുന്നതാണെന്നും സൗദി ചൂണ്ടിക്കാട്ടി.
കൂടാതെ, ഇറാൻ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെയും അതുണ്ടാക്കിയ മനുഷ്യപ്പറ്റില്ലാത്ത നാശനഷ്ടങ്ങളെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും നിയമവാഴ്ച ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സൗദി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.