ദേ​ശീ​യ പൈ​തൃ​ക ര​ജി​സ്റ്റ​റി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ശി​ലാ​ലി​ഖി​ത​വും പു​രാ​ത​ന നി​ർ​മി​തി​യും

101 പുരാവസ്തു ചരിത്രകേന്ദ്രങ്ങൾകൂടി സൗദി ദേശീയ പൈതൃക രജിസ്റ്ററിൽ

യാംബു: സൗദി അറേബ്യയിൽ 101 പുരാവസ്തു ചരിത്രകേന്ദ്രങ്ങളെ കൂടി ദേശീയ പൈതൃക രജിസ്റ്ററിൽ ഉൾപ്പെടുത്തി. പുതുതായി ഉൾപ്പെടുത്തിയ സ്മാരകങ്ങളിൽ ഹാഇൽ മേഖലയിൽനിന്ന് 81 കേന്ദ്രങ്ങളും തബൂക്ക് മേഖലയിൽനിന്ന് ഒമ്പത് കേന്ദ്രങ്ങളും മദീന മേഖലയിൽനിന്ന് ആറ് കേന്ദ്രങ്ങളും അൽ-ഖസീം മേഖലയിൽനിന്ന് മൂന്ന് കേന്ദ്രങ്ങളും അസീർ, അൽ-ജൗഫ് മേഖലകളിൽനിന്ന് ഒരു കേന്ദ്രവുമാണുള്ളതെന്ന് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) അതോറിറ്റി അറിയിച്ചു. 'നാഷനൽ ആന്റിക്വിറ്റീസ് രജിസ്റ്ററി'ൽ രാജ്യത്തെ രജിസ്റ്റർ ചെയ്ത ചരിത്ര പൈതൃക കേന്ദ്രങ്ങളുടെ ആകെ എണ്ണം ഇതോടെ 8,528 ആയെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സൗദിയിലെ പൈതൃക കേന്ദ്രങ്ങളും പുരാവസ്തുസ്ഥലങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്.സി.ടി.എച്ച് ദേശീയ രജിസ്റ്റർ ആരംഭിച്ചത്. പുരാവസ്തു ഗവേഷണത്തിനും ചരിത്രപഠനത്തിനും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കി സമഗ്രപദ്ധതികളാണ് എസ്.സി.ടി.എച്ച് അതോറിറ്റി നടപ്പാക്കുന്നത്. സൗദിയിലെ വിവിധ മേഖലയിൽ പ്രാദേശികവും അന്തർദേശീയവുമായ നിരവധി സന്നദ്ധസംഘങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്.

സൗദിയുടെ ചരിത്രത്തിന്റെ നാൾവഴികൾക്ക് തെളിവും വ്യത്യസ്ത വാസ്തുശിൽപ ചാരുത വെളിപ്പെടുത്തുന്നതുമായ നിർമിതികളും ചരിത്രാതീത കാലഘട്ടത്തിലുള്ള ശേഷിപ്പുകളും ശിലാലിഖിതങ്ങളും അടക്കമുള്ളതാണ് പുതുതായി രജിസ്റ്റർ ചെയ്ത സ്മാരകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

രാജ്യത്തെ പുരാവസ്തു, ചരിത്രസ്ഥലങ്ങളും കേന്ദ്രങ്ങളും കണ്ടെത്താനും രേഖപ്പെടുത്താനും സംരക്ഷിക്കാനും ഹെറിറ്റേജ് കമീഷൻ രാജ്യത്തെ പൗരന്മാരോടും സന്ദർശകരോടും സഹകരണം അഭ്യർഥിച്ചു. ശ്രദ്ധയിൽപെട്ടതും പര്യവേക്ഷണം ചെയ്തതുമായ പ്രധാന പുരാവസ്തു സ്ഥലങ്ങൾ 'ബലാഗ്' എന്ന പ്ലാറ്റ് ഫോമിലൂടെ റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി ആഹ്വാനം ചെയ്തു.

Tags:    
News Summary - Inscriptions and Archeology Newly added to the National Heritage Register

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.