ജിദ്ദ: പ്രവാസി മലയാളികളുടെ കലാ, സാംസ്കാരിക മികവുകൾ മാറ്റുരക്കുന്ന കലാലയം സാംസ്കാരിക വേദി ജിദ്ദ നോർത്ത് സോൺ 15 മത് എഡിഷൻ സാഹിത്യോത്സവ് ഇന്ന് ജിദ്ദയിലെ അജ് വാദിൽ നടക്കും.
ജിദ്ദയിലെ പ്രവാസി സമൂഹത്തിന് ഉണർവേകി നടക്കുന്ന സാഹിത്യോത്സവിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ജിദ്ദ നോർത്ത് പരിധിയിൽ നിന്നുള്ള അഞ്ച് സെക്ടറുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 300 ഓളം പ്രതിഭകളും, ജിദ്ദയിലെ പ്രമുഖ കാമ്പസുകളെ പ്രതിനിധീകരിച്ചുള്ള മത്സരാർഥികളും ഇന്ന് നടക്കുന്ന ഫൈനൽ മത്സരങ്ങളിൽ മാറ്റുരക്കും. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കൻഡറി, സീനിയര്‍ വിഭാഗങ്ങളിലായി 86 ഇനങ്ങളിലാണ് മത്സരങ്ങൾ.
മത്സരങ്ങൾക്ക് പുറമെ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരുക്കുന്ന 'സ്നേഹോത്സവം', ജോലിത്തിരക്കുകൾക്കിടയിലും കലയെ നെഞ്ചിലേറ്റുന്ന പ്രവാസികൾക്കായി 'കലോത്സവം', സ്ത്രീകൾക്ക് ഒത്തുചേരാനായി 'ഒരിടത്ത്' തുടങ്ങിയ പ്രത്യേക സെഷനുകൾ സാഹിത്യോത്സവിനെ വേറിട്ടതാക്കും.
രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രിയോടെയാണ് സമാപിക്കുക. വൈകീട്ട് നടക്കുന്ന സാംസ്കാരിക ഒത്തിരിപ്പിൽ ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. വിജയികൾക്കുള്ള സമ്മാനദാനവും സമാപന സംഗമത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.