ജിദ്ദ/മലപ്പുറം: അന്നം നൽകുന്ന നാടിനോടുള്ള നന്ദിയും സ്നേഹവും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട്, ലോകകപ്പ് ഫുട്ബാൾ ആവേശത്തിനിടെ സൗദി അറേബ്യയുടെ ദേശീയ ഫുട്ബാൾ ടീമിനെ പിന്തുണച്ച് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് നെന്മിനിയിൽ ഭീമൻ ഫ്ലെക്സ് ബോർഡ് ഉയർന്നു.
80 അടി നീളവും എട്ട് അടി വീതിയുമുള്ള ഫ്ളക്സിൽ 'അന്നം തരുന്ന നാടിനൊപ്പം' എന്ന വാചകത്തോടെ സൗദി ടീമിന്റെ കൂടെ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ഫോട്ടോകളും ആലേഖനം ചെയ്തിരിക്കുന്നു. സൗദി ടീമിന് വേണ്ടി കേരളത്തിൽ ഒരുക്കിയ ഏറ്റവും വലിയ ഫ്ളക്സ് ബോർഡാണ് നെന്മിനിയിൽ സ്ഥാപിതമായത്.
മറ്റുള്ള ടീം ആരാധകർ സ്ഥാപിച്ച പോലെയുള്ള ഒരു സാധാരണ ഫ്ലെക്സ് ബോർഡ് അല്ല ഇത്. മറിച്ച്, പ്രവാസജീവിതത്തിന്റെ ഓർമ്മകളും ആത്മബന്ധവും ഐക്യത്തിന്റെ ശക്തിയും ചേർന്ന ഒരു വികാരപ്രകടനമാണ്. സൗദിയിലെ നെന്മിനി പ്രവാസി കൂട്ടായ്മ പ്രവർത്തകരാണ് ഇത്തരമൊരു ബോർഡ് ഒരുക്കിയത്. തങ്ങളെ വളർത്തിയ നാടിനോടുള്ള കടപ്പാടിന്റെ പ്രതീകമായി ഒരുക്കിയ ബോർഡിൻറെ ചിലവിനുള്ള പണം കണ്ടെത്തിയത് ഇവർ ഓരോരുത്തരുടെയും ചെറിയ സംഭാവനകളിലൂടെയായിരുന്നു.
സംരംഭത്തിനായി ശേഖരിച്ച തുകയിൽ നിന്ന് ചെലവുകൾക്ക് ശേഷം ബാക്കിയായ തുക ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സൗദി നെന്മിനി പ്രവാസി കൂട്ടായ്മ സാരഥികളായ റഷീദ്, സക്കീൽ, യാസീൻ, റുബൈസ്, റഫീഖ് ചോലക്കൽ തുടങ്ങിയവർ ബോർഡ് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.