റിയാദ് മൽഹമിൽ സമാപിച്ച ‘ലീപ് 2026’ വിവരസാങ്കേതിക വിദ്യാമേളയിൽനിന്ന്
‘ലീപ് 2026’ വിവരസാങ്കേതിക വിദ്യാമേള സമാപിച്ചു; കൊയ്തത് 1500 കോടി ഡോളറിെൻറ നിക്ഷേപങ്ങളും കരാറുകളും
റിയാദ്: ആശയവിനിമയ വിവരസാങ്കേതിക മന്ത്രാലയം, സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആൻഡ് ഡ്രോൺസ്, തഹാലുഫ്, ഇവൻറ്സ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘പുതിയ ലോകങ്ങളിലേക്ക്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ‘ലീപ് 2026’ വിവരസാങ്കേതിക വിദ്യാ മേളയുടെ അഞ്ചാം പതിപ്പ് വ്യാഴാഴ്ച സമാപിച്ചു.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും ആർട്ടിഫിഷ്യൽ ഇൻറലിജൻസിെൻറയും പ്രമുഖ കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ദൃഢമാക്കുന്ന ആഗോള സാങ്കേതിക-നിക്ഷേപ മുന്നേറ്റത്തിനാണ് ലീപ് 2026 സാക്ഷ്യം വഹിച്ചത്. മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നാല് ദിവസങ്ങളിലായി നടന്ന ലീപ് 2026-ൽ, ഏകദേശം 1,500 കോടി ഡോളർ മൂല്യമുള്ള നിക്ഷേപ, കരാർ പ്രഖ്യാപനങ്ങളാണ് നടന്നത്.
എഐ ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാ സെൻററുകൾ, ക്ലൗഡ് കമ്പ്യൂട്ടിങ്, സാങ്കേതിക നിർമാണം, വെഞ്ച്വർ ക്യാപിറ്റൽ എന്നിവയ്ക്കൊപ്പം ദേശീയ ശേഷി വികസിപ്പിക്കുന്നതിനും തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായും വാഗ്ദാനപ്രദമായ മേഖലകളുമായും അവയെ പൊരുത്തപ്പെടുത്തുന്നതിനുള്ള വിപുലമായ സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഉയർന്ന ശേഷിയുള്ള ഡാറ്റാ സെൻററുകളുടെ നിർമാണവും വിപുലീകരണവും കമ്പ്യൂട്ടിങ്, എഐ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, സൗദി അറേബ്യയിലെ മൈക്രോസോഫ്റ്റ് അജ്യൂർ ക്ലൗഡ് റീജിയൻ വരുന്ന നവംബറിൽ ലഭ്യമാകുമെന്നും, ഇത് പ്രാദേശിക ഡാറ്റ ഹോസ്റ്റിങ്ങിനെയും ക്ലൗഡ് സേവനങ്ങളുടെയും ഡിജിറ്റൽ മേഖലകളുടെയും വളർച്ചയെയും പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചു.
ഡാറ്റാ സെൻററുകൾ വിപുലീകരിക്കാനും അവയുടെ ശേഷി 192 മെഗാവാട്ടായി ഉയർത്താനുമായി അൽ മൊഅമ്മർ ഇൻഫർമേഷൻ സിസ്റ്റംസ് 120 കോടി ഡോളറിെൻറ നിക്ഷേപം പ്രഖ്യാപിച്ചു. 2033 ആകുമ്പോഴേക്കും 65 മെഗാവാട്ടായി വികസിപ്പിക്കാൻ ശേഷിയുള്ള ഖുസാം ഡിജിറ്റൽ വാലി വികസിപ്പിക്കുന്നതിനായി എൻ.എച്ച്.സി ഇന്നൊവേഷൻ 80 കോടളി ഡോളറിെൻറ നിക്ഷേപവും പ്രഖ്യാപിച്ചു.
പ്രധാന ക്ലൗഡ് നിക്ഷേപങ്ങളിൽ, 530 കോടി ഡോളറിലധികം വരുന്ന നിക്ഷേപ പദ്ധതിയുടെ ഭാഗമായി ആമസോൺ വെബ് സർവീസസ് വരുന്ന ഡിസംബറിൽ രാജ്യത്തെ തങ്ങളുടെ ആദ്യ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ റീജ്യൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 2028-ഓടെ രാജ്യത്തെ ആദ്യത്തെ എഐ സോണിനുള്ളിൽ 50 മെഗാവാട്ട് വരെ ശേഷി നൽകുന്നതിനായി എ.ഡബ്ല്യു.എസ് ഹ്യൂമൻ കമ്പനിയുമായുള്ള പങ്കാളിത്തം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആമസോൺ ബെഡ്‌റോക്കിലൂടെ ‘അല്ലാം’ അറബിക് ഭാഷാ മോഡൽ ലഭ്യമാക്കുന്നതും, എ.ഡബ്ല്യു.എസ് മാർക്കറ്റ് പ്ലേസ് വഴി ഹ്യൂമൻ ഫാബ്രിക് നൽകുന്നതും ഈ സഹകരണത്തിൽ ഉൾപ്പെടുന്നു. ഇത് വിപുലമായ കമ്പ്യൂട്ടിങ് ശേഷി വർദ്ധിപ്പിക്കുകയും വിവിധ മേഖലകൾക്ക് വൻതോതിൽ എഐ പരിഹാരങ്ങൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും വഴിയൊരുക്കുകയും ചെയ്യും.
സർഗാത്മക വ്യവസായ മേഖലയിൽ, എം.സി.ഐ.ടിയും ഹ്യൂമനും തമ്മിലുള്ള വിപുലമായ പങ്കാളിത്തത്തിെൻറ ഭാഗമായി അഡോബി 400 കോടി ഡോളറിലധികം തുക വാഗ്ദാനം ചെയ്തു. ഈ വർഷം അവസാനത്തോടെ, 13 വയസോ അതിൽ കൂടുതലോ പ്രായമുള്ള അർഹരായ 2.7 കോടിയിലധികം രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും അഡോബി ഫയർഫ്ലൈ സ്റ്റാൻഡേർഡ്, അഡോബി എക്സ്പ്രസ് പ്രീമിയം സവിശേഷതകൾ 12 മാസത്തേക്ക് സൗജന്യമായി ലഭ്യമാക്കാൻ ഈ പങ്കാളിത്തം വഴിയൊരുക്കും.
അറബിക് ഭാഷാ പ്രോംപ്റ്റുകൾ വഴി സൗദി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതും സൗദി പാരമ്പര്യമുള്ള സർഗാത്മക ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കുന്നതുമായി ഹ്യൂമൻ കമ്പനിയുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത ആദ്യത്തെ ഇമേജ് ജനറേഷൻ മോഡൽ വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ആഗോള പങ്കാളിത്തം തുടരുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും നവീകരണങ്ങളെയും പ്രതിഭകളെയും പിന്തുണയ്ക്കുന്നതിനും സ്മാർട്ട് യുഗത്തിൽ രാജ്യത്തിെൻറ മുൻനിര സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമായി 2027-ലെ മേള ഏപ്രിൽ 12 മുതൽ 15 വരെ നടക്കുമെന്ന് സമാപന ചടങ്ങിൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.