പ്രേക്ഷകർ തിങ്ങിനിറഞ്ഞ മെഗാഷോയുടെ സദസ്സ്
ജിദ്ദ: വമ്പിച്ച ആവേശത്തോടെയാണ് ജിദ്ദയിലെ മലയാളി സമൂഹം ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രണ്ട്’ ആപ്പും സംയുക്തമായി സംഘടിപ്പിച്ച ‘ഹാർമോണിയസ് കേരള’ മെഗാ ഉത്സവത്തെ നെഞ്ചേറ്റിയത്. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് സംഗീതരാവ് ആസ്വദിക്കാനെത്തിയവരെല്ലാം നിറഞ്ഞ സന്തോഷത്തോടെയാണ് നഗരി വിട്ടുപോയത്. സൗദിയിൽ പൊതുവേദികളിൽ കലാപ്രകടനങ്ങൾ നടത്താൻ അവസരം കിട്ടിയ ജനപ്രിയ കലാകാരന്മാരും അവരുടെ മനസ്സുനിറഞ്ഞ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.
വിജയപ്രദമായ വലിയ പരിപാടിയായെന്നും മികവുറ്റ സംഘാടനവും ജനപ്രിയ കലാകാരന്മാരുടെ സാന്നിധ്യവുമാണ് മലയാളി പ്രവാസികൾ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണിത് മറ്റു ഇവൻറുകളിൽനിന്ന് വ്യത്യസ്തമായി വൻ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായതെന്നും ജിദ്ദ നാഷനൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി പറഞ്ഞു. പരിപാടികൾ ഏറെ മികവ് പുലർത്തിയെന്നും അതിെൻറ സംഘാടനവും ഏകോപനവും കുറ്റമറ്റതായിരുന്നെന്നും ജിദ്ദ നവോദയ യാംബു ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് പറഞ്ഞു.
അതിരുകളില്ലാത്ത മാനവികതയുടെ സ്നേഹോത്സവം അക്ഷരാർഥത്തിൽ പുലർന്നുകണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നും ജിദ്ദയുടെ കണ്ണും കാതും ഹൃദയവും കവർന്നുകഴിഞ്ഞെന്നും എഴുത്തുകാരനും നിരീക്ഷകനുമായ ജിദ്ദയിലെ നസീർ വാവാക്കുഞ്ഞ് ചൂണ്ടിക്കാട്ടി. ഇത്തരം ജനകീയ ആഘോഷങ്ങൾ മനുഷ്യരെ ഒന്നിപ്പിക്കാൻ സഹായകമാകുമെന്നും ഒന്നിച്ചിരിക്കാനും ഉള്ളുതുറന്നു ചിരിക്കാനും കഴിയുമ്പോൾ മാനവികതയുടെ വസന്തം തീർക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനപ്രിയ കലാകാരന്മാരുടെ പ്രകടനം സൗദിയിൽനിന്ന് ആദ്യമായി നേരിൽകാണാൻ കഴിഞ്ഞത് പ്രവാസജീവിതത്തിൽ മറക്കാനാവാത്ത നല്ലൊരു അനുഭവമായി മനസ്സിൽ സൂക്ഷിക്കുമെന്നും ‘ഗൾഫ് മാധ്യമം’ ഇങ്ങനെ മെഗാ ഇവൻറുകൾ സംഘടിപ്പിക്കുമ്പോൾ പ്രവാസിസമൂഹം ഇനിയും അത് നെഞ്ചേറ്റുമെന്നും യാംബുവിൽനിന്നുള്ള എൻജി. അൻവർ കരുനാഗപ്പള്ളി അഭിപ്രായപ്പെട്ടു.
മലയാളി പ്രവാസികൾക്കുപുറമെ സ്വദേശികളായ ചിലരും വമ്പിച്ച ആവേശത്തോടെ പരിപാടി ആസ്വദിക്കുന്ന കാഴ്ച നഗരിയിൽ കാണാനായി. സെക്യൂരിറ്റി വിഭാഗത്തിൽപെട്ട മിക്കവരും പരിപാടിയിൽ നന്നായി ഹർഷാരവം മുഴക്കി വരവേൽക്കുന്നതായി കണ്ടു. മലയാളി സമൂഹത്തിെൻറ പരിപാടിയായതിനാൽ തങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഒരു പ്രയാസവും ഉണ്ടായിട്ടില്ലെന്നും അച്ചടക്കമുള്ള നല്ലൊരു സമൂഹമാണ് മലയാളികളെന്നും സെക്യൂരിറ്റി വിഭാഗത്തിൽ സേവന സന്നദ്ധനായി നഗരിയിലെത്തിയ സ്വദേശി പൗരൻ അബ്ദുറഹ്മാൻ അന്നാശിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.