ഹജ്ജ്​ രജിസ്​ട്രേഷൻ നടപടികൾ പൂർത്തിയായി; തീർഥാടകരെ സ്വീകരിക്കാൻ നാല്​ കേന്ദ്രങ്ങൾ

ജിദ്ദ: ഈ വർഷത്തെ ഹജ്ജ്​ രജിസ്​ട്രേഷൻ നടപടികൾ പൂർത്തിയായതായി സൗദി ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 13 ന്​ ആരംഭിച്ച രജിസ്​ട്രേഷൻ നടപടികൾ രണ്ട്​ ഘട്ടങ്ങളായാണ്​ പൂർത്തിയാക്കിയത്​. ഹജ്ജിനു നിശ്ചയിച്ച വ്യവസ്ഥകളും ആരോഗ്യ നിയന്ത്രങ്ങളും പാലിച്ച രാജ്യത്തെ പൗരന്മാരും വിദേശികളുമായ 60,000 പേരെയാണ്​ തെരഞ്ഞെടുത്തിരിക്കുന്നത്​. ഇവർക്ക്​ ഹജ്ജ്​ അനുമതി പത്രം ഇഷ്യു ചെയ്തിട്ടുണ്ട്​. തെരഞ്ഞെടുക്കപ്പെട്ട വിദേശികൾ 150 ഓളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണെന്നും ഹജ്ജ്​ മന്ത്രാലയം വ്യക്തമാക്കി.

ദുൽഹജ്ജ്​ ഏഴ്​, എട്ട്​ തീയതികളിലായി തീർഥാടകർ മക്കയിലെത്തും. മക്കയിലെത്തുന്നവരെ സ്വീകരിക്കാൻ നാല്​ കേന്ദ്രങ്ങളുണ്ടാകും. സ്വീകരണ കേന്ദ്രങ്ങളിലെത്തുന്ന തീർഥാടകരെ ആദ്യം ബസുകളിൽ ആഗമന ത്വവാഫിനായി മസ്ജിദുൽ ഹറാമിലേക്കു കൊണ്ട്​ പോകും. അതിനു ശേഷമായിരിക്കും മിനയിലേക്ക്​ തിരിക്കുക.

ഹജ്ജ്​ രജിസ്ട്രേഷന്റെ ആദ്യ ഘട്ടത്തിൽ 5,58,270 പേർ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിരുന്നതായി ഹജ്ജ്​ ഉംറ സഹമന്ത്രി ഡോ. അബ്​ദുൽ ഫത്താഹ്​ മുശാത്​ പറഞ്ഞു. ജൂലൈ ഒമ്പത്​ വ്യാഴാഴ്​ച ഹജ്ജ്​ രജിസ്​ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായി. പ്രായപരിധി അനുസരിച്ച്​ മുമ്പ്​ ഹജ്ജ്​ ചെയ്യാത്തവർക്കാണ്​ മുൻഗണന നൽകിയതെന്നും ഹജ്ജ്​ ഉംറ സഹ മന്ത്രി പറഞ്ഞു. ഈ വർഷത്തെ ഹജ്ജിനു​ യോഗ്യത​ നേടുകയും അനുമതി പത്രം ലഭിക്കുകയും ചെയ്​തവർ ആരോഗ്യ മുൻകരുതൽ പാലിച്ച്​ ഏറ്റവും അടുത്ത മെഡിക്കൽ കേന്ദ്രത്തിലെത്തി കോവിഡ്​ കുത്തിവെപ്പ്​ രണ്ടാം ഡോസ്​ എടുത്തിരിക്കണം. ഇതിനു മുൻകുട്ടി ബുക്കിങ് ആവശ്യമില്ലെന്നും ഹജ്ജ്​ ഉംറ സഹമന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.