ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘ലേൺ ദ ഖുർആൻ’ പഠനപദ്ധതിയുടെ ഒമ്പതാം ഘട്ടം സിലബസിന്റെ ആദ്യ കോപ്പി നസീർ സ്വലാഹി എടത്തനാട്ടുകരയിൽ നിന്നും മനോജ് മാത്യു സ്വീകരിക്കുന്നു
ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘ലേൺ ദ ഖുർആൻ’ പഠനപദ്ധതിയുടെ ഒമ്പതാം ഘട്ടം ആരംഭിച്ചു. സിലബസ് വിതരണോദ്ഘാടന ചടങ്ങിൽ ഒ.ഐ.സി.സി റീജനൽ കമ്മിറ്റി സെക്രട്ടറി മനോജ് മാത്യു ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ ധിക്കരിക്കുന്നതൊഴികെ ഏത് കാര്യത്തിലും തന്റെ മാതാപിതാക്കളെ അനുസരിക്കണമെന്ന ഖുർആൻ വാക്യം തന്നെ ഏറെ ആകർഷിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതം ഉപയോഗിച്ച് വെറുപ്പുണ്ടാക്കാനാണ് ഇന്ന് പലരും ശ്രമിക്കുന്നത്. എന്നാൽ ഖുർആനിലെ നന്മകൾ മനുഷ്യനന്മക്കായി ഉപയോഗിക്കാൻ നമുക്ക് കഴിയണമെന്നും ഇസ്ലാഹി സെന്ററിന്റെ കീഴിൽ നടക്കുന്ന ഖുർആൻ പഠനങ്ങൾ മാനവിക ഐക്യത്തിന് വേണ്ടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.എം പാലക്കാട് ജില്ലാ വൈസ് പ്രസിഡൻറും യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മണ്ഡലം പ്രസിഡൻറുമായ നസീർ സ്വലാഹി എടത്തനാട്ടുകാര പരിപാടി ഉദ്ഘാടനം ചെയ്തു.
ഖുർആനിലെ ആദ്യ വരികൾ തന്നെ വായിക്കാൻ ഉൽബോധനം നൽകുന്നതാണെന്നും അറിവ് നേടുമ്പോൾ സംസ്കാരം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് വിദ്യാസമ്പന്നരായ പലർക്കും ധാർമിക മൂല്യങ്ങളില്ലാതാകുന്നതും മയക്കുമരുന്നിന് അടക്കം അടിമകളാക്കുന്നതും ഭൗതിക അറിവിന്റെ കൂടെ മതപരമായ അറിവ് കൂടി മനുഷ്യന് അത്യാവശ്യമാണെന്ന് തെളിയിക്കുന്നു.
ഒരു മനുഷ്യനെ സഹായിച്ചാൽ അതിന് പരലോകത്ത് പ്രതിഫലമുണ്ടെന്ന വിശ്വാസത്തോടെ നമ്മൾ രാഷ്ട്രീയ രംഗത്തും പൊതുരംഗത്തുമെല്ലാം സജീവമാകണമെന്നും അദ്ദേഹം ഉണർത്തി. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ‘നിങ്ങൾ അവരെ ഖുർആൻ പഠിപ്പിക്കൂ... ഖുർആൻ അവരെ എല്ലാം പഠിപ്പിക്കും’ എന്ന വിഷയത്തിൽ ബാദുഷ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഷിഹാബ് സലഫി സംസാരിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.