മക്ക: ഹജ്ജ് പെർമിറ്റ് നേടാതെ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്നവരെ പിടികൂടാനുള്ള പ്രവർത്തനങ്ങൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഹജ്ജ് നിയമലംഘകരെ പിടികൂടുകയും അത്തരം ലംഘനങ്ങൾ നടത്താൻ സൗകര്യമൊരുക്കുന്നവർക്ക് പിഴ ചുമത്തുകയും ചെയ്യുമെന്ന് വ്യക്തമാക്കിയതിനു തൊട്ടുപിറകെയാണിത്. പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നവർക്കും മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്ന വിസിറ്റ് വിസക്കാരുൾപ്പെടെയുള്ളവർക്കും 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
തീർഥാടകരുടെ സുരക്ഷക്കും അതുവഴി അവർക്ക് കർമങ്ങൾ അനായാസമായും മനസ്സമാധാനത്തോടെയും നിർവഹിക്കാനും അന്തരീക്ഷമൊരുക്കുക എന്ന ലക്ഷ്യമിട്ട് പുറപ്പെടുവിക്കുന്ന ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 എന്ന നമ്പറിലും അറിയിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.