ഹജ്ജ് കർമം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയ തീർഥാടകർക്ക് റിയാദിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ സ്വീകരണം നൽകിയപ്പോൾ
റിയാദ്: ഹജ്ജ് വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയ തീർഥാടകർക്ക് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സ്വീകരണം നൽകി. മലസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അബ്ദുറഹ്മാൻ സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകി. സൗദി നാഷനൽ മീഡിയ ആൻഡ് പി.ആർ. സെക്രട്ടറി അഷറഫ് അലി പരിപാടി ഉദ്ഘാടനം ചെയ്തു. റീജ്യൻ പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ മുഖ്യപ്രഭാഷണം നടത്തി.
മനുഷ്യെൻറ രക്തവും സ്വത്തും അഭിമാനവും ഏറെ പവിത്രമാണെന്നും അത് പരസ്പരം ഹനിക്കാൻ പാടില്ലെന്നുമുള്ള പ്രവാചക വചനങ്ങൾ അദ്ദേഹം ഓർമിപ്പിച്ചു. സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിൽ അല്ലാഹുവെ ഭയപ്പെടണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പുരുഷന്മാർക്ക് ബാധ്യതയുണ്ടെന്നുമുള്ള പ്രസക്തഭാഗങ്ങൾ വിശദീകരിച്ച അദ്ദേഹം, ഈ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുമ്പോഴാണ് സ്വീകാര്യമായ ഹജ്ജായി മാറുന്നതെന്ന് ഉദ്ബോധിപ്പിച്ചു.
കഠിനമായ ചൂടിനെയും പ്രയാസങ്ങളെയും അവഗണിച്ച് മക്കയിലും മശാഇറുകളിലും സന്നദ്ധസേവന രംഗത്ത് സജീവമായിരുന്ന ഐ.സി.എഫ്, ആർ.എസ്.സി വളൻറിയർമാരെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു. മഹ്മൂദ് ചെങ്ങളായി, അബ്ദുറഹ്മാൻ കുറ്റിപ്പാല, ഹുസൈൻ പുത്തൂർ, ഉമറുൽ ഫാറൂഖ്, ഷൗക്കത് ഹാജി എന്നിവർ തങ്ങളുടെ ഹജ്ജ് അനുഭവങ്ങൾ സദസ്സുമായി പങ്കുവെച്ചു. സന്നദ്ധസേവനങ്ങളെക്കുറിച്ച് വളൻറിയർ പ്രതിനിധി ജംഷീദ് വിശദീകരിച്ചു. ജബ്ബാർ കുനിയിൽ സ്വാഗതവും അബ്ദുൽ ഖാദർ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.