ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ‘സി.എച്ച് ജീവിതവും വീക്ഷണവും’ എന്ന പേരിൽ ഇറക്കിയ പുസ്തകത്തിന്റെ പ്രകാശനം കെ.എം. ഷാജി നിർവഹിക്കുന്നു 

സി.എച്ചിന്റെ ഓർമകൾക്ക് ജിദ്ദ കെ.എം.സി.സിയുടെ അക്ഷരോപഹാരം

ജിദ്ദ: മുൻ മുഖ്യമന്ത്രിയും ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രധാനിയും വിദ്യാഭ്യാസ വകുപ്പ് അടക്കം സംസ്ഥാനത്തെ എല്ലാ വകുപ്പുകളും കൈകാര്യം ചെയ്ത സി.എച്ച്. മുഹമ്മദ് കോയയുടെ സംഭവബഹുലമായ ജീവിതം തലമുറകളിലേക്ക് പകരാൻ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി 'സി.എച്ച് ജീവിതവും വീക്ഷണവും' എന്ന പേരിൽ 477 പേജ് വരുന്ന പുതിയ പുസ്തകം പ്രസിദ്ധീകരിച്ചു. പത്രപ്രവർത്തകനും എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയുമായിരുന്ന ആലുവ സ്വദേശി പി.എ. മഹ്ബൂബാണ് ഗ്രന്ഥകർത്താവ്.

1983ൽ മരണപ്പെട്ട സി.എച്ചിനെകുറിച്ച് ദീർഘമായ വിവരശേഖരണത്തിനു ശേഷം 1991ലാണ് ഇബ്രാഹീം സുലൈമാൻ സേഠിന്റെ വിശദമായ അവതാരികയോടെ സി.എച്ചിനെക്കുറിച്ച പുസ്തകം പൂർത്തിയായതും ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ എ.കെ. ആൻറണിക്ക് കോപ്പി നൽകി എറണാകുളത്ത് പ്രകാശനം ചെയ്തതും. സി.എച്ചിന്റെ സമഗ്രമായ ജീവിതവും മാറിമറിഞ്ഞ ദേശീയ സംസ്ഥാന രാഷ്ട്രീയവും നവകേരളത്തിന് വഴി ഒരുക്കിയ ഭരണപരിഷ്കാരങ്ങളും വിദ്യാഭ്യാസ മുന്നേറ്റങ്ങളും വിശദീകരിക്കുന്ന പുസ്തകത്തിന്റെ കോപ്പികൾ എവിടെയും ലഭ്യമല്ല എന്ന് മനസ്സിലാക്കിയാണ്

നീണ്ട 32 വർഷങ്ങൾക്കുശേഷം ഗ്രന്ഥകാരനെകൊണ്ട് തന്നെ റീ എഡിറ്റിങ് നടത്തിച്ച് കെട്ടിലും മട്ടിലും മനോഹരമാക്കി പ്രശസ്ത പ്രസാധകരായ ഗ്രേസ് ബുക്സും ജിദ്ദ കെ.എം.സി.സിയും ചേർന്ന് സി എച്ചിന്റെ ജീവിതവും വീക്ഷണവും പുസ്തകം പുനർ പ്രസിദ്ധീകരണം നടത്തി വായനക്കാരുടെ മുന്നിലെത്തിച്ചത്.

ജിദ്ദയിൽ നടന്ന പുസ്തകത്തിന്റെ ഗൾഫ്തല പ്രകാശനം മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി സൗദി കെ.എം.സി.സി പ്രസിഡൻ്റ് കെ.പി മുഹമ്മദ് കുട്ടിക്ക് കോപ്പി നൽകി നിർവഹിച്ചു. അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായീൽ മൂത്തേടം, ഇഖ്ബാൽ മാസ്റ്റർ, ഗ്രേസ് ജനറൽ സെക്രട്ടറി അശ്റഫ് തങ്ങൾ ചെട്ടിപ്പടി എന്നിവർ സംസാരിച്ചു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. നിസ്സാം മമ്പാട്, സി.കെ.റസാഖ് മാസ്റ്റർ, വി.പി അബ്ദു റഹ്മാൻ, ഇസ്മായീൽ മുണ്ടക്കുളം, എ.കെ മുഹമ്മദ് ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ശിഹാബ് താമരകുളം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ജിദ്ദ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പരിഷ്കർത്താക്കളുടെ ജീവ ചരിത്രം, സ്വാതന്ത്ര്യ സമര ചരിത്രം, വിവിധ വിഷയങ്ങളിൽ പ്രമുഖർ എഴുതിയ പുസ്തകങ്ങൾ അടക്കം പതിനഞ്ചിലധികം ഗ്രന്ഥങ്ങൾ ഗ്രെയ്സുമായി സഹകരിച്ച് പുറത്തിറക്കിയിട്ടുണ്ട്.

Tags:    
News Summary - Jeddah KMCC spells out memories of CH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.