റിയാദിൽ 100 കോടി റിയാൽ മുതൽമുടക്കിൽ കൂറ്റൻ ആശുപത്രി

റിയാദ്: സൗദി അറേബ്യയുടെ സ്വപ്ന നഗര പദ്ധതിയായ ‘ന്യൂ മുറബ്ബ’യിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ജനറൽ ആശുപത്രി നിർമിക്കുന്നു. സൗദി പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടിന് കീഴിലുള്ള ന്യൂ മുറബ്ബ ഡെവലപ്‌മെൻറ്​ കമ്പനിയും പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അൽ മാന മെഡിക്കൽ ഗ്രൂപ്പും തമ്മിലാണ് ഇത് സംബന്ധിച്ച പങ്കാളിത്ത കരാർ ഒപ്പുവെച്ചത്.

ഏകദേശം 100 കോടി റിയാൽ മുതൽമുടക്കിൽ നിർമിക്കുന്ന ഈ ആശുപത്രി, പ്രദേശത്ത് വരാനിരിക്കുന്ന വൻകിട നിക്ഷേപ സംരംഭങ്ങളിലെ ആദ്യത്തേതാണ്.

ലോകോത്തര നിലവാരത്തിലുള്ള സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും, തന്ത്രപ്രധാന പങ്കാളികളെ ആകർഷിക്കാനുമുള്ള ന്യൂ മുറബ്ബയുടെ ശേഷിക്കും നിക്ഷേപകർക്ക് ഈ പദ്ധതിയിലുള്ള വലിയ വിശ്വാസത്തിനുമുള്ള തെളിവാണ് പുതിയ സംരംഭം.

ആധുനിക രീതിയിൽ നിർമിക്കുന്ന ഈ ആശുപത്രിയിൽ 200 കിടക്കകളാണുണ്ടാവുക. അടിയന്തര ചികിത്സ നൽകുന്ന എമർജൻസി ആൻഡ് ട്രോമ കെയർ, ഫാമിലി മെഡിസിൻ, കുട്ടികളുടെയും നവജാതശിശുക്കളുടെയും സംരക്ഷണത്തിനായുള്ള പീഡിയാട്രിക്‌സ് ആൻഡ് നിയോനേറ്റോളജി, അസ്ഥിരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, നാഡീവ്യൂഹ രോഗവിഭാഗം തുടങ്ങി ഒട്ടനവധി പ്രധാന ചികിത്സാ വിഭാഗങ്ങളും സേവനങ്ങളും ഇവിടെ ലഭ്യമാകും. രാജ്യത്തി​െൻറ ‘ഹെൽത്ത് കെയർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം,’ ‘ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം’ എന്നിവയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും, ഒരു ആധുനിക നഗരത്തിൽ ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഈ പദ്ധതി സഹായിക്കും.

2,80,000-ത്തിലധികം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന രീതിയിലാണ് ‘ന്യൂ മുറബ്ബ’ എന്ന സമഗ്ര നഗരം രൂപകൽപ്പന ചെയ്യുന്നത്. ആശുപത്രികൾ, സ്കൂളുകൾ, മറ്റ് പൊതുസേവനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വലിയൊരു സംവിധാനമാണിത്. പുതിയ ആശുപത്രി വരുന്നതോടെ ഇവിടെ താമസിക്കുന്നവർക്കും സന്ദർശകർക്കും ആവശ്യമായ ഭാവി ആരോഗ്യ സംരക്ഷണം പൂർണമായി ഉറപ്പാക്കാൻ സാധിക്കും.

താമസസ്ഥലത്തുനിന്ന് ഇറങ്ങിയാൽ വെറും 15 മിനിറ്റിനുള്ളിൽ അവശ്യ സേവനങ്ങളെല്ലാം ലഭ്യമാകുന്ന ‘15-മിനിറ്റ് കമ്യൂണിറ്റി’ എന്ന ആശയത്തിലാണ് പദ്ധതിയുടെ ഓരോ അയൽപക്കങ്ങളും വികസിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യമേഖല.

രൂപകൽപ്പന ഘട്ടം പൂർത്തിയായി നിർമാണ ഘട്ടത്തിലേക്ക് കടക്കുന്ന ന്യൂ മുറബ്ബയിൽ വരും മാസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കുന്ന തന്ത്രപ്രധാന നിക്ഷേപങ്ങളിൽ ആദ്യത്തേതാണ് ഈ ആശുപത്രി പദ്ധതി എന്ന് ന്യൂ മുറബ്ബ ആക്ടിങ്​ സി.ഇ.ഒ എൻജി. സബാഹ് ബറകാത് പറഞ്ഞു. പ്രദേശത്തെ താമസക്കാരുടെ ജീവിതനിലവാരം ഉയർത്താനും സൗദിയുടെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെറുമൊരു റിയൽ എസ്​റ്റേറ്റ് നിക്ഷേപത്തിനപ്പുറം, ആരോഗ്യമേഖലയിലുള്ള തന്ത്രപ്രധാനമായ വലിയൊരു മുന്നേറ്റമാണിതെന്ന് അൽ മാന മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ അവാദ് അൽ ഒമരി ചൂണ്ടിക്കാട്ടി. ഈ പദ്ധതിയിലെ ആദ്യകാല നിക്ഷേപകരിലും പങ്കാളികളികളിലും ഒരാളാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂതന സൗകര്യങ്ങൾ നൽകിയും ശക്തമായ പങ്കാളിത്തങ്ങൾ ഉറപ്പാക്കിയും ദീർഘകാല സാമ്പത്തിക മൂല്യവും സുസ്ഥിര വളർച്ചയും കൈവരിക്കുന്ന ഒരു ലോകോത്തര നഗരമാക്കി ന്യൂ മുറബ്ബയെ മാറ്റുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

ഫോ​ട്ടോ: റിയാദിൽ 100 കോടി റിയാൽ മുതൽമുടക്കിൽ കൂറ്റൻ ആശുപത്രി നിർമിക്കുന്നതിനുള്ള കരാറിൽ ‘ന്യൂ മുറബ്ബ’, അൽ മാന ഗ്രൂപ്പ്​ ​പ്രതിനിധികൾ ഒപ്പിട്ടപ്പോൾ

Tags:    
News Summary - New General Hospital to Be Built in Riyadh's New Murabba Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-26 03:58 GMT