റിയാദ്: ജി.സി.സി ജനറൽ സെക്രട്ടറി ജാസിം അൽ ബദൈവിയും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയവും സൗദി അറേബ്യയിലെ നജ്റാൻ മേഖലയിൽ ഹൂതി മിലിഷിയകൾ നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. നിരപരാധികളായ സാധാരണക്കാർക്ക് പരിക്കേറ്റ ഈ ആക്രമണം ഭീകരവാദികളുടെ കുറ്റകൃത്യ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് ജി.സി.സി ജനറൽ സെക്രട്ടറി പ്രസ്താവിച്ചു.
സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ഈ ഭീകരകൃത്യം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ജി.സി.സി ജനറൽ സെക്രട്ടറി വ്യക്തമാക്കി. അന്താരാഷ്ട്ര ഉടമ്പടികളോടുള്ള തുറന്ന വെല്ലുവിളിയും മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയുമാണ് ഈ ആക്രമണം. സൗദി അറേബ്യയുടെ സുരക്ഷ ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സൗദിക്കൊപ്പം ജി.സി.സി ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അറിയിച്ചു.
രാജ്യത്തിെൻറ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സിയുടെ പൂർണ പിന്തുണയുണ്ടാകും.
ഇറാൻ പിന്തുണയുള്ള ഹൂതി ഭീകര സംഘം ഷെല്ലുകൾ ഉപയോഗിച്ച് നജ്റാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ഭീകരാക്രമണത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. ഇത് ഗുരുതരമായ പ്രകോപനമാണെന്നും അന്താരാഷ്ട്ര നിയമങ്ങൾ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ, ഐക്യരാഷ്ട്രസഭാ ചാർട്ടർ എന്നിവയുടെ ലംഘനമാണെന്നും ബഹ്‌റൈൻ വ്യക്തമാക്കി.
സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും പൗരന്മാരുടെയും സിവിലിയൻ കേന്ദ്രങ്ങളുടെയും സുരക്ഷയും ഉറപ്പാക്കാൻ കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ബഹ്റൈെൻറ പൂർണ ഐക്യദാർഢ്യവും പിന്തുണയും മന്ത്രാലയം ഉറപ്പുനൽകി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച ബഹ്‌റൈൻ, ഹൂതി ഭീകരർക്കെതിരെ കർശന അന്താരാഷ്ട്ര നടപടി സ്വീകരിക്കണമെന്നും, സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മേഖലയിലെ സമാധാനം നിലനിർത്തുന്നതിനുമായി അവരുടെ സാമ്പത്തിക-ആയുധ സ്രോതസ്സുകൾ തടയണമെന്നും ആവശ്യപ്പെട്ടു.
വ്യാഴാഴ്ച പുലർച്ച നജ്റാനിലുണ്ടായ ഹൂതി ഭീകരാക്രമണത്തിൽ 11 സാധാരണക്കാർക്ക് പരിക്കേറ്റതായി യെമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വെള്ളിയാഴ്ച പുലർച്ചെ അറിയിച്ചു. പരിക്കേറ്റവരിൽ ഒരു സ്ത്രീയും നാല് വയസ്സുള്ള കുട്ടിയും ഉൾപ്പെടെ ഏഴ് സൗദി പൗരന്മാരും, ഒരു യമൻ പൗരനും, രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും, ഒരു പാകിസ്താനി പൗരനും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.