സ്കൗട്ട് ആൻഡ് ഗൈഡൻസിന്റെ രാജ്യപുരസ്കാർ നേടിയ വിദ്യാർഥികൾ പരിശീലകർക്കൊപ്പം
ദമ്മാം: സ്വയം അച്ചടക്കവും സഹനവും പരിശീലിപ്പിക്കുന്നതിനൊപ്പം രാജ്യത്തിനും സമൂഹത്തിനും സേവകരായിമാറാൻ വിദ്യാർഥികളെ വാർത്തെടുക്കുന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡൻസിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ ‘രാജ്യപുരസ്കാർ’ കരസ്ഥമാക്കി സൗദിയിലെ ഇന്ത്യൻ സ്കുളിലെ വിദ്യാർഥികൾ. കഴിഞ്ഞ അവധിക്കാലത്ത് സേലത്ത് നടന്ന ഏഴ് ദിവസം നടന്ന ക്യാമ്പിലെ ശാരീരികവും, മാനസികവുമായ മികച്ച പരീക്ഷണങ്ങൾക്കും, പരീക്ഷകൾക്കും ശേഷമാണ് ഇവർ ഈ പുരസ്കാരത്തിന് അർഹമാകുന്നത്. ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ 30 ഓളം വിദ്യാർത്ഥികളാണ് ഒന്നിച്ച് ഈ പുരസ്കാരം നേടിയിരിക്കുന്നത്.
ഇന്ത്യയിൽ ഓരോ സംസ്ഥാനത്തും അതാത് ഗവർണർമാരുടെ ഒപ്പോടുകൂടിയാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. വിദേശ രാജ്യങ്ങളിൽ അതാത് രാജ്യത്തെ ഇന്ത്യൻ അംബാസഡർമാരാണ് സർട്ടിഫിക്കറ്റിൽ ഒപ്പുവെക്കുന്നത്. അടുത്ത് നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡൻസിന്റെ പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിച്ച ജി.സി.സിയിലെ കോർഡിനേറ്റർമാരായ കമ്മീഷണർ ഡോ. ഷമീർ ബാബു, സെക്രട്ടറി ഡോ. ബിനു മാത്യു, ട്രഷറർ ഡോ. സവാദ് എന്നിവരുടെ അക്ഷീണയത്നമാണ് കാലങ്ങളിയി സൗദിയിലെ ഇന്റർനാഷനൽ സ്കുളുകളിൽ സ്കൗട്ടിനെ സജീവമാക്കി നിലനിർത്തുന്നത്.
അവധിക്കാലങ്ങളിൽ ജീവിതത്തിന്റെ വെല്ലുവിളികളെ അതിജയിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് സ്കൗട്ട് പരിശീലനങ്ങളിലുടെ സാധ്യമാക്കുന്നതെന്ന് കമ്മീഷണർ ഡോ. ഷമീർ ബാബു പറഞ്ഞു. ശാരീരിക അധ്വാനവും, അതിനൊപ്പം കൃത്യമായ മനസ്സുറപ്പും ആവശ്യമുള്ള നിരവധി പരീക്ഷണങ്ങൾ കടന്നാൽ മാത്രമേ ഇത്തരം അംഗീകാരം കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധിക്കുകകയുള്ളു.
ഇന്ത്യൻ സ്കൂളിലെ അധ്യാപകരുടെ നിസ്സീമ പിന്തുണയാണ് ഇത്തരം നേട്ടങ്ങളിലേക്ക് അവരെ എത്തിക്കാൻ തങ്ങളെ പ്രാർപ്തരാക്കിയെന്ന് സെക്രട്ടറി ഡോ. ബിനു മാത്യു പറഞ്ഞു. സേലത്ത് നടന്ന ക്യാമ്പിൽ പ്രാഥമിക പരിശീലനം നേടുന്നതിന് ദമ്മാം സ്കുളിലെ ഏഴോളം അധ്യാപകർ പങ്കെടുത്തിരുന്നു. സീനിയർ അധ്യാപകരായ രശ്മി ശിവപ്രകാശ്, റാബിയ റൂബി, റഹ്മത്തുള്ള, ശ്രീ പ്രിയ സ്വാതി എന്നീ അധ്യാപകർ മികച്ച പരിശീലനം പൂർത്തിയാക്കുകയും കുട്ടികളുടെ ക്യാമ്പിന് നേതൃത്വം കൊടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.