ജിദ്ദ ഇന്ത്യൻ ഇസ് ലാഹീ സെന്ററിലെ പരിപാടിയിൽ 'പവിത്രമാണ് കുടുംബം, പരിശുദ്ധമാണ് ബന്ധങ്ങൾ' എന്ന വിഷയത്തിൽ അലി ഷാക്കിർ മുണ്ടേരി സംസാരിക്കുന്നു
ജിദ്ദ: ഈ ലോകത്ത് മനുഷ്യന്റെ നിലനിൽപ്പിനും സമാധാനത്തിനും കുടുംബമായി ജീവിക്കേണ്ടത് അനിവാര്യമാണെന്ന് ഇസ് ലാഹീ പ്രഭാഷകൻ അലി ഷാക്കിർ മുണ്ടേരി അഭിപ്രായപ്പെട്ടു. കുടുംബബന്ധത്തിന്റെ വിശുദ്ധിയുമായി ബന്ധപ്പെട്ട് കേരള നദ് വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ചു വരുന്ന കാമ്പയിനിന്റെ ഭാഗമായി 'പവിത്രമാണ് കുടുംബം, പരിശുദ്ധമാണ് ബന്ധങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദ ഇന്ത്യൻ ഇസ് ലാഹീ സെന്ററിൽ സംഘടിപ്പിച്ച 'ഇസ് ലാഹീ ഫാമിലി മീറ്റിനെ' അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിൽ നിന്നകന്നതിന്റെ തിക്തഫലങ്ങളനുഭവിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ ഇന്ന് അതിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുകയും കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ഈ കാലഘട്ടത്തിലാണ് നമ്മുടെ നാട്ടിൽ കുടുംബജീവിതത്തിൽനിന്ന് ജനങ്ങൾ പിന്നോട്ട് പോകുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഇസ് ലാമിൽ വിശ്വാസകാര്യങ്ങൾക്കൊപ്പം ഉണ്ടാകേണ്ട മറ്റു അനുഷ്ടാനങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം തന്നെയാണ് കുടുംബബന്ധം നിലനിർത്തുന്നതിനുമുള്ളത്. കുടുംബബന്ധം മുറിച്ചവന്റെ ആരാധനകളൊന്നും സ്വീകരിക്കില്ലെന്നും അങ്ങനെ മരണപ്പെട്ടവൻ സ്വർഗത്തിൽ പ്രവേശിക്കില്ലെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ വിശുദ്ധിയെന്നത് കാലികപ്രസക്തമായ ഒരു വിഷയമായത്കൊണ്ടാണ് ഇസ് ലാഹീ പ്രസ്ഥാനം ഇത്തരമൊരു കാമ്പയിൻ ഏറ്റെടുത്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അബ്ബാസ് ചെമ്പൻ അധ്യക്ഷതവഹിച്ചു. നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.