ദമ്മാം: സൗദി അറേബ്യയിൽ വിസ, പാസ്പോർട്ട് സേവനങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ പുതിയ കരാറെടുത്ത അലങ്കിത് അസൈന്മെന്റ് ലിമിറ്റഡ് എത്താൻ വൈകുന്നു. അപേക്ഷകർ പ്രതിസന്ധിയിലായ സാഹചര്യത്തിൽ നിലവിലെ ഏജൻസിയായ വി.എഫ്.എസിന്റെ സേവനം മൂന്ന് മാസം കൂടി തുടരും.
ജൂലൈ മുതൽ സൗദിയിൽ ‘അലങ്കിത്’ പ്രവർത്തിച്ചു തുടങ്ങും എന്നായിരുന്നു ഇന്ത്യൻ എംബസി വൃത്തങ്ങളിൽനിന്ന് നേരത്തേ ലഭിച്ച വിവരം. എന്നാൽ ദിവസങ്ങൾ മാത്രം ശേഷിക്കെ സൗദിയിൽ പ്രാഥമിക പ്രവർത്തനങ്ങൾ പോലും അലങ്കിത് ആരംഭിച്ചതായി സൂചനയില്ല. മൂന്നുമാസം കൂടി സേവനം തുടരാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് വി.എഫ്.എസ് വൃത്തങ്ങൾ ‘ഗൾഫ് മാധ്യമ’ത്തോട് സ്ഥിരീകരിച്ചു.
പാസ്പോർട്ട് എടുക്കൽ, പുതുക്കൽ, വിവിധ തരം രേഖകളുടെ അറ്റസ്റ്റേഷൻ, ഇന്ത്യയിലേക്കുള്ള വിസ തുടങ്ങിയ സേവനങ്ങൾ കൃത്യസമയത്ത് ലഭിക്കാത്തതിനാൽ ആളുകൾ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിൽ. ഈ സേവനങ്ങൾക്ക് വി.എഫ്.എസ് വഴി അപേക്ഷിക്കുന്നതിനുള്ള അപ്പോയിൻമെന്റുകൾ ലഭിക്കുന്നില്ല എന്നതാണ് പ്രധാന പരാതി.
കാലാവധി തീരാറായ പാസ്പോർട്ടുകളുമായി ഇന്ത്യൻ പ്രവാസികൾ പ്രയാസത്തിലാണ്. വലിയ തുക ചെലവഴിച്ച് ‘തൽക്കാൽ’ സംവിധാനത്തിലൂടെ പാസ്പോർട്ടുകൾ പുതുക്കാൻ നിർബന്ധിതരാവുകയാണ്. നാട്ടിൽ 2,000 രൂപ മാത്രം ചെലവ് വരുേമ്പാൾ തൽക്കാൽ സംവിധാനം വഴി പുതുക്കുേമ്പാൾ സൗദിയിൽ 868 റിയാലാണ് നൽകേണ്ടി വരുന്നത്. കാലാവധി തീരുന്നതിന് ആറു മാസം മുമ്പ് പാസ്പോർട്ട് പുതുക്കണമെന്നാണ് നിയമം.
എന്നാൽ അത് ചെയ്യാതെ അവസാന നിമിഷം വരെ കാത്തിരിക്കുന്നവരാണ് പ്രധാനമായും കുടുങ്ങുന്നത്. ദിവസവും 300ലധികം പാസ്പോർട്ട് സേവനങ്ങൾക്കും 100ഓളം മറ്റ് അറ്റസ്റ്റേഷനുകൾക്കും അനുമതി നൽകുന്നുണ്ടെന്ന് വി.എഫ്.എസ് പ്രതിനിധി പറയുന്നു. ഇപ്പോൾ ജൂലൈ രണ്ടാം വാരം മുതലുള്ള അപ്പോയിൻമെന്റുകൾ ലഭ്യമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.