മിനായിൽ ഹാജിമാർക്ക് ഹൈടെക് സൗകര്യങ്ങൾ

മക്ക: ഹജ്ജിനെത്തിയ തീർഥാടകർ കൂടുതൽ ദിവസം തങ്ങുന്ന പുണ്യ പ്രദേശമായ മിനായിൽ താമസമടക്കം ഹൈടെക് സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. ദുൽഹജ്ജ് ഏഴിന് (ജൂലൈ ആറ്) രാത്രിയോടെ മിനായിലേക്ക് പുറപ്പെടുന്ന ഹാജിമാർ (ദുൽഹജ്ജ് ഒമ്പത് ഒഴികെ) 13-ാം തീയതി വരെയും ഇവിടെയാണ് പ്രാർഥനകളോടെ ചെലവഴിക്കുക. ഇത്തവണ ഹജ്ജിന് മൂന്ന് വിഭാഗം തമ്പുകളാണ് മിനായിൽ ഹാജിമാർക്കായി ഒരുങ്ങുന്നത്. കോവിഡ് കാലത്ത് നടന്ന ഹജ്ജിൽ മിനായിലെ കെട്ടിട സമുച്ചയത്തിൽ ഹാജിമാരെ പാർപ്പിച്ചിരുന്നു. ഇത്തവണയും ഹാജിമാർക്ക് ഇവയിൽ താമസസൗകര്യം ഒരുക്കുന്നുണ്ട്.


 


അതോടൊപ്പം സാധാരണ തമ്പുകൾ, മക്ക മശാഇര്‍ റോയൽ കമീഷന് കീഴിലെ കിദാന കമ്പനി നിർമിച്ച നൂതന സാ​ങ്കേതിക സൗകര്യങ്ങളോട് കൂടിയ പുതിയ തമ്പുകൾ എന്നിങ്ങനെയാണ് ഹാജിമാർക്ക് താമസസൗകര്യം ഒരുക്കുന്നത്. ഇതിൽ കിദാന കമ്പനി ഒരുക്കുന്ന തമ്പുകളിൽ പ്രത്യേകതകൾ ഏറെയാണ്. ആഡംബര ഹോട്ടലോളം പോന്ന രീതിയിൽ ഒരുക്കിയതാണ് ഈ തമ്പുകൾ. 21 തീർഥാടകർക്ക് വീതം താമസിക്കാൻ കഴിയുംവിധം വിശാലമാണ്. തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും അതിലുണ്ടാകും. ഓരോ തീർഥാടകനും പ്രത്യേകം പ്രകാശിപ്പിക്കാവുന്ന ലൈറ്റുകൾ, ഇലക്ട്രിക് സോക്കറ്റുകൾ, മുമ്പത്തേതിൽനിന്നും വ്യത്യസ്തമായി തമ്പുകൾക്ക് ഷീറ്റിനു പകരം പെട്ടന്ന് തീപിടിക്കാത്ത വസ്തുക്കൾ കൊണ്ട് നിർമിച്ച ചുവരുകളാണ് ഉള്ളത്. മിനായിലെ ശക്തമായ ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളതാണ് ഈ ഭിത്തികൾ. എൽജി, സാമില്‍ എന്നീ കമ്പനികളുടെ പുതിയ മോഡൽ എയർകണ്ടീഷണറുകളാണ് തമ്പുകളിൽ ഘടിപ്പിച്ചിട്ടുള്ളത്. ഇത് തമ്പുകൾക്കുള്ളിൽ സുഖകരമായ അന്തരീക്ഷം ഒരുക്കും. ഇതെല്ലാം ചേരുമ്പോൾ തീർഥാടകരുടെ താമസം ഹൈടെക് ആക്കും.

ആധുനികോത്തര സൗകര്യമൊരുക്കുന്ന പദ്ധതിയുടെ 20 ശതമാനമാണ് ഇത്തവണ ഹജ്ജ് വേളയിൽ തീർഥാടകർക്ക് ഉപയോഗപ്പെടുത്താൻ കഴിയുക. വരുംവർഷങ്ങളിൽ കൂടുതൽ തീർഥാടകർക്ക് ഇത്തരം തമ്പുകൾ ഉണ്ടാകും. ഇത് കൂടാതെ മിനായിലെ ശുചിമുറികളും ടോയ്‌ലറ്റുകാളും പുതുതായി നിർമിച്ച മികച്ച സൗകര്യം ഉള്ളവയാണ്. ഹാജിമാർക്ക് കുളിക്കാനും അംഗസ്നാനം (വുദു) നടത്താനും സൗകര്യം പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഭക്ഷണം പാകം ചെയ്യാൻ ഇരുനില കെട്ടിടങ്ങളും പുതുതായി നിർമിച്ചിട്ടുണ്ട്. ഇതിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാനും തൊഴിലാളികൾക്ക് താമസിക്കാനും പ്രത്യേകം സൗകര്യങ്ങൾ ഉണ്ടാവും.

Tags:    
News Summary - High Tech Facility for haj Pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.