ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘തൗഹീദ്: സുരക്ഷയുടെ രാജപാത’ എന്ന വിഷയത്തിൽ ഡോ. ഹുസൈൻ മടവൂർ സംസാരിക്കുന്നു
ജിദ്ദ: പ്രപഞ്ചം സ്വയം ഭൂവാണെന്നും സൃഷ്ടികൾ എന്നൊന്ന് ഇല്ലെന്നും അതുകൊണ്ടുതന്നെ സ്രഷ്ടാവിന് പ്രസക്തിയില്ല എന്നുമുള്ള യുക്തിവാദികളുടെ പ്രസ്താവന തികച്ചും അബദ്ധജഡിലമാണെന്ന് കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘തൗഹീദ്: സുരക്ഷയുടെ രാജപാത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിൽ നടന്ന ആറാമത് ആഗോള അറബി ഭാഷ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ജിദ്ദയിലെത്തിയതായിരുന്നു അദ്ദേഹം.
ആധുനിക ലോകത്തെ മുന്നോട്ടു നയിക്കുന്നത് ശാസ്ത്രമാണെന്ന് വാദിക്കുന്നവർ ആ ശാസ്ത്രത്തിന്റെ ഏത് അളവുകോൽ വെച്ചളന്നാലും പ്രപഞ്ചനാഥന്റെ അസ്തിത്വത്തെ തിരസ്കരിക്കാൻ കഴിയില്ല, എന്ന് മാത്രമല്ല ദൈവ സാന്നിധ്യത്തെ അംഗീകരിക്കുകയേ നിർവാഹമുള്ളൂ. അനന്തകോടി വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുള്ള ഈ പ്രപഞ്ചം പ്രപഞ്ചനാഥന്റെ സൃഷ്ടിയാണ് എന്നതു തന്നെയാണ് ബുദ്ധിക്ക് യോജിക്കുന്ന പ്രസ്താവന.
ആ പ്രപഞ്ചനാഥനെയാണ് അല്ലാഹു എന്ന് അറബി ഭാഷയിൽ പറയുന്നത്. എല്ലാ മതക്കാരും അറബി ഭാഷയിൽ ദൈവത്തെ അല്ലാഹു എന്ന് തന്നെയാണ് അഭിസംബോധന ചെയ്യുന്നത്. ആ ദൈവം ഏകനാണ് (തൗഹീദ്) എന്ന വിശ്വാസമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്.
പ്രപഞ്ച സ്രഷ്ടാവിന്റെ ഏകത്വം അംഗീകരിക്കുന്നതിലൂടെ മനുഷ്യൻ ഭൗതികമായ എല്ലാ ചതിക്കുഴികളിൽനിന്നും രക്ഷപ്പെടുന്നു എന്ന് മാത്രമല്ല അവന് മാനസികമായ ആശ്വാസവും സംതൃപ്തിയും കൈവരിക്കാൻ സാധിക്കുന്നു എന്നുള്ളത് വളരെ പ്രസക്തമാണെന്നും ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി എടക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.