അനധികൃതമായി ഹൗസ് ഡ്രൈവര്‍ വിസ മാറിയ 27 പേര്‍ പിടിയില്‍

ദമ്മാം: ഹൗസ് ഡ്രൈവര്‍ വിസയിലുള്ളവര്‍ മറ്റു ജോലിയിലേക്ക് മാറാനുള്ള ഇളവ് നിര്‍ത്തലാക്കിയതിനു ശേഷവും അനധികൃതമായി ഇഖാമ മാറിയ അഞ്ചു ഇന്ത്യക്കാര്‍ അടക്കം 27 പേര്‍ കിഴക്കന്‍ പ്രവിശ്യയില്‍ പിടിയിലായി. എണ്ണായിരം മുതല്‍ പതിനാറായിരം റിയാല്‍ വരെ കൊടുത്തതാണ് ഇവരില്‍ പലരും പിന്‍വാതിലിലൂടെ ഇഖാമ മാറിയത്. പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും എട്ടുമാസം മുമ്പ് ഇഖാമ മാറിയവരാണ്. തമിഴ്നാട് സ്വദേശി ദിവാകരനെ കഴിഞ്ഞ ദിവസമാണ് ലേബര്‍ ഓഫിസ് അധികൃതര്‍ ജോലി സ്ഥലത്തു നിന്ന് പിടികൂടിയത്.
ഇദ്ദേഹം ആറ് മാസം മുമ്പാണ് എണ്ണായിരം റിയാല്‍ നല്‍കി ഹൗസ് ഡ്രൈവര്‍ വിസയില്‍നിന്ന് ലേബര്‍ വിസയിലേക്ക് മാറിയത്. ഇദ്ദേഹത്തിനൊപ്പം മൂന്ന് ഹൈദരാബാദ് സ്വദേശികളും പിടിക്കപ്പെട്ടു. ജവാസാത്ത് മുഖേന മാറിയവരാണ് പിടിക്കപ്പെടുന്നവര്‍ എല്ലാവരും. ജവാസാത്ത് വഴി മാറിയവരുടെ വ്യക്തി വിവരങ്ങള്‍ മക്തബുല്‍ അമല്‍ (ലേബര്‍ ഓഫീസ്) സംവിധാനത്തിലേക്ക് മാറാത്തതാണ് പ്രശ്നമെന്നാണ് ഈ മേഖലിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. തൊഴില്‍ വകുപ്പ് വഴി മാറിയവര്‍ ഈ പ്രശ്നം നേരിടുന്നില്ല.
 ഒന്നാം ഘട്ട  നിതാഖാത് നടപ്പാക്കുന്ന വേളയിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു ജോലിയിലേക്ക് മാറാനുള്ള അവസരം സൗദി സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് പ്രവാസികള്‍ മറ്റു പല തൊഴിലിലേക്ക്് മാറിയിരുന്നു. എന്നാല്‍ രണ്ടാംഘട്ട നിതാഖാത് നടപ്പാക്കിയതോടെ ഇളവ് എടുത്തുകളയുകയായിരുന്നു.
എന്നാല്‍, ഈ ഇളവ് കാലാവധി കഴിഞ്ഞതിന് ശേഷവും വിദേശ ഇടനിലക്കാര്‍ വഴി പണം വാങ്ങി അനധികൃതമായി ജോലി മാറ്റിക്കൊടുക്കുന്നത് തുടര്‍ന്നിരുന്നു. നിതാഖാതിന് ശേഷവും നിരവധി പേര്‍ ഗാര്‍ഹിക തൊഴില്‍ വിസയില്‍ സൗദിയിലേക്ക് പുതുതായി വരികയും ചെയ്തു.  ഈ അവസരമാണ് ഇടനിലക്കാര്‍ വന്‍ തോതില്‍ പണമുണ്ടാക്കാനുള്ള അവസരമായി ഉപയോഗിച്ചത്. ഇത്തരത്തില്‍ ജോലി മാറ്റിയെടുത്തവരാണ് ഇപ്പോള്‍ പിടിക്കപ്പെടുന്നവരില്‍ കൂടുതലുമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.
 പലര്‍ക്കും ഇത് നിയമവിരുദ്ധമാണെന്ന് പോലും അറിയില്ല. ഈ അജ്ഞതയാണ് ചൂഷണം ചെയ്യപ്പെടുന്നത്. നിയമവിരുദ്ധമായി ജോലി മാറിയവരെ കണ്ടത്തെുന്നതിന് വ്യാപകമായ അന്വേഷണം വരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

Tags:    
News Summary - House Driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.