റിയാദ്: ലൈസൻസില്ലാതെ നിയമവിരുദ്ധ ടാക്സി സർവീസ് (കദ്ദാദ) നടത്തിയതിന് 419 ഡ്രൈവർമാരെ സൗദിയിൽ പിടികൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചക്കുള്ളിൽ ഗതാഗത അതോറിറ്റിക്ക് കീഴിലെ ഉദ്യേഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരെ പിടികൂടിയത്. ലൈസൻസ് ഇല്ലാതെ യാത്രാ ഗതാഗത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് അവരുടെ വാഹനങ്ങൾ കണ്ടുകെട്ടലും പിഴ ചുമത്തലും ഉൾപ്പെടെയുള്ള നടപടികൾ അവർക്കെതിരെ ചുമത്തുകയും ചെയ്തു.
ഗതാഗത അതോറിറ്റിയുടെ പരിശോധനാ സംഘങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത രംഗത്തെ നിയമലംഘനങ്ങളുടെ പരിശോധന തുടരുകയാണ്. ലൈസൻസില്ലാതെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ വിളിച്ച് കയറ്റിയ 236 നിയമലംഘകരെയും സ്വകാര്യ വാഹനങ്ങളിൽ ക്രമരഹിതമായ രീതിയിൽ യാത്രക്കാരെ കയറ്റിയ 183 നിയമലംഘകരെയും പരിശോധനാ സംഘങ്ങൾ പിടികൂടിയതായി അതോറിറ്റി വെളിപ്പെടുത്തി.
ഗതാഗത മേഖലയിലെ മത്സരശേഷി വർധിപ്പിക്കുന്നതിനും ഗതാഗതത്തിന്റെ ഗുണനിലവാരത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കും ഹാനികരമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധനയെന്ന് അതോറിറ്റി പറഞ്ഞു. ദേശീയ ഗതാഗത, ലോജിസ്റ്റിക് പദ്ധതിക്ക് അനുസൃതമായി ഗതാഗത മേഖലയിലെ അനുസരണ നിരക്കുകൾ വർധിപ്പിക്കുന്നതിന് ഈ നടപടി സംഭാവന ചെയ്യുന്നുവെന്നും അതോറിറ്റി പറഞ്ഞു.
പുതിയ കര ഗതാഗത സംവിധാനം ലൈസൻസില്ലാത്ത ഗതാഗതം നിരോധിക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്. യാത്രക്കാരെ പുറത്തേക്ക് വിളിച്ചു കൊണ്ടുപോകുന്നതിന് വാഹനം 25 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും അതോറിറ്റി വിശദീകരിച്ചു. നിയമവിരുദ്ധ ഗതാഗതത്തിൽ ഏർപ്പെടുന്ന ഏതൊരാൾക്കും 20000 റിയാൽ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കാം. നിയമലംഘന വാഹനം പൊതു ലേലത്തിൽ വിൽക്കാനും ആവർത്തിച്ചുള്ള ലംഘനം ഉണ്ടായാൽ വിദേശിയെ നാടുകടത്താനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.