ജി​സാ​ൻ ക​ട​ൽ​ത്തീ​രം

പ്രകൃതിയുടെ നിധിതേടി ജിസാൻ ‘ജിസാൻ ഫെസ്റ്റിവൽ 2026’ന് ഇന്ന് തുടക്കം

ജിസാൻ: സൗദി അറേബ്യയുടെ പ്രകൃതിഭംഗിയും സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന ജിസാൻ ഫെസ്റ്റിവലിന്റെ പുതിയ പതിപ്പിന് വ്യാഴാഴ്ച തുടക്കമാവും. ‘ജിസാൻ, പ്രകൃതിയുടെ നിധികൾ’ എന്ന പ്രമേയത്തിൽ ഒരുങ്ങുന്ന ഈ വിനോദ സാംസ്‌കാരിക സീസൺ മാസങ്ങളോളം നീണ്ടുനിൽക്കും. ഇന്ന് വൈകീട്ട് 3.45ന് ജിസാൻ സിറ്റി വാട്ടർഫ്രണ്ടിൽ നടക്കുന്ന ബൃഹത്തായ പരേഡോടെയാണ് ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരശ്ശീല ഉയരുന്നത്.

കോർണിഷിന്റെ തുടക്കത്തിലുള്ള പാഡൽ കോർട്ടുകൾക്ക് പിന്നിലെ നടപ്പാതയിൽനിന്ന് ആരംഭിക്കുന്ന വർണാഭമായ മാർച്ച്, കൾച്ചറൽ സ്ട്രീറ്റിന്റെ അവസാനത്തിലുള്ള ഷിപ്പ് തിയേറ്ററിലാണ് സമാപിക്കുക. ജിസാെൻറ സാംസ്‌കാരിക വൈവിധ്യവും പ്രകൃതി സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന ആഘോഷ അന്തരീക്ഷത്തിലായിരിക്കും പരേഡ് നടക്കുക. നഗരത്തിന്റെ വാട്ടർഫ്രണ്ട് പ്രദേശം ഭീമൻ പപ്പറ്റ് ഷോകൾ, കലാപ്രകടനങ്ങൾ, ജിസാനിലെ വിവിധ പ്രവിശ്യകളുടെ പൈതൃകം വിളിച്ചോതുന്ന അലംകൃത വാഹനങ്ങൾ എന്നിവയാൽ സജീവമാകും.

നാടൻ കലാരൂപങ്ങളും ആധുനിക ദൃശ്യാവിഷ്കാരങ്ങളും ഒത്തുചേരുന്ന ഈ വർഷത്തെ ഫെസ്റ്റിവൽ സന്ദർശകർക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും സമ്മാനിക്കുക. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന പ്രകാശ, ശബ്ദ വിന്യാസങ്ങൾക്കും ആനിമേറ്റഡ് ശില്പങ്ങൾക്കും ഒടുവിൽ ജിസാൻ ആകാശത്തെ വർണാഭമാക്കുന്ന കരിമരുന്ന് പ്രയോഗത്തോടെ ഉദ്ഘാടന ചടങ്ങുകൾ സമാപിക്കും.

പച്ചപ്പണിഞ്ഞ മലനിരകൾ, സ്വർണമണൽ വിരിച്ച കടൽത്തീരങ്ങൾ, മനോഹരമായ ദ്വീപുകൾ എന്നിങ്ങനെ ജിസാന്റെ ഭൂമിശാസ്ത്രപരമായ വൈവിധ്യത്തെ ലോകത്തിന് മുന്നിൽ എത്തിക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഉത്സവക്കാലത്ത് എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന വിനോദ, സാംസ്‌കാരിക പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയുടെ സാംസ്‌കാരിക ഭൂപടത്തിൽ ജിസാന്റെ തനിമ വിളിച്ചോതുന്ന ഈ ആഘോഷം വരും ദിവസങ്ങളിൽ സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും സമ്മാനിക്കുക.

Tags:    
News Summary - Jizan Festival 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.