ജിദ്ദ മല്ലൂസ് സാരഥികൾ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും മാനസികോല്ലാസം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ചെസ്സ് മത്സരങ്ങളും മെഹന്ദി മത്സരങ്ങളും സംഘടിപ്പിക്കുന്നതായി ജിദ്ദ മല്ലൂസ് സാരഥികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന ചെറുതും വലതുമായ സാമൂഹ്യപ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ജനങ്ങളിലേക്ക് എത്തിക്കുന്ന കൂട്ടായ്മയായ ജിദ്ദ മല്ലൂസ്, 'ഫൂലും തമീസും' എന്ന ഷോർട്ട് ഫിലിം സീരീസിന് ശേഷമാണ് പുതിയ രംഗത്തേക്ക് പ്രവേശിച്ചത്. പ്രവാസലോകത്ത് കുട്ടികളും മുതിർന്നവരും നേരിടുന്ന മാനസിക സമ്മർദങ്ങൾക്ക് ചെറുതല്ലാത്ത ആശ്വാസമായ ചെസ്സ് എന്ന കളി കേവലം ഒരു സാധാരണ കളിയല്ല, മറിച്ച് ഏകാഗ്രതയും ബുദ്ധിവികാസവും വളർത്തുന്ന മികച്ച വിനോദോപാധിയാണ് എന്ന തിരിച്ചറിവാണ് ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കാൻ പ്രേരണയായത്. അതോടൊപ്പം, ഫ്ലാറ്റുകളിൽ തളച്ചിട്ട ചുറ്റുപാടുകളിൽ നിന്നും സർഗസിദ്ധിയുള്ള വീട്ടമ്മമാർക്ക് അവരുടെ കലാവിരുത് പ്രകടിപ്പിക്കാനുള്ള വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഹന്ദി മത്സരം സംഘടിപ്പിക്കുന്നതെന്നും സാരഥികൾ പറഞ്ഞു.
രണ്ട് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ നടക്കുക. 18 വയസ്സിന് താഴെ പ്രായമുള്ളവർ ജൂനിയർ വിഭാഗത്തിലും 18 ന് മുകളിൽ സീനിയർ വിഭാഗവുമായിരിക്കും. അഹ്ദാബ് ഇന്റർനാഷനൽ സ്കൂളിൽ വെച്ച് ഒക്ടോബർ 16, 17 വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മത്സരങ്ങൾ. വ്യാഴാഴ്ച വൈകീട്ട് ആറു മണിക്ക് ചെസ്സ് രജിസ്ട്രേഷൻ ആരംഭിച്ച് ഏഴു മണിക്ക് മത്സരങ്ങൾ ആരംഭിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് ചെസ്സ് ഫൈനൽ റൗണ്ട് മത്സരങ്ങളും നാലു മണിക്ക് കുടുംബിനികൾക്കും കുട്ടികൾക്കുമുള്ള മെഹന്ദി മത്സരങ്ങളും നടക്കും. വിജയികൾക്ക് സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളുണ്ടായിരിക്കും. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 0507847327, 0535249251, 0535628140, 0556945747 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുകയോ https://forms.gle/UyNLA4c6wnLP4f6h9 എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് സാരഥികൾ അറിയിച്ചു.
ജിദ്ദ മല്ലൂസ് സാരഥികളായ അയ്യൂബ് മുസ്ലിയാരകത്ത്, ഡോ. ഇന്ദു ചന്ദ്രശേഖരൻ, നാസർ ശാന്തപുരം, നൗഷാദ് ചാത്തല്ലൂർ, അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ സുലൈമാൻ ഹാജി, പ്രിൻസിപ്പൽ അൻവർ ഷജ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.