ഏത് രാജ്യത്തും ആരോഗ്യവകുപ്പ് സുപ്രധാനമാണ്. ജനങ്ങളുടെ ജീവൻ രക്ഷാവകുപ്പ് എന്നുതന്നെ ആരോഗ്യ വകുപ്പിനെ വിശേഷിപ്പിക്കാം. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന പകർച്ചാവ്യാധികൾ, അപകടങ്ങൾ, സുരക്ഷാവീഴ്ചകൾ എന്നിവ കാരണം ഉണ്ടാകുന്ന ദുരന്തങ്ങൾ, ആശുപത്രികളിലെ ചികിത്സകളിലും പരിചരണങ്ങളിലും സംഭവിക്കുന്ന വീഴ്ചകൾ തുടങ്ങി ആരോഗ്യമേഖലക്ക് പ്രശ്നങ്ങൾ ഒഴിഞ്ഞ കാലം ഇല്ല എന്നു തന്നെ പറയാം.
ഏറ്റവും ഉന്നതമായ സംവിധാനങ്ങളും കുറ്റമറ്റ നിരീക്ഷണങ്ങളുമില്ലാതെ ആരോഗ്യവകുപ്പിന് മുന്നോട്ടു പോകുവാൻ കഴിയില്ല. അതുകൂടാതെ സർക്കാർ മേഖലയിൽ മെഡിക്കൽ സ്റ്റാഫ് മുതൽ സെക്യൂരിറ്റി സ്റ്റാഫ് വരെ രോഗികളുമായും പൊതുജനങ്ങളുമായും ഇത്രയധികം നിരന്തരം സമ്പർക്കത്തിൽ വരുന്ന, വേറെ വകുപ്പുകൾ വിരളമാണ്, അതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ വേറെയും വന്നുകൂടായ്കയില്ല.
ആരോഗ്യമേഖലയിൽ സങ്കീർണമായ പ്രശ്നങ്ങൾ അധികമാണ് എന്നതിനാൽ തന്നെ അവക്ക് പരിഹാരം കാണാൻ കഴിവും കാര്യപ്രാപ്തിയുമുള്ള ഔദ്യോഗിക നേതൃത്വവും അനിവാര്യമാണ്. ലോകനിലാവാരത്തിലേക്ക് എത്തുവാൻ ലോകോത്തര പരിഷ്കാരനടപടികൾ ആരോഗ്യരംഗത്ത് അതോടൊപ്പം ഏറ്റവും പരിചയസമ്പന്നതയും ഭരണനൈപുണ്യവുമുള്ള ജനകീയ രാഷ്ട്രീയ നേതൃത്വമാണ് ആരോഗ്യവകുപ്പിന്റെ തലപ്പത്തു വരേണ്ടത്.
ആരോഗ്യരംഗത്തു ലോകാരോഗ്യ സംഘടനയുടെയും യു.എസ്.എ, യു.കെ തുടങ്ങിയ വികസിത രാജ്യങ്ങളുടെയും നിർദേശങ്ങൾ വികസ്വരരാജ്യങ്ങൾക്ക് അവഗണിക്കുവാൻ കഴിയില്ല. ആരോഗ്യരംഗത്തെ ലോകോത്തര നിലവാരം എന്നത് നിരന്തരമായി കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വസ്തുതയാണ്. എന്നാൽ എന്താണ് യഥാർഥത്തിൽ ലോകോത്തര നിലവാരമെന്നതുകൊണ്ടു വിവക്ഷിക്കപ്പെടുന്നത്?
ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിലോ ശസ്ത്രക്രിയാരീതികളിലോ ആ വിവക്ഷ പരിമിതപ്പെടുത്തുവാൻ കഴിയില്ല. ഡോക്ടറുടെയും രോഗികളുടെയും ഇടയിൽ ഇഴ മുറിഞ്ഞുപോയ ഒരു സൂപ്രധാന കണ്ണിയുണ്ട്. അതുകൂടി ചേർന്നാൽ മാത്രമേ ആധുനിക ചികിത്സാരംഗം ലോകനിലാവാരത്തിലേക്ക് എത്തുന്നുവെന്ന് നമുക്ക് അവകാശപ്പെടുവാൻ കഴിയുകയുള്ളൂ. ആ കണ്ണി ‘ഫാം ഡി’ പഠിച്ച ക്ലിനിക്കൽ ഫാർമസിയുടേതാണ്.
യു.എസ്.എയിൽ 2000 മുതൽ എല്ലാ ആശുപത്രികളിലും ഫാം ഡിയുടെ സേവനം നിർബന്ധമാണ്. അത് മുന്നിൽ കണ്ടാകണം കേരളത്തിൽ സ്വാശ്രയ മേഖലയിൽ ഫാം ഡി കോഴ്സ് തുടങ്ങിയത്. സർക്കാർതലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് എന്ന കാരണം പറഞ്ഞു ഇതുവരെയും ഫാം ഡി തുടങ്ങിയിട്ടില്ല. രണ്ടു സ്വാശ്രയ കോളജ്, ഒരു സർക്കാർ കോളജ് എന്ന അനുപാതമാണ് വിവക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഉന്നത മെരിറ്റിൽ അഡ്മിഷൻ നേടുകയും ഉന്നതമായ വിജയം നേടുകയും ചെയ്തിട്ടും എല്ലാവരെയും സർക്കാർ തലത്തിൽ കോഴ്സ് ഇല്ലല്ലോ, അതിനാൽ സർക്കാർ തലത്തിൽ തസ്തികയും തീരുമാനമായിട്ടില്ല എന്ന നിലപാട് കേരളത്തിലെ സർക്കാർ ആരോഗ്യമേഖലക്ക് നഷ്ടവും കളങ്കവുമായി തുടരുകയാണ്.
എന്നാൽ സ്വകാര്യ മെഡിക്കൽ കോളജുകൾ ഫാം ഡിയെ ഉൾക്കൊള്ളാൻ തയാറായിട്ടുണ്ട്. അതിന്റെ ഗുണഫലങ്ങൾ സ്വകാര്യമേഖലയിൽ ഉണ്ടായിട്ടുണ്ട് എന്ന യാഥാർഥ്യം ആരോഗ്യവകുപ്പ് ഉൾക്കൊള്ളാൻ തയാറാവുകയും സർക്കാർ തലത്തിൽ ഫാം ഡി സേവനം കൂടി പൂർണമായും ലഭ്യമാക്കുകയും ചെയ്താൽ മാത്രമേ കേരള ആരോഗ്യരംഗം ലോകോത്തരമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.