ജിദ്ദ: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് അവിടെ തൊഴിൽ ഉണ്ടാവില്ലെന്ന ആശങ്ക വേണ്ടെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി അബ്ദുൽ വഹാബ്. സർക്കാർ സഹായത്തോടെ അനവധി സ്വയം തൊഴിൽ സാധ്യതകൾ കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ സന്ദർശനത്തിന് എത്തിയ അദ്ദേഹം ജിദ്ദയിൽ ‘ഗൾഫ്മാധ്യമ’ വുമായി സംസാരിക്കുകയായിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യകോർപറേഷൻ പ്രവാസികൾ ഉൾപെടെ സമൂഹത്തിെൻറ ശാക്തീകരണത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. സ്വയം തൊഴിൽ, വിദ്യാഭ്യാസം, ബിസിനസ് വിപുലീകരണം എന്നിവക്ക് പുറമെ വിസ ലോൺ അനുവദിക്കുന്നുണ്ട്. ഗൾഫിലേക്കോ, യൂറോപ്പിലേക്കോ പോവാൻ നല്ല വിസ ലഭിച്ച് അതിനുള്ള ചെലവ് വഹിക്കാൻ പ്രയാസപ്പെടുന്ന ഉദ്യോഗാർഥികൾക്കാണ് വിസ ലോൺ ഉപകരിക്കുക. അഞ്ച് ശതമാനം പലിശ നിരക്കിൽ ആറ് ലക്ഷം രൂപ വരെ വിസലോണായി അനുവദിക്കും. ഇത് പലർക്കും അറിയില്ല. വലിയ സങ്കീർണതകളില്ലാതെയാണ് ഇത്തരം സഹായങ്ങൾ അനുവദിക്കുന്നത്.
ഭവന വായ്പ, മദ്രസാധ്യാപകർക്ക് പ്രത്യേക വായ്പ, സർക്കാർ ജീവനക്കാർക്ക് വായ്പ, ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുള്ള വായ്പ തുടങ്ങി വിവിധ തരം ധനസഹായ പദ്ധതികളാണ് ബോർഡിനുള്ളത്. കേന്ദ്രസർക്കാറിന് കീഴിലുള്ള നാഷനൽ മൈനോറിറ്റി ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷെൻറ കേരളത്തിലെ ഫ്രാഞ്ചൈസിയാണ് കെ. എസ്.എം.ഡി.എഫ്.സി. നാട്ടിലെത്തുന്ന പ്രവാസികൾക്ക് മൂന്ന് മുതൽ ആറ് ലക്ഷം രൂപവരെ അടിയന്തരസഹായമായി സ്വയം തൊഴിൽ ലോൺ അനുവദിക്കുന്നുണ്ട്്. നഗരപ്രദേശങ്ങളിലുള്ളവർക്ക് നാല് സെൻറ് ഭൂമിയുടെ ആധാരം, ഗ്രാമങ്ങളിലുള്ളവർക്ക് മൂന്ന് സെൻറ് ഭൂമിയുടെ ആധാരം എന്നിവയാണ് ഇതിന് ഇൗടായി നൽകേണ്ടത്.വനിതകൾക്കായി മൈക്രോ ഫിനാൻസ് ലോണുകൾ അനുവദിക്കാൻ ന്യൂനപക്ഷ വികസന ധനകാര്യകോർപറേഷൻ തീരുമാനിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
രണ്ട് ശതമാനം പലിശ നിരക്കിൽ രണ്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ള വനിതാകൂട്ടായ്മകൾക്കാണ് ലോൺ അനുവദിക്കുക. ഇത്തരം വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ 75 ശതമാനം ന്യൂനപക്ഷവിഭാഗങ്ങളിൽ നിന്നായാൽ മതി എന്നാണ് നിബന്ധന. ബാക്കി മുന്നോക്ക വിഭാഗത്തിൽപെട്ടവരാവാം എന്നാണ് ചട്ടം. ഇത്തരം സംരംഭങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള അവസരവും കോർപറേഷൻ ഒരുക്കും. ഗുണഭോക്താക്കൾക്ക് തൊഴിൽ പരിശീലന പരിപാടികളും സംഘടിപ്പിക്കും. നവകേരള നിർമാണത്തിൽ പ്രവാസികൾക്ക് കുടുതൽ അവസരങ്ങളാണ് ലഭിക്കാൻ പോവുന്നതെന്ന് അബ്ദുൽ വഹാബ് പറഞ്ഞു. കേരളത്തിലെ സാമ്പ്രദായികമായ പല തൊഴിൽമേഖലകൾക്കും പുതിയ മുഖം വരാൻ പോവുകയാണ്. പ്രവാസികളുടെ ലോകപരിചയവും അനുഭവജ്ഞാനവും നവകേരള രൂപകൽപനയിൽ മുതൽ കുട്ടാവും. പുതിയ കാലത്തിനനുസരിച്ച സംരംഭങ്ങൾ അവതരിപ്പിക്കാൻ പ്രവാസികൾക്ക് അവസരം ലഭിക്കുമെന്നാണ് തെൻറ അഭിപ്രായം. കാർഷികമേഖലയിലുൾപെടെ പുതിയ പരീക്ഷണങ്ങൾക്കിറങ്ങുന്നവർക്ക് സർക്കാറിെൻറ മികച്ച പിന്തുണയുണ്ട്. പ്രവാസികൾക്ക് പ്രത്യേകിച്ചും. സഹായപദ്ധതികളെ കുറിച്ച ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ന്യൂനപക്ഷ വികസന ധനകാര്യകോർപറേഷൻ നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.