ലെബനാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഇറക്കുമതി പുനരാരംഭിച്ചതിനെ തുടർന്ന് ആദ്യ കപ്പൽ ജിദ്ദയിൽ പുറപ്പെടാനൊരുങ്ങുന്നു
റിയാദ്: നീണ്ട ഇടവേളക്കുശേഷം ലെബനാനിൽനിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധനം പിൻവലിച്ചതിനെത്തുടർന്ന്, ആദ്യ ചരക്ക് കപ്പൽ സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു.
ബൈയ്റൂത്ത് തുറമുഖത്തുനിന്ന് ജിദ്ദ ഇസ്ലാമിക് തുറമുഖത്തേക്കാണ് ആദ്യ കണ്ടെയ്നറുകൾ യാത്ര തിരിച്ചത്. മയക്കുമരുന്ന് കള്ളക്കടത്തിന് സൗദി അറേബ്യയെ ഒരു വേദിയാക്കുന്നത് തടയാൻ കർശന സുരക്ഷ നടപടികൾ നടപ്പാക്കുമെന്ന് ലെബനാൻ സർക്കാർ ഉറപ്പുനൽകിയ സാഹചര്യത്തിലാണ് നിരോധനം നീക്കാനുള്ള സൗദിയുടെ നിർണായക തീരുമാനം.
ലെബനാൻ പ്രസിഡൻറ് ജോസഫ് ഔണും പ്രധാനമന്ത്രി ഡോ. നവാഫ് സലാമും സൗദി കിരീടാവകാശിയോട് ഇറക്കുമതി നിരോധനം നീക്കണമെന്ന് ഔദ്യോഗികമായി അഭ്യർഥിച്ചിരുന്നു. ഇതിനോട് അനുകൂലമായി പ്രതികരിച്ച റിയാദിെൻറ നീക്കത്തിന് ലെബനാൻ ഗവൺമെൻറ് നന്ദി പ്രകടിപ്പിച്ചു.
തുറമുഖങ്ങളിലെ മേൽനോട്ടം ശക്തമാക്കുന്നതിെൻറ ഭാഗമായി സാധനങ്ങളും കണ്ടെയ്നറുകളും കൃത്യമായി പരിശോധിക്കാൻ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുക, സുരക്ഷ നിരീക്ഷണം ഉറപ്പാക്കുക, കസ്റ്റംസ് ക്ലിയറൻസ് ത്വരിതപ്പെടുത്തുക തുടങ്ങിയ പ്രായോഗിക നടപടികൾ ലെബനാൻ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.
ബൈയ്റൂത്ത് തുറമുഖത്ത് നടന്ന ആദ്യ ചരക്കുനീക്കത്തിെൻറ ഔദ്യോഗിക ചടങ്ങിൽ ലെബനാനിലെ സൗദി അംബാസഡർ ഫഹദ് അൽദോസരി, ലെബനാൻ പ്രധാനമന്ത്രി ഡോ. നവാഫ് സലാം, മറ്റ് പ്രമുഖ മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സമീപ മാസങ്ങളിൽ ലെബനാൻ സർക്കാർ സ്വീകരിച്ച സുരക്ഷാ മുൻകരുതലുകളുടെ വെളിച്ചത്തിലാണ് ഇറക്കുമതി പുനരാരംഭിച്ചതെന്ന് അംബാസഡർ ഫഹദ് അൽദോസരി വ്യക്തമാക്കി.
ലെബനാെൻറ സ്ഥിരത, പരമാധികാരം, ജനങ്ങളുടെ ക്ഷേമം എന്നിവയ്ക്കുള്ള സൗദിയുടെ പിന്തുണയെയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്നും, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി വിപണി തുറന്നുകിട്ടിയത് രാജ്യം വളരെക്കാലമായി കാത്തിരുന്ന തീരുമാനമാണെന്ന് ലെബനാൻ പ്രധാനമന്ത്രി ഡോ. നവാഫ് സലാം പറഞ്ഞു. ബെക്ക താഴ്വരയിലെയും തെക്കൻ, വടക്കൻ ഭാഗങ്ങളിലെയും ആയിരക്കണക്കിന് കർഷകർക്കും, സമീപ വർഷങ്ങളിൽ സൗദിയിലേക്കുള്ള ഇറക്കുമതി തടസ്സപ്പെട്ടതിനാൽ പ്രതിസന്ധിയിലായ ഫാക്ടറികൾക്കും വ്യാപാരികൾക്കും ഇത് പുതിയ പ്രതീക്ഷ നൽകുന്നു.
സൗദിയും മറ്റ് അറബ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ലെബനാൻ ആഗ്രഹിക്കുന്നുവെന്നും, അറബ് സഹോദരങ്ങൾക്ക് ദോഷം വരുത്തുന്ന ഒന്നിനും തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ, സ്ഥിരത, വികസനം എന്നിവയിൽ രാജ്യം എപ്പോഴും പങ്കാളിയായിരിക്കുമെന്നും ലെബനാൻ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.