ജിദ്ദ: യമനിലെ അൽഹുദൈദയിൽനിന്ന് ഇറാൻ പിന്തുണയോടെ ഹൂതികൾ സൗദിയെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തെ സൗദി അറേബ്യൻ സഖ്യകക്ഷികൾ അപലപിച്ചു. യമനിൽനിന്ന് ഹൂതികൾ സൗദി അറേബ്യയിലേക്ക് വിക്ഷേപിച്ച മൂന്നു സായുധ ഡ്രോണുകളെ അറബ് സഖ്യസേന വെള്ളിയാഴ്ച തടഞ്ഞു നശിപ്പിച്ചിരുന്നു. തങ്ങൾ ഈ തീവ്രവാദ പ്രവർത്തനത്തെ ശക്തമായി അപലപിക്കുന്നതായും സൗദിയുടെ സുരക്ഷക്കും സ്ഥിരതക്കും ദോഷംവരുത്തുന്ന ഏതൊരു പ്രവൃത്തിക്കെതിരെയും സൗദിയിലെ സഹോദരങ്ങൾക്കൊപ്പം നിലകൊള്ളുകയാണെന്നും യമൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഭീകരതയെ നേരിടുന്നതിനും രാജ്യത്തിെൻറ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും സൗദി കൈക്കൊള്ളുന്ന ഏതൊരു നടപടിയെയും പിന്തുണക്കുമെന്നും യമൻ വ്യക്തമാക്കി. യമനിലെ സംഭവ വികാസങ്ങളെക്കുറിച്ചുള്ള സെക്യൂരിറ്റി കൗൺസിലിെൻറ പ്രത്യേക സെഷന് തൊട്ടുപിന്നാലെയായിരുന്നു ഹൂതികളുടെ തീവ്രവാദ ആക്രമണമെന്നത് ഈ തീവ്രവാദ ഗ്രൂപ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഒരു വെല്ലുവിളിയാണെന്ന് തെളിയിക്കുന്നതായും വാർത്തക്കുറിപ്പിൽ മന്ത്രാലയം പറഞ്ഞു.
ആക്രമണത്തെ അപലപിച്ച ബഹ്റൈൻ, ഇത്തരം ഭീരുത്വം നിറഞ്ഞ ഭീകരപ്രവർത്തനങ്ങൾ സാധാരണക്കാരുടെ സുരക്ഷക്കും സമാധാനത്തിനും അപകടമുണ്ടാക്കുന്നുവെന്ന് പറഞ്ഞു. യമനിലെ നിയമപരമായ സർക്കാറിനെ പിന്തുണക്കുന്ന സൗദിക്കൊപ്പം നിലകൊള്ളുന്നുവെന്നും സഖ്യസേനയുടെ ജാഗ്രതയെ പ്രശംസിക്കുന്നുവെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഹൂതി സായുധസംഘത്തിനും അവരെ പിന്തുണക്കുന്നവർക്കുമെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ബഹ്റൈൻ ആവശ്യപ്പെട്ടു. ഹൂതി വിമതരുടെ തുടർച്ചയായ തീവ്രവാദ ആക്രമണ ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടുള്ള നഗ്നമായ വെല്ലുവിളിയാണെന്നും അവർ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നതായും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്റഫ് ഊന്നിപ്പറഞ്ഞു.
സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹൂതികളുടെ ആവർത്തിച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന് അടിയന്തരവും നിർണായകവുമായ നിലപാട് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തീവ്രവാദ ആക്രമണങ്ങളെ ചെറുക്കുന്നതിലും യമനിൽ നിയമപ്രകാരമുള്ള ഒരു സർക്കാറിനെ പിന്തുണക്കുകയും ചെയ്യുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ജാഗ്രത, കാര്യക്ഷമത, വിജയം എന്നിവയെ അൽഹജ്റഫ് പ്രശംസിച്ചു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) സെക്രട്ടറി ജനറൽ ഡോ. യൂസഫ് ബിൻ അഹമ്മദ് അൽ-ഉതൈമീനും ഹൂതി ആക്രമണത്തെ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.