ജിദ്ദ: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ച നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്ന് ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തോടുള്ള രാഷ്ട്രീയ എതിർപ്പിന്റെ ഒരു തുറന്ന പതിപ്പാണ് കേന്ദ്ര ബജറ്റ്. അടിയന്തിര പ്രാധാന്യം അർഹിക്കുന്നതും ന്യായമായതുമായ ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിച്ചത്.
വയനാട് ദുരന്തഭൂമി സന്ദർശിച്ച കേന്ദ്ര നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും ബോധ്യപ്പെട്ട കാര്യങ്ങൾക്കുള്ള സാമ്പത്തികമായുള്ള സഹായങ്ങളും, വിഴിഞ്ഞം തുറമുഖത്തിന് വേണ്ടിയുള്ള വികസന ഫണ്ടും, പുതിയ പാത അടക്കമുള്ള റെയിൽവേ വികസനത്തിനായുള്ള സാമ്പത്തിക സഹായങ്ങൾ തുടങ്ങി സമസ്ത മേഖലകൾക്കും വേണ്ടിയുള്ള കാര്യങ്ങളെ അപ്പാടെ തിരസ്കരിച്ചു കൊണ്ടുള്ള ബജറ്റാണ്.
കേരളത്തിൽ പല പദ്ധതികളും എത്രമാത്രം കൃത്യതയോടെയും ആത്മാർഥതയോടെയും നടപ്പാക്കി എന്ന് പ്രശംസിച്ചുകൊണ്ടുള്ള കേന്ദ്ര സാമ്പത്തിക സർവേ കഴിഞ്ഞ ദിവസമാണ് പാർലമെന്റിൽ വെച്ചത്. ഈ പരാമർശങ്ങൾ തന്നെ സംസ്ഥാനം കൂടുതൽ കേന്ദ്ര പദ്ധതികൾക്കും ഫണ്ടിനും അർഹമാണെന്ന് തെളിയിക്കുന്നു.
പ്രകൃതി ദുരന്തത്തിൽ പെട്ട് നരകിച്ച കേരള ജനതയോടും കൃഷിയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരോടും ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനതയോടുള്ള അവഗണന പ്രതിഫലിപ്പിക്കുന്ന ഈ ബജറ്റ് തികച്ചും പ്രതിഷേധാർഹമാണെന്നും ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.