മക്ക: ഹജ്ജിന്റെ സുപ്രധാന കർമങ്ങൾ തുടങ്ങാൻ ഒരുദിനം ബാക്കി നിൽക്കേ ഹാജിമാർ മിനായിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. 18 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുക. ഹാജിമാരെ സ്വീകരിക്കാനായി പുണ്യനഗരികൾ ഒരുങ്ങി. ഹജ്ജിന്റെ ആദ്യ ദിനം തീർഥാടകർ താമസിക്കുന്നത് മിനായിലാണ്. അല്ലാഹുവിന്റെ അതിഥികളെ വരവേൽക്കാൻ ഓരോ വർഷവും ഹജ്ജ് മാസം ലോകത്തിലെ ഏറ്റവും വലിയ തമ്പുകളുടെ നഗരം അണിഞ്ഞൊരുങ്ങും.
25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനായിൽ രണ്ട് ലക്ഷത്തോളം തമ്പുകൾ ഉണ്ട്. ഇത്തവണ മിനാ ടവറിനു പുറമേ കിദാന ടവറുകളിലും തീർഥാടകർക്ക് താമസസൗകര്യം ഉണ്ട്. ഹൈടെക് സംവിധാനങ്ങളുള്ള ടവറുകളിൽ ഹോട്ടലിന് സമാനമാണ് സൗകര്യങ്ങൾ. കിദാന കമ്പനി നിർമിച്ച ടവറിൽ 30,000 തീർഥാടകർക്ക് താമസിക്കാൻ കഴിയും.
തമ്പുകളും കൂടുതൽ മികവോടെ ഒരുക്കിയിട്ടുണ്ട്. കിച്ചണുകളും ടോയ്ലറ്റ് സൗകര്യവും പുതുതായി പണിതിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുതലാണ് മിനായിലെ തമ്പുകളിലേക്ക് തീർഥാടകർ എത്തുക. വ്യാഴാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. മിനായിൽ ഒരു ദിവസം രാപ്പാർത്ത ശേഷം തീർഥാടകർ അറഫ മൈതാനിയിലേക്ക് നീങ്ങും. ഒരു പകൽ മുഴുവൻ അറഫയിൽ കഴിച്ചുകൂട്ടി, മുസ്ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസം രാപ്പാർത്താണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കുക.
ഹജ്ജ് കർമങ്ങൾ തുടങ്ങാനിരിക്കെ മക്ക മനുഷ്യസാഗരമായി മാറുകയാണ്. 17 ലക്ഷത്തോളം വിദേശ ഹാജിമാർ മക്കയിൽ എത്തി. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകർ ബുധനാഴ്ച വൈകുന്നേരത്തോടെ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.