ജിദ്ദയിലെ ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റീവ്
‘ഇന്ത്യന്‍ റോഡു ടു മക്ക’ സംഗമം
ജിദ്ദ: സൗദിയില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജരായ ‘മലൈബാരി’കളുടെ അപൂർവസംഗമം അവിസ്മരണീയമായി. ഗുഡ്വില് ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജി.ജി.ഐ) ‘ഇന്ത്യന്‍ റോഡു ടു മക്ക’ എന്ന പേരിൽ സംഘടിപ്പിച്ച സംഗമത്തിലാണ് സൗദി പ്രമുഖരുടെ സജീവ പങ്കാളിത്തമുണ്ടായത്. ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി ചെയര്മാന് ശൈഖ് അബ്ദുറഹ്മാന് അബ്ദുല്ല യൂസുഫ് എന്ന ഫദ്ല് മലൈബാരി, മൊസാകോ കമ്പനി മാനേജിങ് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി, മക്കയിലെ മദ്രസത്തുല്‍ മലൈബാരിയ സൂപ്പര്‍വൈസര്‍ ശൈഖ് ആദില്‍ ഹംസ മലൈബാരി, സവോള ഫുഡ്സ് ജനറല്‍ മാനേജര്‍ എന്‍ജി. ആദില്‍ മുഹമ്മദലി വല്ലാഞ്ചിറ എന്നിവർ ‘വീരോചിത മലൈബാരി ബര്‍ത്താനം’ എന്ന ശീർഷകത്തിൽ സദസുമായി മലയാളത്തില്‍ സംവദിച്ചു.
പൗരാണിക ജിദ്ദ നഗരത്തിലെ കുട്ടിക്കാലവും സാഹസിക ഹജ്ജ്, മദീന യാത്രകളും മലൈബാരികള്‍ പങ്കുവെച്ചു. പൂര്‍വികരില്‍നിന്ന് കേട്ട് പഠിച്ച മലയാളത്തിൽ അവർ മൊഴിഞ്ഞപ്പോൾ ജിദ്ദയിലെ പ്രവാസികളടങ്ങിയ സദസിന് അത് വേറിട്ട അനുഭവമായി. ക്ലേശകരമായ ആദ്യകാല തീര്‍ഥാടന അനുഭവങ്ങളും അറേബ്യയിലെ കുട്ടിക്കാലവും മലയാളി പ്രവാസികളുടെ മാഹാത്മ്യവും അവർ വിവരിച്ചു. മലപ്പുറം ഹാജിയാര്‍പള്ളിയില്‍ ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രപിതാമഹന് യൂസുഫിന്റെയും വാഗണ്‍ ട്രാജഡി രക്തസാക്ഷിയായ പിതാമഹന് മുഹ്യദ്ദീന്റെയും ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിന് ജിദ്ദയിലെത്തി പ്രമുഖ സൗദി ബാങ്കായ എന്‍.സി.ബിയില്‍ ഉന്നത ഉദ്യോഗം വഹിച്ച പിതാവ് മലപ്പുറം മൈലപ്പുറം മങ്കരത്തൊടി അബ്ദുല്ല മുന്‍ഷിയുടെയും കഥയാണ് ഫദ്ല് മലൈബാരി വിവരിച്ചത്.
55 വര്‍ഷം മുമ്പ് ആദ്യ ഹജ്ജ് ചെയ്തതും 1974-ല്‍ സ്വന്തം വണ്ടിയോടിച്ച് കുടുംബസമേതം ഹജ്ജിന് പോയതുമെല്ലാം ആലപ്പുഴ ആറാട്ടുപുഴയില്‍ വേരുകളുള്ള മുഹമ്മദ് സഈദ് മലൈബാരി ഓര്‍ത്തെടുത്തു. മൊസാകോ കമ്പനിയിലെ ജീവനക്കാരില്‍ 90 ശതമാനവും മലയാളികളാണെന്ന് വിവരിച്ച മുഹമ്മദ് സഈദ് മലൈബാരി, മലയാളികളുടെ വിശ്വാസ്യത, സത്യസന്ധത, കഠിനാധ്വാനം, അർപണബോധം തുടങ്ങിയവ എടുത്തുപറഞ്ഞു.
ഒന്നര നൂറ്റാണ്ടുമുമ്പ് ഇന്ത്യക്കാര്‍ സ്ഥാപിച്ച അറേബ്യയിലെ ആദ്യത്തെ റഗുലര്‍ സ്കൂളായ സൗലത്തിയ മദ്രസയുടെയും 100 വര്‍ഷം മുമ്പ് മലൈബാരികള്‍ സ്ഥാപിച്ച മദ്രസത്തുല്‍ മലൈബാരിയയുടെയും ടോങ്ക് റുബാത്തിന്റെയും ചരിത്രമാണ് ഇവയുടെയെല്ലാം സൂപ്പര്‍വൈസറായിരുന്ന ആദില്‍ ബിന്‍ ഹംസ മലൈബാരി വിവരിച്ചത്. പ്രമുഖ സൗദി സമുദ്ര ശാസ്ത്രജ്ഞന് ഡോ. ഫൈസല്‍ ബുഖാരി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ച ജി.ജി.ഐ പ്രസിഡന്റ് ഹസന് ചെറൂപ്പ ‘ഇന്ത്യന്‍ റോഡു ടു മക്ക’ എന്ന വിഷയം അവതരിപ്പിച്ചു. ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറര്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു. പ്ലസ് ടു ഉൾപ്പടെയുള്ള പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിന് സെക്രട്ടറി കബീര്‍ കൊണ്ടോട്ടിയും സാങ്കേതിക നിര്‍വഹണത്തിന് സെക്രട്ടറി കെ. ശിഫാസും മേൽനോട്ടം വഹിച്ചു. ശഹീന്‍ സുബൈര്‍ ഖിറാഅത്ത് നിർവഹിച്ചു.
അബു കട്ടുപ്പാറ, ആലുങ്ങല്‍ ചെറിയ മുഹമ്മദ്, ഹുസൈന് കരിങ്കറ, റഹ്മത്ത് ആലുങ്ങല്‍, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, അരുവി മോങ്ങം, നൗഷാദ് താഴത്തെവീട്ടില്‍, ഗഫൂര്‍ കൊണ്ടോട്ടി, ജെസി ടീച്ചര്‍, ഫാത്തിമ തസ്നി ടീച്ചര്‍, ഇബ്രാഹിം ശംനാട്, അഷ്റഫ് പട്ടത്തില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.