കെ.എസ്. രതീഷ്
ദമ്മാം: സ്വന്തം വേദനകളെ മറികടക്കാൻ ഏറ്റവും നല്ല വഴി കഥപറച്ചിലും എഴുത്തുമാണെന്ന് മനസിലായതോടെയാണ് കഥകൾ എഴുതാൻ തുടങ്ങിയതെന്ന് യുവ കഥാകൃത്തും അധ്യാപകനുമായ കെ.എസ്. രതീഷ്. കൊയിലാണ്ടി നാട്ടുകൂട്ടം ദമ്മാമിൽ സംഘടിപ്പിച്ച ലതിക അങ്ങേപ്പാട്ടിന്റെ ‘പുറംതോട് ഭേദിച്ച ആമ’ എന്ന പുസ്തകം പ്രകാശനം ചെയ്യാൻ സൗദിയിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി തന്റെ എഴുത്തുവിശേഷങ്ങളും വിചാരങ്ങളും പങ്കുവെച്ചു.
പറഞ്ഞാൽ നുണയെന്നും എഴുതിയാൽ കഥയെന്നും അനുഭവിച്ചവന് മാത്രമാണ് ജീവിതമെന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്റെ ഉള്ളിലെ സങ്കടങ്ങളെ മറികടക്കാൻ പറ്റുന്ന ഏറ്റവും വലിയ സാധ്യത കഥയെഴുത്താണ്. അത് എന്നിൽ ഞാൻ നടത്തുന്നൊരു ചികിത്സയാണെന്നും അദ്ദേഹം പറഞ്ഞു. ദൈന്യത മാത്രം നിറഞ്ഞ എന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലാണ് കഥയെഴുത്തിന്റെ സാധ്യത ഞാൻ മനസിലാക്കിയത്. അനാഥ മന്ദിരത്തിൽ ജീവിച്ച കുട്ടിക്കാലത്ത് വേനലവധി തുടങ്ങുമ്പോൾ അവിടുത്തെ അന്തേവാസികളെ ആരെങ്കിലും വന്നു കൂട്ടിക്കൊണ്ടുപോകും.
പക്ഷെ ഞാനടക്കം ചുരുക്കം ചിലരെ വിളിക്കാൻ ആരും വരാറില്ല. ഞങ്ങൾ ആ വലിയ കെട്ടിടത്തിൽ ഭയന്ന് കഴിയും. സ്കൂൾ തുറക്കാറാകുമ്പോൾ പോയവർ മടങ്ങി വരുന്ന സന്ദർഭത്തിലാണ് അതിലേറെ വേദന ഞങ്ങൾ തിന്നുന്നത്. തിരിച്ചെത്തിയവരെല്ലാം അവരുടെ വീട്ടിൽ കണ്ടതും കേട്ടതും കഴിച്ചതും സ്നേഹം അനുഭവിച്ചതും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ഇത് വല്ലാത്തൊരു അസ്വസ്ഥതയാണ്.
കുറെ കേട്ടുകഴിഞ്ഞു ഞാനും ഇതൊക്കെ അനുഭവിച്ചതായി കള്ളം പറയാൻ തുടങ്ങി. കുറെപേർ അത് വിശ്വസിച്ചു. വേദനയെ മറികടക്കാൻ കഥകൾ നല്ലതാണെന്ന് മനസിലായതോടെയാണ് കഥ എഴുതാൻ ആരംഭിച്ചത്. എന്നാൽ ഇവ പ്രസിദ്ധീകരണത്തിന് അയച്ചു കൊടുത്തിരുന്നില്ല.
ഒരിക്കൽ എന്റെ കൂട്ടുകാരി ഈ കഥകൾ ‘വർണ്ണം’ എന്നൊരു മാസികക്ക് അയച്ചു കൊടുക്കുകയും അവ അതിൽ അച്ചടിച്ച് വരുകയും ചെയ്തു. പറഞ്ഞതിനേക്കാൾ സന്തോഷം അച്ചടിച്ച് കണ്ടപ്പോൾ കിട്ടിയതോടെയാണ് കഥയെഴുത്ത് ഗൗരവത്തിൽ എടുക്കാൻ തുടങ്ങിത്. ഏറ്റവും സന്തോഷം തന്നത് വൈക്കം മുഹമ്മദ് ബഷീറിനെയും കാരൂരിനെയും അഷിതയെയും ഒ.വി വിജയനെയും സക്കറിയയെയും സന്തോഷിനെയും വായിച്ചപ്പോഴാണ്. ബഷീർ ആണ് ഒറ്റവാക്കിൽ പറഞ്ഞാൽ എന്റെ ‘ആശാൻ’.
കഥകൾ എഴുതുമ്പോൾ പലതരം പ്രതിസന്ധികൾ നേരിടാറുണ്ട്. ജീവിതത്തിൽ കണ്ടതും കേട്ടതും അനുഭവിച്ചവയുമാണ് എനിക്ക് എഴുതാൻ കഴിയുക. ഈ കഥകൊണ്ടു മറ്റുള്ളവർക്ക് എന്തെങ്കിലും വേദന ഉണ്ടാവുമോ എന്നതാണ് ഞാൻ ആദ്യം നേരിടുന്ന വെല്ലുവിളി. അധ്യാപകൻ കഥ എഴുതിക്കഴിയുമ്പോൾ അത് വായിക്കുന്ന എന്റെ കുട്ടികൾ എന്ത് പറയും എന്നതാണ് മറ്റൊന്ന്. തനി നാട്ടുമ്പുറത്തുകാരനായ, ഏതൊരു സംഘടനയിലും ഭാഗമല്ലാത്ത എനിക്ക് നേരെ എന്തെങ്കിലും അക്രമണമുണ്ടായാൽ എങ്ങനെ അതിജീവിക്കും എന്നതാണ് മൂന്നാമത്തെ വെല്ലുവിളി. അതിനാൽ ഞാൻ എന്റെ കഥയിലെ കഥാപാത്രങ്ങളെ, വിഷയത്തെ, വിദൂരമായ സ്ഥലത്തേക്ക് പറിച്ചുനടും.
ജീവിതത്തിൽനിന്നും പ്രചോദനം ഉൾക്കൊള്ളലല്ല. എന്റെ സങ്കടങ്ങൾ എന്നെ കരയിക്കാതിരിക്കാൻ, ആ പ്രയാസങ്ങളെ മറികടക്കാൻ എനിക്ക് എഴുത്തിലൂടെ സാധിക്കുന്നു എന്നതാണ്. മൂലകഥ കണ്ടെത്തുകയും കാലത്തെയും എന്റെ ജീവിത പ്രതിസന്ധികളെയും അത് എഴുതുന്നതിലൂടെ മറികടക്കുകയാണ് ചെയ്യുന്നത്. കഥയെഴുത്തിൽ ഏറ്റവും സ്വാധീനിച്ചത് എന്റെ സ്വന്തം നാടായ ‘പന്ത’ ആണ്. ഭൂമിയിൽ ഏറ്റവും മികച്ച കഥപറച്ചിലുകാരും നുണപറച്ചിലുകാരും ഉള്ള നാടാണ് നെയ്യാർഡാമിന് സമീപത്തെ മലയോര ഗ്രാമമായ പന്ത.
അമ്മ, അമ്മൂമ്മ എന്നിവർ മികച്ച കഥപറച്ചിലുകാരാണ്. പുട്ട് ചോദിച്ചപ്പോൾ അരിപ്പൊടി ഇല്ലെന്ന സത്യം മറച്ചുവെച്ചു പുട്ടിന്റെ കുഴലിൽ പാമ്പ് കയറിയിരിക്കുന്നു എന്ന് അമ്മ കഥയുടെ പിൻബലത്തിൽ പറഞ്ഞത് ഓർക്കുന്നു. ഞങ്ങളുടെ നാട്ടുകാരോട് പുറത്തുനിന്നും വന്ന ആരെങ്കിലും വഴി ചോദിച്ചാൽ ഒരു കഥയിലൂടെയാവും അവർ വഴി പറഞ്ഞു കൊടുക്കുക. അവരെ കേട്ടും കണ്ടും നേരിട്ടും അനുഭവിച്ചതിലൂടെ പന്തക്കാർ പറഞ്ഞതും പറയാത്തതുമായ പച്ച മനുഷ്യരുടെ കഥകൾ, അവരുടെ മഹാ സങ്കടങ്ങൾ, പ്രതീക്ഷകൾ, പ്രണയം ഒക്കെയും എനിക്ക് എഴുതാൻ കഴിഞ്ഞു.
കൊല്ലത്തെ അനാഥ മന്ദിരത്തിലെ ജീവിതവും ആ നാടും ഭൂപ്രകൃതിയും അവിടെ ജോലി ചെയ്ത സ്ഥാപനങ്ങളുമൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പന്തയിൽ വേറെ എഴുത്തുകാരില്ല എന്നതാണ് മറ്റൊരു കാര്യം. ഒരാളുടെ നിഴലിൽ നിൽക്കാതെ കാട്ടുചെടിയായി ഒറ്റക്ക് നിൽക്കുക, ആഴത്തിൽ വേരോടുക, കാറ്റിനെ മുഴുവൻ പ്രതിരോധിക്കുക എന്നത് മാത്രമാണ് പുതു തലമുറ എഴുത്തുകാരോട് പറയാനുള്ളത്.
എനിക്കെതിരെയുള്ള നിരൂപണങ്ങൾ കാണുമ്പോൾ എല്ലാ മനുഷ്യരെയുംപോലെ ഞാനും പെട്ടെന്ന് പ്രകോപിതനാവും. പിന്നീടാണ് മനസിലാവുക, അവർ പറഞ്ഞതിൽ ഒരു കാമ്പും ഉണ്ടായിരുന്നില്ലെന്ന്. എഴുത്തിനേക്കാൾ എഴുതിയവനോടുള്ള വ്യക്തി വൈരാഗ്യമാണ് ഇത്തരം നിരൂപണങ്ങൾക്ക് പിന്നിൽ. തത്കാലം വഴക്കുണ്ടാക്കിയെങ്കിലും അവരിൽ പലരോടും കനത്ത ആരാധന തോന്നിയിട്ടുണ്ട്.
സ്ഥാനമാനങ്ങളും അവസരങ്ങളും കിട്ടാൻ മാത്രം കാത്തിരിക്കുന്ന ‘നിരൂപകർ’ മാത്രമാണിപ്പോൾ ഉള്ളത്. മരിച്ചുകഴിയുമ്പോൾ എഴുതിയ കഥയുടെ പേരിൽ ഓർത്തിരിക്കണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. മലയാളം ഉള്ള കാലത്തോളം ഓർക്കണം. കഴിഞ്ഞുപോയ സാഹിത്യകാരന്മാരെ പോലെ വരും തലമുറ എന്നേയും ഓർത്തെടുക്കണം എന്നാണ് ജീവിതാഭിലാഷമെന്ന് രതീഷ് പറഞ്ഞുനിർത്തി. നെയ്യാർഡാം ഗവൺമന്റ് സ്കൂളിൽ ഹയർ സെക്കൻഡറി മലയാളം അധ്യാപകനാണ് രതീഷ്. ഭാര്യ: ബിബിഹ. മക്കൾ: ജോയൽ, ജോനാഥൻ. അമ്മ: ടി. സുമംഗല. ആനുകാലികങ്ങളിൽ കഥകളെഴുതുന്നു. നിരവധി കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾക്കും അർഹനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.