മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി കരമാർഗമുള്ള തീർഥാടകരുടെ പ്രവാഹം ആരംഭിച്ചു. വടക്കൻ അതിർത്തിയിലെ അറാർ ജദീദ് അതിർത്തി വഴി ഇറാഖിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം സൗദിയിൽ പ്രവേശിച്ചു.
അതിർത്തിയിലെത്തിയ തീർഥാടകരെ പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്വീകരിക്കുകയും യാത്രാ നടപടികൾ അതിവേഗം പൂർത്തിയാക്കുകയും ചെയ്തു. അറാർ ജദീദ് അതിർത്തിയിൽ തങ്ങൾക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിനും ആരോഗ്യസേവനമുൾപ്പെടെയുള്ള സൗകര്യങ്ങൾക്കും ഇറാഖി തീർഥാടകർ സൗദി ഭരണകൂടത്തോടു നന്ദി രേഖപ്പെടുത്തി.
ഇത്തവണ ഈ അതിർത്തി വഴി ഏകദേശം 40,000 ഇറാഖി തീർഥാടകർ എത്തുമെന്നാണ് കണക്കാക്കുന്നത്. പ്രതിദിനം 1,500 പേർ വീതം ഈ പാതയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കും.
ഇറാഖിന് പുറമെ, മറ്റ് അയൽരാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരും വരും ദിവസങ്ങളിൽ കരമാർഗം എത്തിത്തുടങ്ങും. ഇതിനായി വിവിധ അതിർത്തി കവാടങ്ങളിൽ അതത് ഗവർണറേറ്റുകളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കമാണ് പൂർത്തിയാക്കിയിരിക്കുന്നത്.
തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ഗതാഗതം, ലോജിസ്റ്റിക്സ് പിന്തുണ എന്നിവക്ക് പുറമെ മികച്ച സുരക്ഷാ-ആരോഗ്യ സംവിധാനങ്ങളും അതിർത്തികളിൽ സജ്ജീകരിച്ചിട്ടുണ്ട്.
റൗദാ സന്ദർശനം; മുൻകൂട്ടി അനുമതി തേടണമെന്ന് ഹജ്ജ് മന്ത്രാലയം
മദീന: മദീനയിലെ റൗദ ശരീഫ് സന്ദർശിക്കാനാഗ്രഹിക്കുന്ന തീർഥാടകർ ‘നുസുക്’ ആപ്പ് വഴി മുൻകൂട്ടി പെർമിറ്റുകൾ കരസ്ഥമാക്കണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സന്ദർശനം കൂടുതൽ സുഗമമാക്കുന്നതിനും തീർഥാടകർക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ ആരാധനകൾ പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് നടപടിക്രമങ്ങൾ ഏകീകരിച്ചിരിക്കുന്നത്. മദീനയിലെത്തുന്നതിന് മുമ്പ്തന്നെ ഔദ്യോഗിക പെർമിറ്റുകൾ നേടി സന്ദർശന സമയം ഷെഡ്യൂൾ ചെയ്യണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിനും നിശ്ചിത സമയത്തിന് 30 മിനിറ്റ് മുൻപ് തന്നെ തീർഥാടകർ നിശ്ചയിക്കപ്പെട്ട കവാടങ്ങളിൽ എത്തിച്ചേരേണ്ടതാണ്.
പ്രവേശന കവാടങ്ങളിൽ അധികൃതർ പെർമിറ്റുകൾ പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതവും സംഘടിതവുമായ രീതിയിൽ കർമങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതിനുമാണ് മന്ത്രാലയം മുൻഗണന നൽകുന്നത്.
2026ലെ ഹജ്ജ് സീസണിെൻറ ഭാഗമായി മദീനയിലെത്തുന്ന തീർഥാടകർ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.