ചരിത്രപെരുമയുടെ ‘ഹിറ ഗുഹ’ വിളിക്കുന്നു

മക്ക: ഖുർആൻ അവതരണത്തിന് നാന്ദി കുറിച്ച ഹിറാഗുഹ ചരിത്രത്തിൽ അതിന്‍റെ പെരുമ വിളിച്ചോതി കൂടുതൽ സന്ദർശകരെ ആകർഷിക്കുന്ന ഒരിടമായി മാറിയിരിക്കുകയാണ്. മക്കയിലെത്തുന്ന വിശ്വാസികൾ തങ്ങളുടെ ആത്മീയാനുഭവം മികവുറ്റതാക്കാനും പ്രവാചകൻ മുഹമ്മദിന്റെ കാൽ പാദങ്ങൾ പതിച്ച ഇടങ്ങൾ തൊട്ടറിയാനും മക്കയിലെ മസ്ജിദുൽ ഹറാമിൽനിന്നും നാല് കിലോമീറ്റർ അകലെയുള്ള ‘ജബലുന്നൂരി’ലെ ഗുഹ കാണാൻ രാപ്പകൽ ഭേദമില്ലാതെ എത്തുന്നു.

മക്കയിലെ ‘ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ്’ സന്ദർശകർക്കായി ഹിറ സന്ദർശിക്കാൻ ഇപ്പോൾ ഏകോപിത ടൂർ പാക്കേജുകൾ സംഘടിപ്പിക്കുന്നുണ്ട്. വിശ്വാസികൾക്ക് പ്രവാചക ചരിത്ര പഠനവും മേഖലയിലെ വിനോദ സഞ്ചാര, സാംസ്കാരിക, ആത്മീയ അനുഭവങ്ങളും മെച്ചപ്പെടുത്താൻ വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. പ്രത്യേക സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി സമഗ്രമായ സേവനങ്ങളാണ് അതോറിറ്റി നൽകുന്നത്.

 

ജബലുന്നൂർ പർവതകയറ്റത്തിന് മുമ്പ് തന്നെ ഹിറാഗുഹയുടെ ചരിത്രപരമായ പ്രാധാന്യവും സന്ദർശകനെ അറിവിന്റെ‍‍ യാത്രയിലേക്ക് ആനയിക്കുന്ന നൂതന ഓഡിയോ, വിഡിയോ സാങ്കേതിക വിദ്യയോടെ ഒരുക്കിയ പ്രദർശനവും ആസ്വദിക്കാം. പ്രത്യേക സൗകര്യങ്ങൾ ഉൾപ്പെടുത്തിയ പർവത പാതയിലൂടെ ഹിറ പർവതത്തിന്റെ കൊടുമുടിയിലേക്ക് കയറാം. മക്കയുടെ അത്യാകർഷകമായ പ്രകൃതിദൃശ്യങ്ങൾക്കും പനോരമിക് കാഴ്ചകൾക്കും ഇടയിൽ സുരക്ഷിതമായ യാത്രയാണ് ഉറപ്പാക്കുന്നത്. ‘ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ്’ ഒരുക്കുന്ന യാത്രാപാക്കേജുകൾ കൂടുതൽ മികവുറ്റതാണെന്ന് വിലയിരുത്തുന്നു.

സന്ദർശകരുടെ ലക്ഷ്യം നിറവേറ്റുന്നതും സൈറ്റിന്റെ ചരിത്രപരവും ആത്മീയവുമായ മൂല്യം എടുത്തുകാണിക്കുന്നതുമായ ഒരു സമഗ്ര അനുഭവമാക്കി മാറ്റുക എന്നതും പദ്ധതി വഴി ലക്ഷ്യമാക്കുന്നു. സന്ദർശകർക്കുള്ള വിവിധ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അനുബന്ധ സാംസ്കാരിക പരിപാടികൾ വിപുലീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഇപ്പോൾ കൂടുതൽ ഊർജിത മാക്കുകയാണെന്ന് ‘ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ്’ അതോറിറ്റി വ്യക്തമാക്കി.

 

ഹിറാ ഗുഹയിൽ ധ്യാനത്തിലിരിക്കെ ജിബ്രീൽ മാലാഖ പ്രവാചകന് ദൈവവചനത്തിന്റെ ആദ്യ സൂക്തങ്ങൾ ഓതിക്കേൾപ്പിച്ച ചരിത്ര പ്രസിദ്ധമായ ഇടം കാണാനാണ് തീർഥാടകർ എത്തുന്നത്. മുഹമ്മദ് നബിയുടെ നാൽപതാം വയസ്സിൽ പ്രവാചകത്വത്തിന് സാക്ഷ്യം വഹിച്ച ഇവിടെ നിരവധി സന്ദർശകരാണ് ചരിത്രം അയവിറക്കാനെത്തുന്നത്. മക്കയിലെ കുത്തഴിഞ്ഞ സാമൂഹിക ജീവിതം കണ്ട് മനം മടുത്ത മുഹമ്മദ് നബി ദിവ്യബോധനം ലഭിക്കുന്നതിന് മുമ്പുതന്നെ ഏകാന്തത തേടി ധ്യാനമിരുന്നത് ഇവിടെയാണ്.

ഈ ഏകാന്തവാസത്തിനിടെയാണ് ആദ്യമായി വിശുദ്ധ ഖുർആൻ അവതരിച്ചതെന്നാണ് ഇസ്‌ലാമിക വിശ്വാസം. ഇതോടെ ചരിത്രത്തിലെന്നും ഹിറാ ഗുഹ സ്‌മരിക്കപ്പെടുന്ന ഒരു പേരായി മാറി. സമുദ്ര നിരപ്പിൽ നിന്ന് 621 മീറ്റർ ഉയരത്തിലാണ് ഹിറ ഗുഹ സ്ഥിതിചെയ്യുന്നത്. ഹിറഗുഹയെ വിശ്വാസികൾക്ക് അനുഭവിപ്പിക്കുകയാണ് വിവിധ വികസന പദ്ധതികളിലൂടെ അധികൃതർ ലക്ഷ്യമാക്കുന്നത്.

Tags:    
News Summary - Hira Cave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.