ജിദ്ദ: സൗദി അറേബ്യയുടെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് റിയാദ്-അൽജൗഫ് വടക്കൻ റെയിൽവേക്കായി 10 പുതിയ അത്യാധുനിക പാസഞ്ചർ ട്രെയിനുകൾ വരുന്നു. സൗദി അറേബ്യ റെയിൽവേ (സാർ) ഇതുസംബന്ധിച്ച ആഗോള ടെൻഡർ പുറപ്പെടുവിച്ചു. സൗദി വിഷൻ 2030ന്റെയും നാഷനൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് സ്ട്രാറ്റജിയുടെയും ഭാഗമായാണ് ഈ വൻ പദ്ധതി നടപ്പാക്കുന്നത്.
ട്രെയിൻ സർവിസുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും യാത്ര സൗകര്യങ്ങൾ വിപുലീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ട്രെയിനുകളുടെ രൂപകൽപന, നിർമാണം, വിതരണം എന്നിവക്ക് പുറമെ 10 വർഷത്തെ ദീർഘകാല അറ്റകുറ്റപ്പണികളും കരാറിന്റെ ഭാഗമാണ്. താൽപര്യമുള്ള കമ്പനികൾക്ക് ടെൻഡറുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 മെയ് 11 ആണ്.
മൂന്നിരട്ടി സീറ്റുകൾ
പുതിയ ട്രെയിനുകൾ പാളത്തിലിറങ്ങുന്നതോടെ നോർത്തേൺ നെറ്റ്വർക്കിലെ യാത്രാശേഷി നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വർധിക്കുമെന്ന് സൗദി അറേബ്യ റെയിൽവേ സി.ഇ.ഒ ഡോ. ബഷാർ അൽമാലിക് വ്യക്തമാക്കി. ഇതോടെ പ്രതിവർഷം 24 ലക്ഷത്തിലധികം സീറ്റുകൾ യാത്രക്കാർക്കായി ലഭ്യമാക്കാൻ സാധിക്കും. നിലവിൽ ഈസ്റ്റേൺ ലൈനിനായി 10 ട്രെയിനുകളുടെ നിർമാണം പുരോഗമിക്കുന്നതിനിടയിലാണ് നോർത്തേൺ ലൈനിനായുള്ള ഈ പുതിയ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
2,700 കിലോമീറ്റർ പാത
റിയാദിൽനിന്ന് ആരംഭിച്ച് മജ്മഅ, ഖസീം, ഹാഇൽ, അൽജൗഫ് വഴി അൽഖുറയ്യാത്ത് വരെ നീളുന്ന 2,700 കിലോമീറ്റർ ദൈർഘ്യമുള്ള നെറ്റ്വർക്കിലായിരിക്കും പുതിയ ട്രെയിനുകൾ സർവിസ് നടത്തുക. വരും വർഷങ്ങളിൽ സുൽഫി ഉൾപ്പെടെയുള്ള പുതിയ സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തി റെയിൽവേ ശൃംഖല വിപുലീകരിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.