കെ.എം.സി.സി സൗദി ഹാഷിം എഞ്ചിനീയർ കർമ്മ പുരസ്കാരം ഡോ. എം.കെ മുനീറിന്

റിയാദ്: സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള 2026 വർഷത്തെ കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ ഹാഷിം എഞ്ചിനീയർ കർമ്മ പുരസ്കാരത്തിന് പ്രമുഖ മുസ്‌ലിംലീഗ് നേതാവ് ഡോ. എം.കെ മുനീർ അർഹനായി. സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മതസൗഹൃദം ഊട്ടിയുറപ്പിക്കാനും വിവിധ തലങ്ങളിൽ നൽകിയ മാതൃകാപരമായ സംഭാവനകളെ പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന ഈ പുരസ്കാരം. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.സി മായിൻഹാജി, കെ.പി മുഹമ്മദ് കുട്ടി, സി.പി സൈതലവി, ടി.ടി ഇസ്മായിൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കെ.എം.സി.സി സൗദി സ്ഥാപകരിൽ ഒരാളും മുൻ ട്രഷററുമായിരുന്ന സി. ഹാഷിം എഞ്ചിനീയറുടെ സ്മരണാർത്ഥമാണ് സംഘടന പ്രതിവർഷം ഈ പുരസ്കാരം നൽകി വരുന്നത്. മുൻ വർഷങ്ങളിൽ എം.ഐ തങ്ങൾ, എം.സി വടകര, പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ, സി.പി സൈതലവി, ഇ. സാദിഖലി, പി.കെ.കെ ബാവ എന്നിവർക്കായിരുന്നു ഈ കർമ്മ പുരസ്കാരം ലഭിച്ചത്.

രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, ഭരണ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെയായി സജീവമായി നിറഞ്ഞുനിൽക്കുന്ന ജീവിത വിശുദ്ധികൊണ്ടും വൈജ്ഞാനിക ഗരിമകൊണ്ടും കേരളീയരുടെ ആദരവ് നേടിയ ഡോ. എം.കെ മുനീറിന് ഈ പുരസ്കാരം സമ്മാനിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് കെ.എം.സി.സി സൗദി കമ്മിറ്റി ഭാരവാഹികൾ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യാ മേഖലകളിൽ സംഘടനയ്ക്ക് ശക്തമായ മേൽവിലാസം ചാർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു നാല് ദശകത്തോളം പ്രവാസലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മരിച്ചുപോയ ഹാഷിം എൻജിനീയർ. പ്രവാസി സമൂഹത്തിന് വലിയ സംഭാവനകൾ അർപ്പിച്ച അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം അർഹതപ്പെട്ട ഒരാൾക്ക് തന്നെ നൽകാൻ സാധിച്ചതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും കെ.എം.സി.സി സൗദി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - KMCC Saudi Hashim Engineer Karma Award to Dr. M.K. Muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.