കേളി തദ്ദേശ തെരഞ്ഞെടുപ്പ് കൺവെൻഷൻ രക്ഷാധികാരി
സമിതി അംഗം ഷമീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവശ്യമായ മുന്നൊരുക്കം നടത്തുന്നതിനായി റിയാദിൽ കേളി കലാസാംസ്കാരിക വേദി തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി ആക്ടിങ് സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ അധ്യക്ഷതവഹിച്ചു. പ്രവാസികളെ ചേർത്തുപിടിച്ച സർക്കാരിന് ശക്തി പകരാൻ ഇടതുപക്ഷത്തെ വിജയിപ്പിക്കണമെന്ന് കൺവെൻഷൻ അഭ്യർഥിച്ചു.ഇന്ത്യയിൽ ആദ്യമായി പ്രവാസികൾക്ക് വേണ്ടി ഒരു ക്ഷേമ വകുപ്പ് രൂപവത്കരിച്ചത് 1998ൽ ഇ.കെ നായനാർ സർക്കാരാണ്. 2006-ലെ വി.എസ് സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ച പ്രവാസി ക്ഷേമ പദ്ധതിയുടെ ഭാഗമായി 2008ൽ പ്രവാസി ക്ഷേമനിധി നിയമം സഭ അംഗീകരിച്ചു.
500 രൂപയായിരുന്ന പെൻഷൻ തുക 2016ൽ ഒന്നാം പിണറായി സർക്കാർ ആദ്യം 2,000 രൂപയായും പിന്നീട് 3,000 രൂപ 3,500 രൂപയായും ഉയർത്തി. പൂർണമായും ഒരു സംസ്ഥാന സർക്കാർ പദ്ധതിയാണ് പ്രവാസി പെൻഷൻ പദ്ധതി.പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഹ്രസ്വകാല അവധിക്ക് നാട്ടിലെത്തുന്നവർ നേരിടുന്ന റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ. അവ പരിഹരിക്കാൻ പ്രവാസി മിത്രം പോർട്ടൽ, പ്രവാസികൾക്കായുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പ്രവാസികളുടെ വിവര ശേഖരണത്തിനായുള്ള ഡിജിറ്റൽ ഡാറ്റാ പ്ലാറ്റ്ഫോം, പ്രവാസികൾക്കായി ലൈസൻസ് നടപടികൾ വേഗത്തിലാക്കാൻ പ്രത്യേകം പരിഗണനയെന്നും എന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ന്യൂ ഏജ് പ്രതിനിധി ഷാജഹാൻ കായംകുളം, ഐ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ കുറുമാത്തൂർ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.