റിയാദ്: സൗദി അറേബ്യൻ ഫുട്ബാൾ ഭീമന്മാരായ അൽ നസർ എഫ്.സി, പ്രമുഖ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കമ്പനിയായ ‘ഹ്യുമൈൻ എഐ’യുമായി 2026-27 സീസണിലേക്കുള്ള ഔദ്യോഗിക മുഖ്യ സ്പോൺസർഷിപ്പ് കരാർ ഒപ്പുവെച്ചു. ഹ്യുമൈൻ എഐ സി.ഇ.ഒ താരിഖ് അമീനും അൽ നസർ സി.ഇ.ഒ ജോസ് സെമെഡോയും ചേർന്നാണ് ഈ ചരിത്രപ്രധാനമായ കരാറിന് അന്തിമരൂപം നൽകിയത്.
കരാറിന്റെ ഭാഗമായി അൽ നസർ ക്ലബ്ബിന്റെ ഔദ്യോഗിക ജേഴ്സിയിൽ ഹ്യുമൈൻ എഐ ലോഗോ ഇടംപിടിക്കും. കൂടാതെ, ക്ലബ്ബിന്റെ പുതിയ അത്യാധുനിക പരിശീലന കേന്ദ്രത്തിന്റെ നാമകരണ അവകാശവും കമ്പനിക്ക് ലഭിക്കും. ഫുട്ബാൾ പ്രവർത്തനങ്ങൾ കൂടുതൽ ഡിജിറ്റൽവൽക്കരിക്കുന്നതിനും അത്ലറ്റുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുമായി അത്യാധുനിക എഐ സാങ്കേതികവിദ്യകൾ ക്ലബ്ബിൽ നടപ്പാക്കാനും ഈ പങ്കാളിത്തം വഴിയൊരുക്കും.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ കീഴിൽ 2025ൽ ആരംഭിച്ച ‘ഹ്യുമൈൻ എഐ’, ആഗോളതലത്തിൽ അതിവേഗം വളരുന്ന എഐ സംരംഭമാണ്. വിപുലമായ ഡാറ്റാ സെൻററുകൾ, ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകൾ, എഐ മോഡലുകൾ എന്നിവ ഒരു കുടക്കീഴിൽ അണിനിരത്തുന്ന കമ്പനിയെ പി.ഐ.എഫ് നേരിട്ടാണ് ഫണ്ട് ചെയ്യുന്നത്.
എൻവിഡിയ, എ.എം.ഡി, ആമസോൺ, ക്വാൽകോം തുടങ്ങിയ ആഗോള സാങ്കേതിക ഭീമന്മാരുമായി സഹകരിക്കുന്ന ഇവർ, അറബിക് ഭാഷക്ക് മുൻഗണന നൽകുന്ന ‘അല്ലാം’ ലാർജ് ലാംഗ്വേജ് മോഡലിന്റെയും അടുത്ത തലമുറ ഏജൻറിക് ഓപ്പറേറ്റിങ് സിസ്റ്റമായ ‘ഹ്യുമൈൻ ഒഎസ്’-ന്റെയും നിർമാതാക്കളാണ്. കായിക മേഖലയിലേക്ക് സാങ്കേതിക സാധ്യതകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അൽ നസറുമായുള്ള ഈ കരാർ.
1955ൽ സ്ഥാപിതമായ റിയാദ് ആസ്ഥാനമായ അൽ നസർ, സൗദി അറേബ്യയിലെ ഏറ്റവും പഴക്കമേറിയതും ജനപ്രീതിയാർജ്ജിച്ചതുമായ ക്ലബ്ബുകളിലൊന്നാണ്. നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ ക്ലബ്ബ്, ആഭ്യന്തര-ഏഷ്യൻ തലങ്ങളിൽ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. ലോക ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ ആഗോള ശ്രദ്ധ നേടിയ ക്ലബ്ബ്, സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും പുതിയ വഴികൾ തേടുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഹ്യുമൈൻ എഐയുമായി കൈകോർത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.