അപകടത്തിൽ പരിക്കേറ്റ എയ്ഡൻ ഫാസ്കൽ നാട്ടിലേക്ക് പുറപ്പെടും മുമ്പ്ആശുപത്രിക്കിടക്കയിൽ സാമൂഹിക പ്രവർത്തകരോടൊപ്പം
ദമ്മാം: വർക്ക്ഷോപ്പിലെ ജോലിക്കിടയിലുണ്ടായ അപകടത്തിൽ നെട്ടല്ല് തകർന്ന മലയാളിയെ സാമൂഹിക പ്രവർത്തകർ നാട്ടിലെത്തിച്ചു. വാഹനം ഉയർത്തിവെച്ച ഹൈഡ്രോളിക് പിസ്റ്റൺ കേടുവന്ന് താഴേക്ക് പതിച്ച് വാഹനത്തിന് അടിയിൽപെട്ടായിരുന്നു തിരുവനന്തപുരം സ്വദേശി എയ്ഡൻ ഫാസ്കലിെൻറ (31) നട്ടെല്ല് തകർന്നത്.
ഒരു വർഷമായി ദമ്മാമിലെ അൽമുവാസാത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്. ഖുദരിയയിലെ കാർ വർക്ക്ഷോപ്പിൽ മെക്കാനിക്കായി ജോലിചെയ്തിരുന്ന എയ്ഡൻ രണ്ടു വർഷം മുമ്പാണ് സൗദിയിൽ ജോലിക്കെത്തിയത്. അവധിയിൽ നാട്ടിൽ പോകുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കാർ പിസ്റ്റണിൽ ഉയർത്തിവെച്ച് അതിനടിയിൽ കിടന്ന് ജോലിചെയ്യുകയായിരുന്നു ഫാസ്കൽ. ഇതിനിടയിൽ പിസ്റ്റൺ താഴേക്ക് പതിക്കുകയും യുവാവ് കാറിനടിയിൽ പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയവർ ഏറെ പണിപ്പെട്ട് കാർ ഉയർത്തിയാണ് പുറത്തെടുത്തത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തരമായി ശസ്ത്രക്രിയകൾക്ക് വിധേയമായെങ്കിലും സുഖം പ്രാപിച്ചില്ല. നാട്ടിൽ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് കോവിഡ് പ്രതിസന്ധി ആരംഭിച്ചത്. അതോടെ ആശുപത്രിക്കിടക്കയിൽ ഒറ്റപ്പെട്ടുപോയ ഫാസ്കലിെൻറ ചികിത്സക്ക് ഇതുവരെ ചെലവായത് ആറുലക്ഷത്തിലധികം റിയാലാണ്. ദമ്മാമിൽ വീട്ട് ൈഡ്രവറായ തിരുവന്തപുരം സ്വദേശി ഷാനവാസ് ആയിരുന്നു ഇക്കാലമത്രയും ആശുപത്രിയിലെത്തി പരിചരണം നൽകിവന്നത്.
ഷാനവാസിെൻറ സ്പോൺസറും ആശുപത്രിയിലെത്തി ഫാസ്കലിെൻറ അവസ്ഥ നേരിൽ കണ്ടു. മനസ്സലിഞ്ഞ സ്പോൺസർ ഷാനവാസിന് യുവാവിനെ നാട്ടിൽ കൊണ്ടുപോകുേമ്പാൾ ഒപ്പംപോകാൻ അനുമതി നൽകി. സാമൂഹികപ്രവർത്തകരായ മണിക്കുട്ടൻ, മഞ്ജു മണിക്കുട്ടൻ, സലാം വർക്കല എന്നിവർ നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. കമ്പനിയധികൃതരുമായി സംസാരിക്കുകയും നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു. കഴിഞ്ഞദിവസം ദമ്മാമിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിച്ച ഫാസ്കലിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛനും അമ്മയും ഇല്ലാത്ത ഫാസ്കലിന് കുഞ്ഞമ്മയാണ് ഇപ്പോൾ ആശ്രയമായിട്ടുള്ളത്. ആരും അന്വേഷിക്കാനില്ലാതെ കിടന്ന ഒരു ചെറുപ്പക്കാരനെ തിരികെ നാട്ടിലെത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് മഞ്ജുവും മണിക്കുട്ടനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.